വീടുകളിൽ മദ്യമുണ്ടാക്കുന്നത് പതിവ്, ഇവിടെ ഒരു മാസത്തിനുള്ളിൽ വിഷമദ്യം കഴിച്ച് മരിച്ചത് 30 -ലധികം പേർ

By Web TeamFirst Published Jul 2, 2021, 9:40 AM IST
Highlights

വൈന്‍ കുടിച്ച ശേഷം ക്ഷീണം അനുഭവപ്പെട്ടതായും കണ്ണുകളില്‍ വല്ലാതെ മയക്കം വന്ന് മൂടുന്നതായും വാനക് പറഞ്ഞതായി ഭാര്യ ഹുന്‍ ഫീപ് ഓര്‍ക്കുന്നു. ഏതായാലും മദ്യപിച്ചതിന്‍റെ ഹാങ്ഓവര്‍ ആണെന്ന് കരുതി പിറ്റേന്ന് ഭര്‍ത്താവിനെ വീട്ടിലാക്കി ഫീപ് മരിച്ച വീട്ടിലേക്ക് പോവുകയും ചെയ്തു. 

കംബോഡിയയിലെ ഒരു ഗ്രാമത്തില്‍ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരിക്കുന്നത് നിരവധിയാളുകളാണ്. കംപോട്ട് പ്രവിശ്യയിലെ തോംഗ് ഗ്രാമത്തിലാണ് വീടുകളില്‍ നിര്‍മ്മിക്കുന്ന ഈ വിഷമദ്യം കഴിച്ച് മാസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ മരിച്ചിരിക്കുന്നത്. മരിച്ചതിലധികവും ഒരു ശവസംസ്കാര ചടങ്ങില്‍ വച്ച് മദ്യം കഴിച്ചവരാണ്. 

മത്സ്യത്തൊഴിലാളിയായിരുന്നു പ്രോം വാനക് എന്ന അമ്പതുകാരന്‍. എന്നാല്‍, ഒരു അപകടത്തെ തുടര്‍ന്ന് തൊഴിലെടുക്കാനാവാതെ കുറച്ചുകാലങ്ങളായി അയാള്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എങ്കിലും എല്ലാ ദിവസവും കുറച്ച് ഗ്ലാസ് വൈനെങ്കിലും അയാള്‍ അകത്താക്കുമായിരുന്നു. മെയ് മാസത്തിലാണ് അദ്ദേഹത്തിന്‍റെ അമ്മാവന്‍ മുത്ത് മരിക്കുന്നത്. അമ്മാവനും വലിയ മദ്യപാനിയായിരുന്നു. അമ്മാവന്‍റെ മരണാനന്തര ചടങ്ങിലും മദ്യം വിളമ്പി. വാനക് അത് കഴിക്കുകയും ചെയ്തു. രാവിലെ മുതലേ കുടി ആരംഭിച്ചിരുന്നു. എന്നാല്‍, വൈകുന്നേരം ആയപ്പോള്‍ കിടന്നുറങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തനിക്കെന്തോ ഒരു വല്ലായ്മ ഉണ്ട് എന്ന് അയാള്‍ ഭാര്യയോട് പറയുകയും ചെയ്തു. 

വൈന്‍ കുടിച്ച ശേഷം ക്ഷീണം അനുഭവപ്പെട്ടതായും കണ്ണുകളില്‍ വല്ലാതെ മയക്കം വന്ന് മൂടുന്നതായും വാനക് പറഞ്ഞതായി ഭാര്യ ഹുന്‍ ഫീപ് ഓര്‍ക്കുന്നു. ഏതായാലും മദ്യപിച്ചതിന്‍റെ ഹാങ്ഓവര്‍ ആണെന്ന് കരുതി പിറ്റേന്ന് ഭര്‍ത്താവിനെ വീട്ടിലാക്കി ഫീപ് മരിച്ച വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, വൈകുന്നേരമായപ്പോഴേക്കും വാനക് ആകെ വിറക്കാനും തുള്ളാനും തുടങ്ങി. ആശുപത്രിയില്‍ പോകാമെന്ന് ഭാര്യ പറഞ്ഞപ്പോഴെല്ലാം സാരമില്ല വിശ്രമം മതിയാകുമെന്നാണ് വാനക് പറഞ്ഞത്. പിറ്റേദിവസം രാവിലെ വാനക് മരിച്ചു. 

അമ്മയോടും മക്കളോടും എന്തോ പറയാന്‍ വന്നുവെങ്കിലും അയാള്‍ക്ക് അതിന് കഴിഞ്ഞിരുന്നില്ല എന്ന് ഭാര്യ പറയുന്നു. വാനകിന്റെ അമ്മാവന്‍റെ മരണാനന്തര ചടങ്ങില്‍ വച്ച് മദ്യപിച്ചവരില്‍ വാനക് അടക്കം എട്ടുപേര്‍ മരിച്ചു. അമ്പത് പേര്‍ ആശുപത്രിയിലായി. ഒരു മാസത്തിനുള്ളില്‍ കംബോഡിയയില്‍ നടന്ന വിഷമദ്യം കഴിച്ചുള്ള മരണത്തില്‍ ഒന്നുമാത്രമായിരുന്നു ഈ സംഭവം. വിവിധയിടങ്ങളിലായി നടന്ന മൂന്ന് ചടങ്ങുകളിലായി ആളുകള്‍ക്ക് വിഷമദ്യം കുടിച്ച് ജീവന്‍ നഷ്ടപ്പെട്ടു. 30 മരണങ്ങളുണ്ടായി. 

ജൂൺ മാസത്തിന്‍റെ തുടക്കത്തിൽ പർസാറ്റ് പ്രവിശ്യയിൽ 13 പേർ മരിച്ചു, മെയ് 10 -ന് കണ്ടലിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പിന്നീട് ഈ മദ്യം പരിശോധിച്ചതില്‍ നിന്നും മെഥനോളിന്‍റെ വലിയ അംശം കണ്ടെത്തുകയുണ്ടായി. കംബോഡിയയില്‍ വിവാഹ പാര്‍ട്ടികളിലും മറ്റും വിലയേറിയ മദ്യത്തിന് ബദലായി വീട്ടില്‍ വാറ്റിയെടുക്കുന്ന മദ്യം ഉപയോഗിക്കുന്നത് പതിവാണ്. 

1990- കളുടെ മധ്യത്തില്‍ തന്നെ കംബോഡിയയില്‍ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അവിടെ പ്രവര്‍ത്തിച്ച നരവംശ ശാസ്ത്രജ്ഞനായിരുന്ന ജൊനാഥന്‍ പാഡ്വേ പറയുന്നു. മിക്കവീടുകളിലും മദ്യമുണ്ടാക്കാറുണ്ട്. അയല്‍വക്കക്കാര്‍ക്കും മറ്റും കൊടുക്കാറുണ്ട്. അതിനുമുകളില്‍ നിയമപരമായ നിയന്ത്രണങ്ങളില്ല. 

അടുത്തിടെയുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തില്‍, കംബോഡിയൻ അധികൃതർ പ്രശ്‌നം ഗൗരവമായി കാണുന്നുവെന്ന് കാണിക്കാൻ ശ്രമിക്കുന്നുണ്ട്. 15 റൈസ് വൈൻ മദ്യ നിർമ്മാതാക്കളെയും വിൽപ്പനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം വിഷമദ്യം ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പർസാറ്റിൽ അരി, ഔഷധ വൈൻ എന്നിവയുടെ ഉത്പാദനവും വിൽപ്പനയും ഉദ്യോഗസ്ഥർ നിരോധിച്ചു. ത്രോംഗ് ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ലയില്‍ റൈസ് വൈൻ ഉൽപാദനം, ഇറക്കുമതി, കയറ്റുമതി, വിതരണം എന്നിവ താൽക്കാലികമായി നിരോധിച്ചു.

എന്തിരുന്നാലും വിദഗ്ദ്ധര്‍ പറയുന്നത്, ഇക്കാര്യത്തില്‍ നിരോധനവും നിയന്ത്രണവും മാത്രം പോരാ ആളുകളെ ബോധവല്‍ക്കരിച്ചെങ്കില്‍ മാത്രമേ ഈ ദുരന്തം പൂര്‍ണമായും ഇല്ലാതാവൂ എന്നാണ്. ഇപ്പോഴും ഗ്രാമത്തിലെ ആളുകള്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!