ആറ് വര്‍ഷം മുമ്പ് ഗോള്‍ഗപ്പ കഴിച്ചപ്പോള്‍ താടിയിലൊരു പിടിത്തം. വായ അടക്കാനായില്ല. ഒരുവിധത്തില്‍ വായ അടച്ചു. പിന്നീടിങ്ങോട്ട് ഓരോ തവണയും ഭക്ഷണം കഴിക്കുമ്പോള്‍ പ്രശ്നം തന്നെ. ഡോക്ടറെ കാണിച്ചപ്പോള്‍ പറഞ്ഞത്, സര്‍ജറിയല്ലാതെ ഇനിയൊരു വഴിയില്ലെന്ന്. 

ആറ് വർഷം മുമ്പ് ​കഴിച്ചൊരു ​ഗോൾ​ഗപ്പയുണ്ടാക്കിയ ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു യുവതി. 2019 -ൽ ​ഗോൾ​ഗപ്പ കഴിച്ചപ്പോഴുണ്ടായ പ്രശ്നം പരിഹരിക്കാൻ ആറ് വർഷങ്ങൾക്ക് ശേഷം അവർക്ക് ശസ്ത്രക്രിയ വേണ്ടി വരികയായിരുന്നു. അഭിഹ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. അന്ന് ​ഗോൾ​ഗപ്പ കഴിച്ചതിന് പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങളുടെ പരമ്പര തന്നെയുണ്ടായി എന്നാണ് അഭിഹ കുറിച്ചിരിക്കുന്നത്.

ആറ് വർഷങ്ങൾക്ക് മുമ്പ് ​ഗോൾ​ഗപ്പ കഴിക്കാൻ‌ വായ തുറന്നതിന് പിന്നാലെ യുവതിക്ക് വായ അടക്കാൻ കഴിയാതെ വരികയായിരുന്നത്രെ. എന്നാൽ, അന്ന് എങ്ങനെയൊക്കെയോ അവൾ തന്റെ വായ അടച്ചു. എന്നാൽ, പിന്നീടിങ്ങോട്ട് വായ അടക്കാനും തുറക്കാനും ചില ബുദ്ധിമുട്ടുകളെല്ലാം അനുഭവിക്കേണ്ടി വന്നു. മാത്രമല്ല, വായ അടക്കുമ്പോഴും തുറക്കുമ്പോഴും പ്രത്യേകം ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി. എന്നാൽ, അത് ചെറിയ പ്രശ്നമായി കണ്ട് അവ​ഗണിക്കുകയാണ് അഭി​ഹ ചെയ്തത്. പക്ഷേ, ആറ് വർഷങ്ങൾക്ക് ശേഷം ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറ‍ഞ്ഞത്, ഇനി സർജറി അല്ലാതെ മറ്റൊരു മാർ​ഗമില്ല ഇത് പരിഹരിക്കാൻ എന്നാണത്രെ. മാത്രമല്ല, ചെറിയ ആരോ​ഗ്യ പ്രശ്നങ്ങളാണ് എന്ന് കരുതി ഒന്നും നിസ്സാരമായി അവ​ഗണിക്കരുത് എന്നാണ് അഭിഹ പറയുന്നത്.

Scroll to load tweet…

നിരവധിപ്പേരാണ് അഭിഹയുടെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. അവൾക്കുണ്ടായത്, ടെമ്പോറോമാണ്ടിബുലാർ ജോയിന്റ് ഡിസോർഡർ (TMJ Disorder -താടിയെല്ല് ലോക്കാവുകയും മറ്റും ചെയ്യുന്ന അവസ്ഥ) എന്ന അവസ്ഥ ആയിരുന്നിരിക്കാം എന്ന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. വായ തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും നിരവധിപ്പേരാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ, ഒന്നിനെയും നിസ്സാരമായി അവ​ഗണിക്കരുത് എന്നും അനേകങ്ങൾ അഭിപ്രായപ്പെട്ടു.