കൊറോണയെത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവുകളായി, നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകളുടെ എണ്ണത്തിൽ വൻവർധന

By Web TeamFirst Published Sep 12, 2021, 5:08 PM IST
Highlights

പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം യുകെയില്‍ മൊത്തം 3.2 മില്ല്യണ്‍ കുടുംബങ്ങൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കിയതായി ഈ വർഷം ആദ്യം, പെറ്റ് ഫുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറഞ്ഞു. 

കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയതോടെ ദത്തെടുക്കലിനായി തങ്ങളുടെ നായ്ക്കളെ നൽകാൻ കൂടുതൽ ആളുകൾ ആലോചിക്കുന്നുവെന്നാണ് നായകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ പറയുന്നത്. യുകെ -യിലാണ് നായകളെ ഉപേക്ഷിക്കാൻ ശ്രമിക്കുകയാണ് ഉടമകളെന്ന് റിപ്പോർട്ടുകൾ പറയുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ നായ്ക്കളെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കോളുകളിൽ 35% വർദ്ധനവ് ഉണ്ടായതായി 'ഡോഗ്സ് ട്രസ്റ്റ്' പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം അവരുടെ സാഹചര്യങ്ങൾ മാറിയതിനാൽ ആളുകൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നുവെന്നും അതിൽ പറയുന്നു. 

പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം കൂടുതൽ ആളുകൾ വീട്ടിൽ സമയം ചെലവഴിച്ചപ്പോൾ യുകെയിൽ വളർത്തുമൃഗങ്ങളുടെ വിൽപ്പന കുതിച്ചുയർന്നിരുന്നു. ലോക്ക്ഡൗൺ സമയത്ത് നായ്ക്കുട്ടികളുടെ വില ഇരട്ടിയായിരുന്നു. ജൂലൈ 19 -ന് ഇംഗ്ലണ്ടിൽ മിക്ക കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതായി അറിയിച്ചതിനെ തുടർന്ന് മിക്കവരും വളര്‍ത്തുമൃഗങ്ങളെ ദത്തെടുപ്പിന് നല്‍കുന്നതായി ഡോഗ്സ് ട്രസ്റ്റ് പറഞ്ഞു.

2021 ഫെബ്രുവരിയിലെ പകർച്ചവ്യാധിക്ക് മുമ്പുള്ള സന്ദർശനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈയിൽ അവരുടെ വെബ്‌സൈറ്റിലെ 'ഗിവിംഗ് അപ് യുവര്‍ ഡോഗ്' പേജുകളിലേക്കുള്ള ട്രാഫിക് 180 % ൽ കൂടുതൽ വർദ്ധിച്ചതായും പറയുന്നു. ജൂലൈയിൽ ട്രാഫിക്കിൽ 100% വർദ്ധനവുണ്ടായി, ആറ് മാസം മുമ്പ് ഫെബ്രുവരിയിൽ കണ്ടതിനേക്കാൾ കൂടുതലാണിത്. 

ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓവൻ ഷാർപ്പ് പറഞ്ഞത്, 'പകർച്ചവ്യാധിയുടെ സമയത്ത് വളർത്തുമൃഗങ്ങളെ വളര്‍ത്തുന്നത് വളരെ അധികം വര്‍ധിച്ചിരുന്നു. മില്യണ്‍ കണക്കിന് ആളുകൾ നായയുടെ സഹവാസത്തിൽ ആനന്ദം കണ്ടെത്തി. അതുവച്ച് നോക്കുമ്പോള്‍, ഇന്നത്തെ കണക്കുകൾ വേദനാജനകം തന്നെ. എങ്കിലും അത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല' എന്നാണ്. 

ഉടമസ്ഥരുടെ സാഹചര്യങ്ങൾ മാറുമ്പോൾ, നായ്ക്കുട്ടികൾ വളരുന്നു. രാജ്യം തുറക്കുകയും ചെയ്യുമ്പോൾ, പല ഉടമകളും അവരുടെ വളർത്തുമൃഗങ്ങൾക്കായി അവരുടെ ജീവിതത്തിലെ സ്ഥാനം പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാകുന്നു. 'നാഷണൽ ഡോഗ് സർവേ' എന്ന പേരില്‍ നായ ഉടമകളുടെ സെൻസസ് ആരംഭിച്ച ചാരിറ്റി, വരും മാസങ്ങളിൽ ലഭിക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി പറഞ്ഞു, ഇതിനെ 'പ്രതിസന്ധി' എന്നും ചാരിറ്റി വിശേഷിപ്പിക്കുന്നു. 

പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം യുകെയില്‍ മൊത്തം 3.2 മില്ല്യണ്‍ കുടുംബങ്ങൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കിയതായി ഈ വർഷം ആദ്യം, പെറ്റ് ഫുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പറഞ്ഞു. അതില്‍ തന്നെ 16 -നും 34 -നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഏറെയും. യുകെ -യിലാകെയായി 34 മില്ല്യണ്‍ പെറ്റുകളുണ്ട്. അതില്‍ തന്നെയും 12 മില്ല്യണ്‍‌ നായകളാണ്. 

വളർത്തുമൃഗങ്ങളെ പോറ്റുന്നവരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ആ മൃഗങ്ങൾക്ക് ഒരു 'പ്രതിസന്ധി' ആയി മാറുമെന്ന് ആർ‌എസ്‌പി‌സി‌എ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക്ഡൗണിന് ശേഷം അവരുടെ ഉടമകൾ ജോലിയിൽ തിരിച്ചെത്തുമ്പോൾ അവരുടെ വളർത്തുമൃഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ കഴിയില്ലെന്നും ആര്‍എസ്പിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് സത്യമാവുകയാണ് എന്ന് വേണം കരുതാൻ. 

click me!