പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഇന്ത്യൻ വംശജരെ കാനഡ നാടുകടത്തി. മയക്കുമരുന്ന് കടത്ത്, തീവയ്പ്പ്, വെടിവയ്പ്പ്, പിടിച്ചുപറി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ അർഷ്ദീപ് സിംഗ്, സുഖ്‌നാസ് സിംഗ് സന്ധു എന്നിവർക്കെതിരെയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി നടപടിയെടുത്തത്. 

കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ വംശജർക്കുള്ള പങ്കിനെ പറ്റി ആദ്യ കനേഡിയൻ കുടിയേറ്റക്കാർ പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഈ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പോലും വിള്ളൽ വീഴ്ത്തിയിരുന്നു. അതേസമയം കാനഡയിൽ അറസ്റ്റിലാകുന്ന കുറ്റവാളികളിൽ വലിയൊരു ശതമാനം ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് മയക്കുമരുന്ന് കടത്ത്, തീവയ്പ്പ്, വെടിവയ്പ്പ്. പിടിച്ചുപറി. വാഹന മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള രണ്ട് ഇന്ത്യൻ വംശജരെ കാനഡ നാടുകടത്തിയത്.

പൊതു സുരക്ഷയ്ക്ക് വേണ്ടി

"പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ പൗരന്മാരെ ഞങ്ങൾ നീക്കം ചെയ്യുന്നു," എന്ന് എക്സിൽ കുറിച്ച് കൊണ്ട് അർഷ്ദീപ് സിംഗിനെയും സുഖ്‌നാസ് സിംഗ് സന്ധുവിനെയും നാടുകടത്തിയെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. രാജ്യത്തെ പിടിച്ചുപറി ശൃംഖലകളെ തകർക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് സുഖ്‌നാസ് സിംഗ് സന്ധുവിനെയും അർഷ്ദീപ് സിംഗിനെയും നാടുകടത്തുന്നതെന്നും ബോർഡർ സർവീസസ് ഏജൻസി എഴുതി.

Scroll to load tweet…

അർഷ്ദീപ് സിംഗ്

2022 ഓഗസ്റ്റിൽ സ്റ്റുഡന്‍റ് വിസയിൽ കാനഡയിൽ എത്തിയ ഇന്ത്യക്കാരനാണ് അർഷ്ദീപ് സിംഗെന്ന് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന്‍റെ (ഐആർബി) രേഖകൾ പറയുന്നു. ഒന്‍റാറിയോയിലുണ്ടായ തീവയ്പ്പ്, എഡ്മണ്ടണിലെ വെടിവയ്പ്പ്, സറേയിലെ മോഷണ കേസുകൾ, കാനഡയുടെ വിവിധ ഭാഗങ്ങളിലെ വാഹന മോഷണം, ഇൻഷുറൻസ് തട്ടിപ്പ് എന്നീ കേസുകളിൽ ഇയാൾ പ്രതി ചേർക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ എഡ്മണ്ടണിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. 2026 ജനുവരി 19 -ന് കാനഡയിൽ നിന്ന് അർഷ്ദീപ് സിംഗിനെ നാടുകടത്തി. അർഷ്ദീപിന് സുഖ്‌നാസ് സിംഗ് സന്ധുവിനെ അറിയാമെന്ന് പോലീസ് കരുതുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമല്ല. ഇയാളുടെ ഫോണിൽ നിന്നും സറേ ആസ്ഥാനമായുള്ള കാപ്സ് കഫേയിൽ വെടിവയ്പ്പ് സംഘടിപ്പിച്ച മാൻ സിംഗ് സെഖോണിനൊപ്പം നിൽക്കുന്ന അർഷ്ദീപിന്‍റെ വീഡിയോ പോലീസിന് ലഭിച്ചിരുന്നു.

സുഖ്‌നാസ് സിംഗ് സന്ധു

'ദി റഫിയൻസ്' (The Ruffians) എന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒരു ക്രിമിനൽ സംഘത്തിലെ മുൻ നേതാവാണ് ഇന്ത്യൻ വംശജനുമായിരുന്ന സുഖ്‌നാസ് സിംഗ് സന്ധു. 26 -ാം വയസിൽ 2020 -ൽ കാനഡ ഇയാളെ കുറ്റവാളി സംഘത്തിലെ അംഗമായി പ്രഖ്യാപിച്ചിരുന്നു. തോക്കുകൾ, വഞ്ചന, വാഹന മോഷണം, പോലീസിൽ നിന്ന് ഒളിച്ചോടൽ, ഡ്രൈവ്-ബൈ വെടിവയ്പ്പ് തുടങ്ങിയ വലിയ അപകടസാധ്യതയുള്ള ജീവിതശൈലിയാണ് ഇയാളുടേതെന്ന് പോലീസ് പറയുന്നു. 2026 ഫെബ്രുവരി 3- നാണ് സുഖ്‌നാസ് സിംഗ് സന്ധുവിനെ കാനഡ നാടുകടത്തിയത്. ഇയാൾ അങ്ങേയറ്റം അക്രമാസക്തനായ വ്യക്തിയാണെന്ന് 'ദി ഡേർട്ടി ന്യൂസ്' എന്ന ക്രൈം ബ്ലോഗിൽ വിശേഷിപ്പിക്കുന്നു. പുറത്താക്കുന്നതുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ തനിക്ക് ഇന്ത്യയിൽ ബന്ധുക്കളോ വീടോ ഇല്ലെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.