
വിമാനത്തിൽ രസകരമായ പല സംഭവങ്ങളും നടക്കാറുണ്ട്. അതുപോലെ ഒരു സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. എന്താണ് നടന്നത് എന്നല്ലേ? വിമാനത്തിലെ ഒരു യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ചു.
ജക്കാർത്തയിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകുകയും ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് കൊണ്ടൊന്നും അയാൾ ശാന്തനായില്ല. എന്ന് മാത്രമല്ല, കൂടുതൽ പ്രകോപിതനാവുകയും ചെയ്തു. പ്രകോപിതനായ ഇയാൾ വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന്റെ വിരലിൽ പിടിച്ച് കടിക്കുകയും ചെയ്തു.
സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതിൽ, ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന യാത്രക്കാരനെ കാണാം. ജീവനക്കാരനും തിരികെ പ്രതികരിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുന്നതായും വീഡിയോയിൽ കാണാം.
ഇന്തോനേഷ്യൻ വിമാനക്കമ്പനിയായ ബാത്തിക് എയറിന്റെ പൈലറ്റായ മുഹമ്മദ് ജോൺ ജെയ്‌സ് ബൗഡെവിജൻ ആണ് പ്രശ്നമുണ്ടാക്കിയ യാത്രക്കാരൻ എന്ന് കരുതുന്നു.
ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ എത്തേണ്ടിയിരുന്നതായിരുന്നു ഈ വിമാനം. എന്നാൽ, മലേഷ്യയിലെ ക്വാലാലംപൂരിന് മുകളിലൂടെ മെഡാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ നിർബന്ധിക്കപ്പെടുകയായിരുന്നു ഇത്.
പ്രശ്നമുണ്ടാക്കിയ ആളെ പിന്നീട് വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. വിമാനം വീണ്ടും യാത്ര തുടർന്നു. പ്രാദേശിക സമയം എട്ട് മണിക്കാണ് പിന്നീട് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയത്. പ്രശ്നം സൃഷ്ടിച്ച യാത്രക്കാരനെ ഇറക്കി വിട്ടതായും ഇയാൾ മദ്യപിച്ചു എന്ന് കരുതുന്നതായും ജക്കാർത്ത മെട്രോ പൊലീസും സ്ഥിരീകരിച്ചു.