ടീബാഗും വെള്ള നിക്കറും മണ്ണില്‍ കുഴിച്ചിടുന്ന കര്‍ഷകര്‍, എന്തിനാണിങ്ങനെ ചെയ്യുന്നത്?

By Web TeamFirst Published Apr 18, 2021, 1:56 PM IST
Highlights

എന്നാൽ, എന്തിനാണ് ടീ ബാഗുകളും ഇതിനൊപ്പം കുഴിച്ചിടുന്നത് എന്നൊരു സംശയം ആർക്കും തോന്നാം. അടിവസ്ത്രങ്ങൾക്കൊപ്പം അഴുകിയ ടീ ബാഗുകളും അവർ പരിശോധിക്കുന്നു, തുടർന്ന് അവ തമ്മിൽ താരതമ്യം ചെയ്യുന്നു. 

മണ്ണിൽ ഒരു കുഴിയെടുത്ത് ചായ ബാഗുകൾക്കൊപ്പം നിക്കറുകളും കുഴിച്ചിടുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഇതല്‍പം വിചിത്രമായ ഒരു ആചാരമായി തോന്നാം അല്ലേ? എന്നാൽ, സ്വിറ്റ്സർലൻഡിൽ ആളുകൾ ഇത് ചെയ്യുന്നത് ശാസ്ത്രത്തിന്റെ പേരിലാണ്. മണ്ണിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള പഠനത്തിനായിട്ടാണ് സ്വിറ്റ്‌സർലൻഡില്‍ ഉടനീളമുള്ള കർഷകരും തോട്ടം ഉടമകളും വെളുത്ത അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടുന്നതത്രെ.  

സാധാരണയായി മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കാനായി നമ്മൾ ഒന്നുകില്‍ ലാബുകളുടെ സഹായം തേടും. അല്ലെങ്കില്‍ മണ്ണിൽ വച്ച് തന്നെ അത് പരിശോധിക്കും. എന്നാൽ, സ്വിറ്റ്സർലൻഡിലെ അഗ്രോസ്കോപ്പ് എന്ന ഗവേഷണ സ്ഥാപനമാണ് ഈ വ്യത്യസ്തമായ മണ്ണ് ഗുണനിലവാര പരിശോധന നടത്തുന്നത്. അഗ്രോസ്കോപ്പ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൂറിച്ച് സർവകലാശാലയുമായി ചേർന്നാണ് ഈ വ്യത്യസ്തമായ പദ്ധതി ആരംഭിച്ചത്. ഇത് നടപ്പിലാക്കുന്നതിന് പൗരന്മാരുടെ പങ്കാളിത്തം ആവശ്യമാണ്. ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വോളന്റിയർമാർക്ക് രണ്ട് ജോഡി കോട്ടൺ അടിവസ്ത്രങ്ങളും ആറ് ടീ ബാഗുകളും അവർ അയച്ച് കൊടുക്കുകയായിരുന്നു. അത് ഒരു വയലിലോ പുൽമേടിലോ പൂന്തോട്ടത്തിലോ കർഷകർക്ക് കുഴിച്ചിടാവുന്നതുമാണ്.

പദ്ധതിയുടെ ഭാഗമായി 2,000 ജോടി കോട്ടൺ അടിവസ്ത്രങ്ങൾ കർഷകർക്ക് ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ അയച്ച് കൊടുത്തു കഴിഞ്ഞു. രണ്ട് മാസത്തിന് ശേഷം, മണ്ണിന്റെ ഗുണനിലവാരം നിർണയിക്കാൻ വസ്ത്രങ്ങൾ കുഴിച്ച് ഇട്ട് അതിന്റെ അവസ്ഥ വിലയിരുത്തും. നല്ല രീതിയിൽ വസ്ത്രങ്ങൾ അഴുകിയിട്ടുണ്ടെങ്കിൽ, മണ്ണിൽ സൂക്ഷ്മജീവികൾ വസിക്കുന്നുവെന്ന് തെളിയുന്നു. അതായത് മണ്ണ് നല്ലതാണ്. ഈ തുണി സൂക്ഷ്മാണുക്കൾ നശിപ്പിച്ചുവോ എന്നും, എത്രത്തോളം തുണി നശിപ്പിക്കപ്പെട്ടുവെന്നും ഗവേഷകർ പരിശോധിക്കുന്നു. കൂടുതൽ തുളകൾ വീണിട്ടുണ്ടെങ്കിൽ മണ്ണ് നല്ല ഫലഭൂഷ്‌ഠമാണെന്നും, നല്ല വിളവ് ലഭിക്കുമെന്നും മനസ്സിലാക്കാം.  

രണ്ട് ജോഡി അടിവസ്ത്രങ്ങളാണ് ഓരോ കർഷകരും കുഴിച്ചിടേണ്ടത്. 'ഈ പരിശോധന മണ്ണിന്റെ ഗുണനിലവാരത്തിന്റെ സൂചകമാണ്. അടിവസ്ത്രങ്ങൾ പുൽമേടുകൾ, വയലുകൾ എന്നിവിടങ്ങളിൽ കുഴിച്ചിടുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം അടിവസ്ത്രം മണ്ണിൽ നിന്ന് പുറത്തെടുത്ത് ഫോട്ടോ എടുക്കുന്നു. വീണ്ടും ഒരു മാസത്തിനുശേഷം മറ്റേ അടിവസ്ത്രം പുറത്തെടുക്കുന്നു. അതിന്റെ ഡിജിറ്റൽ വിശകലനവും  നടത്തുന്നു. അടിവസ്ത്രത്തിൽ കൂടുതൽ ദ്വാരങ്ങളുണ്ടെങ്കിൽ, മണ്ണ് ആരോഗ്യകരമാണെന്ന് മനസ്സിലാക്കാം" ഈ പ്രോജക്റ്റിന്റെ ഹെഡായ മാർസെൽ പറഞ്ഞു.  "എവിഡൻസ് അണ്ടർപാന്റ്സ്" എന്നാണ് ഈ പദ്ധതിയുടെ പേര്.  

എന്നാൽ, എന്തിനാണ് ടീ ബാഗുകളും ഇതിനൊപ്പം കുഴിച്ചിടുന്നത് എന്നൊരു സംശയം ആർക്കും തോന്നാം. അടിവസ്ത്രങ്ങൾക്കൊപ്പം അഴുകിയ ടീ ബാഗുകളും അവർ പരിശോധിക്കുന്നു, തുടർന്ന് അവ തമ്മിൽ താരതമ്യം ചെയ്യുന്നു. 2019 -ൽ സൂറിച്ചിലെ അഗ്രോസ്കോപ്പ് സ്റ്റേഷനിൽ നടത്തിയ ഇത്തരത്തിലുള്ള ആദ്യ പരീക്ഷണത്തിൽ രണ്ട് മാസത്തിന് ശേഷം ഇലാസ്റ്റിക് ബാൻഡ് മാത്രമേ നിലനിൽക്കുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. ബാക്കിയെല്ലാം ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന മണ്ണിര, വുഡ്‌ലൈസ്, ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ ഭക്ഷിച്ചിരുന്നതായും കാണാന്‍ സാധിച്ചു. സ്വിറ്റ്സർലൻഡിന്റെ മണ്ണ് മികച്ച രൂപത്തിലാണെന്നതിന്റെ സൂചനയാണിത് എന്നും ഗവേഷകര്‍ പറയുന്നു.

മണ്ണൊലിപ്പ്, രാസവളങ്ങളുടെ അമിത ഉപയോഗം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ മണ്ണിന് ഭീഷണിയാകുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കൂടിയാണ് ഈ അടിവസ്ത്ര പഠനം. അഗ്രോസ്കോപ്പ് പറയുന്നത് അനുസരിച്ച്, ലോകമെമ്പാടും ഓരോ വർഷവും സ്വിറ്റ്സർലൻഡിനേക്കാളും രണ്ടര ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കപ്പെടുന്നു. അത് കൃഷിയ്ക്ക് അനുയോജ്യമല്ലാതായിത്തീരുന്നു എന്നാണ് പറയുന്നത്.  

click me!