
ഇന്തോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമാണ് യൂനി ഷാര എന്നറിയപ്പെടുന്ന വഹ്യു സെത്യാനിംഗ് ബുഡി. യൂട്യൂബർ വെന്ന മെലിൻഡയുമായുള്ള അഭിമുഖത്തിനിടെ അവർ നടത്തിയ ഒരു പരാമർശം ഇപ്പോൾ വിവാദമാവുകയാണ്. 49 -കാരിയായ ആ അമ്മ തന്റെ മക്കളോടൊപ്പം അശ്ലീല വീഡിയോകൾ കാണുന്നുവെന്ന പരാമർശമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ലൈംഗികതയെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് താൻ മക്കളോടൊപ്പം അത്തരം വീഡിയോകൾ കാണുന്നതെന്നാണ് അവരുടെ വിശദീകരണം.
ആളുകളുടെ ജീവിതത്തിൽ സാങ്കേതികവിദ്യ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒരു കാലമാണിത്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് കുട്ടികൾ അശ്ലീല ഉള്ളടക്കം കാണാതിരിക്കുകയെന്നത് നടക്കാത്ത ഒരു കാര്യമാണെന്ന് ഷാര പറയുന്നു. കുട്ടികൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് മാതാപിതാക്കളുടെ കണ്ണിൽ പെട്ടാലും അതൊരു വലിയ പ്രശ്നമാകാതിരിക്കുന്നതാണ് നല്ലതെന്നും അവർ പറയുന്നു. തന്റെ കുട്ടികൾ തുറന്ന മനസ്സുള്ളവരാണെന്നും, ഇന്നത്തെ കാലത്ത് എത്ര ശ്രമിച്ചാലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുട്ടികൾ അത്തരം കാര്യങ്ങൾ കാണുക തന്നെ ചെയ്യുമെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ മക്കൾ കൗമാരക്കാരാണെന്നും, ആൺമക്കളെ അശ്ലീല വീഡിയോകൾ കാണാൻ താൻ അനുവദിക്കാറുണ്ടെന്നും ഷാര പറഞ്ഞു. ലൈംഗികതയെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനായി താനും അവരോടൊപ്പം അത് കാണാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. "ഇതുപോലെ ഒരുമിച്ച് കാണുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്താ അഭിപ്രായം, ഇത് രസകരമാണോ?" എന്നവർ മക്കളോട് ചോദിക്കുമ്പോൾ, "അമ്മേ, ഇതുപോലെയാകരുത്" എന്നവർ മറുപടി പറയുമെന്ന് അവർ പറഞ്ഞു.
ഷാരയുടെ ഈ വ്യത്യസ്ത രക്ഷാകർതൃശൈലി വലിയ വിവാദത്തിന് കാരണമാവുകയും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. അതേസമയം ഇന്തോനേഷ്യയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള അറിയപ്പെടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും വിദ്യാഭ്യാസ വിദഗ്ദ്ധ അഗ്രിസ്റ്റ് പീതർ അതിനെ പ്രശംസിക്കുകയാണുണ്ടായത്. ഇത് ശരിയായ സമീപമാണെന്നും, കുട്ടികൾ അത്തരം കാര്യങ്ങൾ കാണുമ്പോൾ ദേഷ്യപ്പെടുന്നത് അബദ്ധമാണെന്നും അവർ പറഞ്ഞു. പിന്നീട് ഭയന്ന് അവർ ആരും കാണാതെ ഒളിച്ച് കാണാൻ ശ്രമിക്കുമെന്നും അഗ്രിസ്റ്റ് അഭിപ്രായപ്പെട്ടു.
"മാതാപിതാക്കൾക്ക് മാത്രമേ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകാൻ കഴിയൂ. ഓൺലൈനിൽ കാണുന്ന ലൈംഗികത മിക്കപ്പോഴും വസ്തുതാപരമായ കാര്യങ്ങൾക്ക് നിരക്കാത്തതാണ്" അഗ്രിസ്റ്റ് കൂട്ടിച്ചേർത്തു. അശ്ലീല വീഡിയോകൾ കാണുമ്പോൾ മക്കളോട് ദേഷ്യപ്പെടാതിരിക്കുന്നത് ഒരു നല്ലകാര്യമാണെങ്കിലും, അത് കാണാൻ അവരോടൊപ്പം ഇരിക്കുന്നത് ശരിയായ രീതിയല്ലെന്നും അഗ്രിസ്റ്റ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona