പഠിക്കുന്നത് പാഴ്ച്ചിലവ്, അച്ഛനും അമ്മയും ചേർന്ന് 16 -കാരിയെ പണിക്ക് വിട്ടു, ഒടുവിൽ മോചനം

By Web TeamFirst Published Mar 8, 2024, 1:30 PM IST
Highlights

അമ്മ തന്നെ ഉപദ്രവിക്കും, മുറിയിൽ പൂട്ടിയിടും, വസ്ത്രങ്ങളെടുത്ത് ഒളിച്ചു വയ്ക്കും എന്നും ലിയു പറയുന്നു. 'നന്നായി വളർത്താൻ പറ്റില്ലെങ്കിൽ അവരെന്തിനാണ് എനിക്ക് ജന്മം നൽകിയത്' എന്നാണ് ലിയു ചോദിക്കുന്നത്. 

അച്ഛനും അമ്മയും പഠനം നിർത്തി ജോലിക്ക് പോവാൻ നിർബന്ധിച്ച 16 -കാരിക്ക് ഒടുവിൽ പഠിക്കാനുള്ള വഴി തെളിഞ്ഞു. ചൈനയിലാണ് സംഭവം. ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ലിയു ക്വിപിംഗ് എന്ന പെൺകുട്ടിയെയാണ് മാതാപിതാക്കൾ പഠിക്കാൻ അനുവദിക്കാതെ ജോലിക്ക് പറഞ്ഞുവിട്ടുകൊണ്ടിരുന്നത്. 

പഠിക്കാൻ മിടുക്കിയായ ലിയു ക്ലാസിൽ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ, പഠിക്കുന്നത് വെറും പാഴ്ചിലവാണ് എന്നും പഠിക്കുന്നതിന് പകരം ജോലി ചെയ്ത് വീട്ടിലേക്ക് സമ്പാദിച്ചു കൊണ്ടുവരണം എന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. ഒടുവിൽ ഒരു ഇൻഫ്ലുവൻസറിനോടാണ് ലിയു തന്റെ ദുരിതകഥ പങ്കുവച്ചത്. അതോടെ അത് വലിയ ശ്രദ്ധ നേടുകയും അധികൃതർ അവളുടെ യഹായത്തിനെത്തുകയുമായിരുന്നു. 

ന​ഗരത്തിലെ ഒരു മികച്ച സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ലിയു. ക്ലാസിൽ നന്നായി പഠിക്കുന്ന ആദ്യത്തെ അഞ്ച് പേരിൽ അവളും ഉണ്ടായിരുന്നു. എന്നാൽ, ഒരു വർഷം മുമ്പാണ് വീട്ടുകാർ അവളുടെ പഠനം അവസാനിപ്പിച്ചത്. പിന്നാലെ, അവളെ അവളുടെ ആന്റിയുടെ കൂടെ വിടുകയും അവിടെ അടുത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് കടയിൽ ജോലിക്ക് നിർത്തുകയും ചെയ്തു. 23000 രൂപയോളം അവൾ അവിടെ നിന്നും സമ്പാദിച്ചിരുന്നു. അതിൽ നിന്നും അവൾ കുറച്ച് പണമെടുത്ത് പുസ്തകം വാങ്ങി. സ്കൂളിൽ പോയില്ലെങ്കിലും ദിവസവും ജോലിക്ക് ശേഷം ഇരുന്ന് വായിക്കാൻ തുടങ്ങി.

എന്നാൽ, ഒരു ദിവസം അവൾ ആന്റിയുടെ വീട്ടിൽ നിന്നും ഇറങ്ങി ഒരു വാടകമുറിയെടുത്ത് തനിച്ച് താമസം തുടങ്ങി. അമ്മ തന്നെ ഉപദ്രവിക്കും, മുറിയിൽ പൂട്ടിയിടും, വസ്ത്രങ്ങളെടുത്ത് ഒളിച്ചു വയ്ക്കും എന്നും ലിയു പറയുന്നു. 'നന്നായി വളർത്താൻ പറ്റില്ലെങ്കിൽ അവരെന്തിനാണ് എനിക്ക് ജന്മം നൽകിയത്' എന്നാണ് ലിയു ചോദിക്കുന്നത്. 

ലിയുവിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സാമൂഹിക പ്രവർത്തകരും അധികൃതരും ഒക്കെ അവളുടെ കാര്യത്തിൽ ഇടപെട്ടു. അവൾക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നൽകുകയും അവളുടെ പഠനത്തിൽ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും പഠിക്കാനുള്ള തന്റെ സ്വപ്നം പൂവണിയുമല്ലോ എന്ന സന്തോഷത്തിലും സമാധാനത്തിലുമാണ് ഇപ്പോൾ ലിയു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!