
ലോകം വ്യത്യസ്തമായ ഒന്നിനെയും അംഗീകരിക്കാറില്ല. പുരുഷൻ ഇങ്ങനെയാവണം, സ്ത്രീ ഇങ്ങനെയാവണം എന്നൊക്കെ നമുക്ക് ചില ഉറച്ച ധാരണകളുമുണ്ട്. എന്നാൽ, ഇവിടെ ഒരു സ്ത്രീ രണ്ട് മാസത്തോളം തന്റെ താടിരോമം വളർത്തി, പിന്നീട് ഷേവ് ചെയ്തു. പിസിഒഎസ് (പോളി സിസ്റ്റിക് ഓവറി സിൻഡ്രോം- polycystic ovary syndrome) -നെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് സ്ത്രീ ഇങ്ങനെ ചെയ്തത്.
ബക്കിംഗ്‌ഹാംഷെയറിലെ എയ്‌ലസ്‌ബറിയിൽ നിന്നുള്ള ആനെറ്റിന് പിസിഒഎസ് എന്ന അവസ്ഥയുണ്ട്. അതിനാൽ തന്നെ തന്റെ മുഖത്ത് അമിതമായ രോമങ്ങൾ ഉണ്ടാവുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. 68,000 ഫോളോവേഴ്സാണ് ആനെറ്റിന് ടിക്ടോക്കിൽ ഉള്ളത്. അവർക്കായി ഇക്കാര്യം പറഞ്ഞുകൊണ്ട് അവർ മിക്ക ദിവസങ്ങളിലും പോസ്റ്റ് ഇടാറുണ്ട്.
'ഇങ്ങനെയുള്ള സ്ത്രീകളിലേറെപ്പേരും കരുതുന്നത് അവർ തനിച്ചാണ് എന്നാണ്. എന്നാൽ, അത് അങ്ങനെ അല്ല. അവർ തനിച്ചല്ല എന്ന് അവരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്' എന്നും ആനെറ്റ് പറയുന്നു. കഴിഞ്ഞയാഴ്ച ആനെറ്റ് തന്റെ സ്വന്തം നാട്ടിലെ ഒരു പബ്ബിൽ വച്ച് താടി വടിക്കുകയും പിസിഒഎസ് ചാരിറ്റിയായ വെരിറ്റിക്ക് സംഭാവന നൽകുന്നതിനായി 2,000 പൗണ്ടിലധികം ശേഖരിക്കുകയും ചെയ്തു.
ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം ഓവറികളിൽ സിസ്റ്റുകൾ കാണപ്പെടുന്ന അവസ്ഥയാണ് പോളി സിസ്റ്റിക് ഓവറി സിൻഡ്രോം. ക്രമം തെറ്റിയ ആർത്തവം, ഹെർസ്യൂട്ടിസം (അമിതമായ രോമവളർച്ച), അമിതവണ്ണം തുടങ്ങി പലതിലേക്കും ഇത് സ്ത്രീകളെയും പെൺകുട്ടികളെയും നയിക്കാറുണ്ട്.
ആനെറ്റ് അനുഭവിച്ച് കൊണ്ടിരുന്ന പ്രധാനപ്രശ്നം ഹെർസ്യൂട്ടിസം ആയിരുന്നു. അതിന്റെ ഭാഗമായി മുഖത്ത് കട്ടിയുള്ള കറുത്ത രോമങ്ങൾ വളർന്നു. 19 -ാമത്തെ വയസിൽ ഒരു ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് പിസിഒഎസ് ഉള്ളതായി അവൾ തിരിച്ചറിയുന്നത്. ഇപ്പോൾ ആനെറ്റിന് 48 വയസായി. തന്നെപ്പോലെ ഉള്ള അനേകം അനേകം സ്ത്രീകളെ താൻ കണ്ടു എന്ന് ആനെറ്റ് പറയുന്നു.
പിസിഒഎസ്സിനെ കുറിച്ച് പലർക്കും ധാരണയില്ല. ഇത് സ്ത്രീകളെ കടുത്ത വിഷാദത്തിലേക്കും മറ്റും തള്ളിവിടുന്നു. ലോകം അവരെ മനസിലാക്കാതെ പോകുന്നു. അതിനാൽ തന്നെ പിസിഒഎസ്സിനെ കുറിച്ച് ധാരണ വളർത്തുന്നതിന് വേണ്ടിത്തന്നെയാണ് താൻ തന്റെ മുഖത്തെ രോമം വളർത്തിയതും പിന്നീട് ഷേവ് ചെയ്തതും എന്ന് ആനെറ്റ് പറഞ്ഞു.