മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിടേണ്ടി വന്ന ഇന്ത്യൻ ദമ്പതികൾക്ക് 1.8 കോടി രൂപ നഷ്ടപരിഹാരം നൽകി അമേരിക്കൻ സർവകലാശാല. സർവകലാശാലയിലെ ഒരു മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതിന് പിന്നാലെ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ ദമ്പതികൾക്ക് 200,000 ഡോളർ (1,80,70,270) നഷ്ടപരിഹാരം നൽകി യൂണിവേഴ്സിറ്റി. കൊളറാഡോ ബൗൾഡർ സർവകലാശാലയിൽ പിഎച്ച്‍ഡി ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥിക്കും പങ്കാളിക്കുമാണ് 1.8 കോടി നഷ്ടപരിഹാരം നൽകിയിരിക്കുന്നത്. സർവകലാശാലയിൽ പൊതുവായി സ്ഥാപിച്ചിരിക്കുന്ന മൈക്രോവേവിൽ ഇന്ത്യൻ ഭക്ഷണം ചൂടാക്കിയതിന് പിന്നാലെ വിദ്യാർത്ഥിയെ ഒരു സ്റ്റാഫംഗം എതിർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സർവകലാശാലയിൽ തങ്ങൾ വേട്ടയാടപ്പെട്ടതായി ആദിത്യ പ്രകാശ് എന്ന വിദ്യാർത്ഥിയും ഭാര്യ ഉർമി ഭട്ടാചര്യയും അവകാശപ്പെട്ടു.
2025 സെപ്റ്റംബറിൽ, ദമ്പതികൾക്ക് $200,000 നൽകാനും സംഭവത്തെ തുടർന്ന് തടഞ്ഞുവച്ചിരിക്കുന്ന മാസ്റ്റേഴ്സ് ബിരുദങ്ങൾ നൽകാനും സർവകലാശാല സമ്മതിച്ചു. 2023 സെപ്റ്റംബർ 5 -നാണ് ഇതിനെല്ലാം ആസ്പദമായ സംഭവം നടന്നത്. അന്ന് നരവംശ ശാസ്ത്ര വിഭാഗത്തിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു പ്രകാശ്. യൂണിവേഴ്സിറ്റിയിൽ ചേർന്നിട്ട് ഒരു വർഷം ആയതേ ഉണ്ടായിരുന്നുള്ളൂ. സർവകലാശാലയിലെ ഒരു മൈക്രോവേവിൽ പാലക് പനീർ ചൂടാക്കിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ആ സമയത്ത് അതുവഴി വന്ന ഒരു സ്റ്റാഫംഗം പാലക് പനീറിന്റെ മണം അസഹനീയമാണ് എന്നും ഇനി അത് എല്ലാവരും ഉപയോഗിക്കുന്ന മൈക്രോവേവിൽ ചൂടാക്കാൻ പാടില്ലെന്നും പ്രകാശിനോട് പറയുകയായിരുന്നു. എന്നാൽ, താൻ കഴിക്കുന്ന ഭക്ഷണം ചൂടാക്കിയതാണ് എന്നും, ചൂടാക്കി കഴിഞ്ഞാൽ താൻ പോയേക്കാമെന്നും, ഇത് എല്ലാവർക്കുമുള്ള സൗകര്യമാണ് എന്നും പ്രകാശ് തിരിച്ചുപറഞ്ഞു. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ, തങ്ങൾക്ക് നേരെ വംശീയമായ വേർതിരിവും അധിക്ഷേപവുമുണ്ടായി എന്നാണ് ദമ്പതികൾ പറയുന്നത്. അധികൃതർ തങ്ങളെ വേട്ടയാടി എന്നും ബിരുദങ്ങൾ തടഞ്ഞുവയ്ക്കുകയും പിഎച്ച്ഡി ചെയ്യുകയായിരുന്ന ഉർമിയെ ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തുവെന്നും ഇവർ പറയുന്നു. മാത്രമല്ല, ഇവിടെ പിടിച്ചുനിൽക്കാൻ സാധിക്കാത്തവിധമായിരുന്നു അധികൃതരുടെയും മറ്റും പെരുമാറ്റമെന്നും ഇവർ ആരോപിക്കുന്നു.
പിന്നീട്, വംശീയധിക്ഷേപം ചൂണ്ടിക്കാട്ടി ദമ്പതികൾ യൂണിവേഴ്സിറ്റിക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് അനുകൂലമായി വിധി വന്നതോടെ സർവകലാശാല ഇവരുടെ നഷ്ടപരിഹാരം നൽകി. എന്നാൽ, ഇനിയങ്ങോട്ട് സർവകലാശാലയിൽ ഇവർക്ക് ഒരുതരത്തിലും പ്രവേശനം നൽകില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്. അതേസമയം, സംഭവത്തോടെ ഇന്ത്യയിലേക്ക് തിരികെ വന്ന ദമ്പതികൾ പറയുന്നത് അങ്ങോട്ട് ഇനി തിരികെ പോകാനും അത്തരത്തിൽ ഒരു സാഹചര്യം നേരിടാനും ഒരു താല്പര്യവുമില്ല എന്നാണ്.
