
സിംഗപ്പൂരിൽ നിന്ന് മിലാനിലേക്ക് പറന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം പാതി ദൂരം പിന്നിട്ടപ്പോൾ യാത്രക്കാരിലൊരാൾക്ക് ഹൃദയാഘാതം. വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടർമാര്‍ അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അദ്ദേഹം മരിച്ച് പോയിരുന്നു. തന്‍റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടർമാര്‍ക്ക് മരിച്ച് പോയ യാത്രക്കാരന്‍റെ ഭാര്യ പിന്നീട് കണ്ണീരോടെ നന്ദി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ എസ്‌ക്യു378 വിമാനത്തിലാണ് സംഭവം നടന്നതെന്ന് സിഎൻഎ റിപ്പോർട്ട് ചെയ്തു.
മൗണ്ട് എലിസബത്ത് നൊവേന സ്പെഷ്യലിസ്റ്റ് സെന്‍ററിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ഡെസ്മണ്ട് വായ്, അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം മിലാനിലേക്ക് അവധിക്കാലം ആഘോഷിക്കാൻ അതേ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിലെ ക്യാബിൻ സ്പീക്കറുകളിൽ നിന്ന് ഡോക്ടർ ഉണ്ടോ എന്ന അന്വേഷണമുണ്ടായി. ഉടനെ തന്നെ വായ് രോഗിയെ പരിശോധിക്കാനായി ഏഴുന്നേറ്റു. പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കവെ അത് തങ്ങളുടെ കടമയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ക്യാബിൻ ക്രൂ ഒരു ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്ററും (AED) മരുന്നും തയ്യാറാക്കുന്നതിനിടെ, വിമാനത്തിന്‍റെ പിൻഭാഗത്ത് ഒരു മധ്യവയസ്‌കനെ തറയിൽ കിടത്തിയിരിക്കുന്നത് ഡോ. വായ് ശ്രദ്ധിച്ചു. അദ്ദേഹം വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഡോക്ടർമാരുടെ സഹായത്തോടെ കാർഡിയോപൾമോണറി റെസസിറ്റേഷൻ (CPR) നടത്തി. അരമണിക്കൂറോളം പരിശോധിച്ചെങ്കിലും രോഗിയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും കണ്ടില്ല. "നമ്മൾ പരാജയപ്പെട്ടുവെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്, പക്ഷേ, അതാണ് ജീവിതം," സംഭവ സമയം ഡോ.വായോടൊപ്പം ഉണ്ടായിരുന്ന ഡോ. വൈ പറഞ്ഞു.
തന്‍റെ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചതിന് അദ്ദേഹത്തിന്‍റെ ഭാര്യ പിന്നീട് കണ്ണീരോടെ ഡോ. വായ്ക്ക് നന്ദി പറഞ്ഞു. "ഡോക്ടർ, ശ്രമിച്ചതിന് നന്ദി," അവർ പറഞ്ഞു. വിമാനത്തിലെ ക്യാബിൻ ക്രൂവും ഡോക്ടർമാരോട് നന്ദി പറഞ്ഞു, വിമാനത്തിലുണ്ടായിരുന്ന ചിലർ സംഭവത്തിന് ശേഷം വികാരാധീനരായി. അവരിൽ പലരും മുമ്പ് ഒരിക്കലും വിമാനത്തിൽ വച്ച് ഒരു മരണം കണ്ടിട്ടില്ലെന്ന് ഡോ. വായ്യോട് പറഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.