വളർത്തുനായയുടെ ആക്രമണം, സ്ത്രീ മരിച്ചു, പിറ്റ് ബുൾ അപകടകാരിയോ

By Web TeamFirst Published Jul 18, 2022, 3:53 PM IST
Highlights

നായയെ പുറത്താക്കാൻ അവർ പാടുപെട്ടു. നായ്ക്കൾ കുരയ്ക്കുന്നതും സുശീല സഹായത്തിനായി നിലവിളിക്കുന്നതും സമീപവാസികൾ കേട്ടിരുന്നു. അവരുടെ കരച്ചിൽ കേട്ട്, അയൽവാസികൾ വീടിനുള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിരുന്നത് കൊണ്ട് അകത്ത് കയറാൻ സാധിച്ചില്ല.  

പിറ്റ്ബുളുകളും അവയുടെ മറ്റ് ഇനങ്ങളും ദത്തെടുത്തതിന് ശേഷം കൂടുതലായും ഉപേക്ഷിക്കപ്പെടുന്നുവെന്ന് ഇന്ത്യാ ടുഡേ അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അവ വീട്ടുകാർക്ക് നേരെ തിരിയാമെന്നും, പലപ്പോഴും അക്രമാസക്തമായി പെരുമാറാമെന്നുമുള്ള ഭയമാണ് അതിന് പിന്നിൽ. കഴിഞ്ഞയാഴ്ച ഇതുപോലെ ലഖ്‌നൗവിലെ കൈസർബാഗ് പരിസരത്ത്, വീട്ടിലെ അമേരിക്കൻ പിറ്റ് ബുളിന്റെ ആക്രമണത്തെ തുടർന്ന് ഒരു വൃദ്ധ മരണപ്പെട്ടു. വിരമിച്ച അധ്യാപികയായ സുശീല ത്രിപാഠിയയാണ് അവരുടെ വളർത്തുനായുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ടത്. മരിക്കുമ്പോൾ അവർക്ക് 82 വയസ്സായിരുന്നു.  

സുശീലയുടെ മകൻ അമിത് ത്രിപാഠിയാണ് നായയെ വീട്ടിൽ കൊണ്ട് വന്നത്. അതിനെ കൂടാതെ അവർക്ക് ഒരു ലാബ്രഡോർ കൂടിയുണ്ട്. അമിത് ഒരു ഫിറ്റ്‌നസ് പരിശീലകനാണ്. മൂന്ന് വർഷം മുൻപാണ് ബ്രൗണി എന്ന പിറ്റ്ബു‍ളിനെ അവർ ദത്തെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സുശീല വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. വീടിനകത്ത് കയറിവന്ന നായയുടെ ആക്രമണത്തെ തുടർന്ന് അവർക്ക് നിരവധി പരിക്കുകളുണ്ടായി. നായയെ പുറത്താക്കാൻ അവർ പാടുപെട്ടു. നായ്ക്കൾ കുരയ്ക്കുന്നതും സുശീല സഹായത്തിനായി നിലവിളിക്കുന്നതും സമീപവാസികൾ കേട്ടിരുന്നു. അവരുടെ കരച്ചിൽ കേട്ട്, അയൽവാസികൾ വീടിനുള്ളിൽ കയറാൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിരുന്നത് കൊണ്ട് അകത്ത് കയറാൻ സാധിച്ചില്ല.  

ബഹളം കേട്ട് വീട്ടിലെ ജോലിക്കാരൻ ടെറസ് വഴി നോക്കുമ്പോൾ, വയറിലും മുഖത്തും കൈയിലും മുറിവുകൾ പറ്റി സുശീല നിലത്ത് കിടക്കുന്നതാണ് കണ്ടത്. അയാൾ അകത്ത് കടന്ന് നായ്ക്കളെ തടയാൻ ശ്രമിച്ചുവെങ്കിലും, സാധിച്ചില്ല. ഒടുവിൽ അമിതിനെ വിളിച്ച് വരുത്തുകയായിരുന്നു. മകൻ വീട്ടിലെത്തി സുശീലയെ ബൽറാംപൂർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപതിയിൽ വച്ച് അവർ മരണപ്പെട്ടു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം നായയെ മുനിസിപ്പൽ കോർപ്പറേഷൻ കൊണ്ട് പോയി. 

In UP's Lucknow, a gym trainer's 80-year-old mother was mauled to death by their pet dog- a pitbull. The dog was taken away by the Nagar Nigam team today. Amit, the owner, drops the dog in the Nagar Nigam van. pic.twitter.com/Mhp7aScPZ8

— Piyush Rai (@Benarasiyaa)

 

നായയുടെ ഉടമ അതിനെ വാനിൽ ഉപേക്ഷിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാം. വേട്ടയാടാൻ ഉപയോഗിക്കുന്ന പിറ്റ്ബു‍ൾ എന്ന ഇനത്തെ വളർത്തുമൃഗമായി സൂക്ഷിക്കാൻ അമിതിന് ലൈസൻസ് ഉണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും. 

സംഭവത്തിന് ശേഷം ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ ജനങ്ങളോട് ഇത്തരം അപകടകരമായ ഇനങ്ങളെ വീട്ടിൽ വളർത്തുന്നത് ഒഴിവാക്കാൻ അഭ്യർത്ഥിച്ചു. അതേസമയം ആളുകൾ ഇവയെ വാങ്ങുന്നത് അതിന്റെ പ്രത്യേകതകൾ മനസിലാക്കാതെയാണ് എന്ന് മൃഗസംരക്ഷകർ വിമർശിച്ചു. "വേറെ ഏതൊരു ഇനത്തെ പോലെയുമുള്ള അപകട സാധ്യതയെ ഇതിനുമുള്ളൂ. ആളുകൾക്ക് ഈ ഇനത്തെ മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇപ്പോഴും അനധികൃത ബ്രീഡർമാരിൽ നിന്ന് പിറ്റ്ബുളുകളെ ആളുകൾ വാങ്ങുന്നു. നായ്ക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കാതെ വരുമ്പോൾ അവ ആക്രമണകാരികളാകുന്നു. പിന്നാലെ ആളുകൾ അവയെ അഭയകേന്ദ്രങ്ങളിൽ കൊണ്ട് വന്ന് തള്ളുകയും ചെയ്യുന്നു" നോയിഡയിലെ ഹൗസ് ഓഫ് സ്‌ട്രേയ്‌സിന്റെ സ്ഥാപകൻ സഞ്ജയ് മൊഹപത്ര ഇന്ത്യാ ടുഡേയോട് പറഞ്ഞു.
 

click me!