80 വർഷം മുമ്പ് കത്തുകളിൽ തുടങ്ങിയ സൗഹൃദം, ബ്രിട്ടീഷുകാരനും അമേരിക്കക്കാരിയും ഇന്നും സുഹൃത്തുക്കൾ

By Web TeamFirst Published Dec 1, 2022, 9:26 AM IST
Highlights

ഏതായാലും സാങ്കേതിക വിദ്യ വളർന്നതിനനുസരിച്ച് അവരുടെ കത്തെഴുത്ത് രീതിയും മാറി. പേനയിൽ നിന്നും പേപ്പറിൽ നിന്നും അത് ഇമെയിലായി മാറി. മക്കളുടെ സഹായത്തോടെ അത് പിന്നീട് വീഡിയോ കോൾ വരെയായി മാറി.

ഇന്ന് നമുക്ക് എളുപ്പത്തിൽ ആളുകളുമായി കണക്ട് ചെയ്യാൻ സാധിക്കും. അതിന് സഹായിക്കുന്ന തരത്തിൽ ടെക്നോളജി വളരെ വേ​ഗത്തിൽ വളരുകയാണ്. ലോകത്തിന്റെ ഏതറ്റത്തുള്ള ആളുകളുമായി സംവദിക്കാനും നമുക്ക് ചിലപ്പോൾ നിമിഷങ്ങൾ മതിയാവും. എന്നാൽ, ഇതൊന്നും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും അത് കാത്തുസൂക്ഷിക്കാനും ആളുകൾ പല വഴികളും സ്വീകരിച്ചിരുന്നു. അതിലൊന്നാണ് തൂലികാസൗഹൃദം. ഒരുപക്ഷേ ഇന്നത്തെ തലമുറ അത് കേട്ടിട്ട് പോലും ഉണ്ടാകില്ല. 

അതുപോലെ 80 വർഷങ്ങൾക്ക് മുമ്പ് തൂലികാസുഹൃത്തുക്കളായിരുന്ന രണ്ടുപേർ ഇപ്പോഴും തങ്ങളുടെ സൗഹൃദം തുടരുകയാണ്. ഡെവോണിൽ നിന്നുള്ള ജെഫ് ബാങ്ക്സ്, 1938 -ലാണ് അമേരിക്കക്കാരി സെലസ്റ്റ ബൈറിന് കത്തെഴുതാൻ തുടങ്ങിയത്. അന്ന് രണ്ടുപേരുടെയും പ്രായം 20 -കളിൽ ആയിരുന്നു. എന്നാൽ, ഇപ്പോഴും ഹോണിറ്റണിലും ടെക്സാസിലും ഇരുന്ന് കൊണ്ട് അവരുടെ സൗഹൃദം അതുപോലെ തുടരുന്നു. 

തങ്ങൾക്ക് കഴിയുന്നത്രയും കാലം പറ്റിയാൽ അവസാനം വരെ ഈ സൗഹൃദം അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത് എന്ന് ഇരുവരും പറയുന്നു. രണ്ടുപേരും വിദ്യാർത്ഥികളായിരിക്കെ അമേരിക്കൻ വിദ്യാർത്ഥികളെയും ബ്രിട്ടീഷ് വിദ്യാർത്ഥികളെയും സുഹൃത്തുക്കളാക്കാൻ വേണ്ടി ആരംഭിച്ച ഒരു വിദ്യാഭ്യാസ പദ്ധതിയുടെ ഭാ​ഗമായിട്ടാണ് ഇരുവരും കത്തെഴുത്ത് തുടങ്ങുന്നത്. 

ഏതായാലും സാങ്കേതിക വിദ്യ വളർന്നതിനനുസരിച്ച് അവരുടെ കത്തെഴുത്ത് രീതിയും മാറി. പേനയിൽ നിന്നും പേപ്പറിൽ നിന്നും അത് ഇമെയിലായി മാറി. മക്കളുടെ സഹായത്തോടെ അത് പിന്നീട് വീഡിയോ കോൾ വരെയായി മാറി. എന്തിന് 2002 -ൽ ന്യൂയോർക്കിൽ വച്ച് അവർ നേരിട്ട് കണ്ടുമുട്ടുക വരെ ചെയ്തു. 

'ഇത്രയധികം വർഷക്കാലമായി അവൾക്ക് എഴുതുക എന്ന് പറയുന്നത് വളരെ മനോഹരമായ ഒരു കാര്യമായിട്ടാണ് തോന്നുന്നത്' എന്ന് ബാങ്ക്സ് പറഞ്ഞു. ഏതായാലും ഇത്രയും കാലമായി സുഹൃത്തുക്കളായിരിക്കുന്നവരെന്ന നിലയിൽ എപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സെലസ്റ്റയുടെ മറുപടി 'ഒരിക്കലും ഇല്ല' എന്നാണ്. 'അടുത്ത വീട്ടിലെ ആളോട് തോന്നുന്ന അത്രയും സുതാര്യമായ സൗഹൃദമാണ് അത്' എന്നും സെലെസ്റ്റ പറഞ്ഞു. 

click me!