
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനി ടിക്ടോക് താരം സന യൂസഫ് എന്ന 17 -കാരി വെടിയേറ്റ് മരിച്ചതായിട്ടുള്ള വാർത്ത പുറത്ത് വന്നത്. ജൂൺ രണ്ടിന് ഇസ്ലാമാബാദിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടന്നത്.
ഇപ്പോഴിതാ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ വേദനയാണ് ഇത് അവളുടെ ഫോളോവർമാരടക്കമുള്ള നെറ്റിസൺസിൽ ഉണ്ടാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ഡങ്കിയിലെ 'ലുട്ട് പുട്ട് ഗയ' എന്ന പാട്ടോട് കൂടിയാണ് വീഡിയോയുള്ളത്.
ബ്രൗൺ സ്കർട്ടും ഷർട്ടുമായിരുന്നു സനയുടെ വേഷം. പിറന്നാൾ കേക്ക് മുറിക്കുന്നതും കൂട്ടുകാരെ കാണുന്നതും റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു. അതിമനോഹരമായ പിറന്നാൾ വീഡിയോ അവളുടെ ആരാധകർക്ക് ഇപ്പോൾ സമ്മാനിക്കുന്നത് കടുത്ത വേദനയാണ്. അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നടക്കം വേദന നിറഞ്ഞ അനേകം കമന്റുകളാണ് ഇപ്പോൾ വീഡിയോയ്ക്ക് താഴെ വരുന്നത്.
യുഎസ്എ ടുഡേയിലെ റിപ്പോർട്ട് പ്രകാരം, മെയ് 29 -നായിരുന്നു സന തന്റെ ജന്മദിനം ആഘോഷിച്ചത്. ദാരുണമായ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവൾ ആഘോഷത്തിന്റെ വീഡിയോ ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലായി ഒരു മില്ല്യണിൽ അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു സനയ്ക്ക്. ആരാധകർക്ക് ഇപ്പോഴും അവളുടെ വിയോഗം വിശ്വസിക്കാൻ സാധിച്ചിട്ടില്ല.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ് സന. സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നതിനാൽ തന്നെ സനയ്ക്ക് ബന്ധുക്കളിൽ നിന്നടക്കം എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. അതിനാൽ തന്നെ ആദ്യം ഇത് ദുരഭിമാനക്കൊലയാണ് എന്ന സംശയങ്ങൾ ഉയർത്തിയിരുന്നു. പിന്നീട് അവളുടെ കൊലപാതകിയായ 22 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 3 -ന് നടന്ന പത്രസമ്മേളനത്തിൽ ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ (ഐജി) സയ്യിദ് അലി നാസിർ റിസ്വി പറഞ്ഞത്, സൗഹൃദം നിരസിച്ചതിനെയും അവഗണിച്ചതിനെയും തുടർന്നാണ് സനയെ 22 -കാരനായ ഉമർ ഹയാത്ത് കൊലപ്പെടുത്തിയത് എന്നാണ്.
സനയുമായി സൗഹൃദം സ്ഥാപിക്കാൻ ഹയാത്ത് ആഗ്രഹിച്ചിരുന്നു. മെയ് 29 -ന് അവളുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനും ഹയാത്ത് എത്തിയിരുന്നു. അയാൾ നിരന്തരം അവളെ കാണാനും സംസാരിക്കാനും ശ്രമിച്ചു. ഏഴെട്ട് മണിക്കൂർ കാത്തിരുന്നു. പിന്നീടാണ് അയാൾ ഈ ക്രൂരകൃത്യം ചെയ്തത് എന്നും പൊലീസ് പറയുന്നു.