
ഇന്ത്യയിലെ വലിയ വലിയ നഗരങ്ങളിലൊക്കെ തന്നെ ദിനംപ്രതി എന്നോണം വീടുകൾക്കും ഫ്ലാറ്റുകൾക്കും സ്ഥലങ്ങൾക്കും വില കൂടിക്കൂടി വരികയാണ്. അതുകൊണ്ട് പലരും ലോണെടുത്തും മറ്റും കഴിയുന്നതും നേരത്തെ ഇവയെല്ലാം വാങ്ങിയിടാനും ശ്രമിക്കുന്നുണ്ട്. അതുപോലെ ഒരു ഫ്ലാറ്റ് വാങ്ങാൻ വേണ്ടിയുള്ള ആളുകളുടെ മണിക്കൂറുകൾ നീണ്ട ക്യൂവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
IndianTechGuide ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പൂനെയിലെ വാക്കടിൽ നിന്നുള്ള ക്യൂവാണ് കാണുന്നത്. നേരത്തെ എക്സിൽ Ekant എന്ന യൂസറും ഈ വീഡിയോ ഷെയർ ചെയ്ത് പ്രചരിച്ചിരുന്നു. പൂനെയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള വാക്കടിൽ നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്ന് അതിൽ പറഞ്ഞിരുന്നു. നീണ്ട എട്ട് മണിക്കൂർ ഈ നീണ്ട ക്യൂ ആളുകൾ നിന്നത് 1.5- 2 കോടി രൂപയ്ക്ക് പുതുതായി പണിത് വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഫ്ലാറ്റ് സ്വന്തമാക്കാൻ വേണ്ടിയാണ് എന്നും പറയുന്നു.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാലും എട്ട് മണിക്കൂറൊക്കെ ആളുകൾ ഒരു ഫ്ലാറ്റ് സ്വന്തമാക്കാൻ ക്യൂ നിന്നത് എന്തിനാണ് എന്നായിരുന്നു പലരുടേയും സംശയം. പലരും പല അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്തി. ചിലർ ചോദിച്ചത് ആരെങ്കിലും അവിടെ ഫ്ലാറ്റ് സൗജന്യമായി കൊടുക്കുന്നുണ്ടോ ഇത്രയധികം നേരം ക്യൂ നിൽക്കാൻ എന്നാണ്. മറ്റ് ചിലർ എന്തെങ്കിലും കിഴിവുള്ളതുകൊണ്ടാണോ ആളുകൾ ഇത്രയധികം നേരം കാത്ത് നിന്നത് എന്നും ചോദിച്ചു. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഏതെങ്കിലും സ്ഥലത്തായിരിക്കും ഈ ഫ്ലാറ്റ്, അതുകൊണ്ടാവണം ആളുകൾ അത് സ്വന്തമാക്കാൻ ക്ഷമയോടെ കാത്തുനിന്നത് എന്നാണ്.
വായിക്കാം: 40 വയസായിട്ടും മക്കൾ വീട്ടിൽ നിന്നും മാറിത്താമസിക്കുന്നില്ല, കോടതിയെ സമീപിച്ച് അമ്മ, അനുകൂലവിധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: