
ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നത് എഴുന്നൂറോളം അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ. ഇനി ഒരിക്കലും ഉണരില്ലെങ്കിലോ എന്ന ഭയത്തോടെയാണ് തങ്ങൾ ഉറങ്ങാൻ പോകുന്നതെന്ന് അതിലൊന്നിൽ താമസിക്കുന്ന എലിസ ബസിയാൻ പറയുന്നു. കാരണം കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുന്നത് അവിടെ ഒരു നിത്യസംഭവമാണ്.
1940 -കളിൽ പണിത ഇടിഞ്ഞു പൊളിയാറായ ഒരു കെട്ടിടത്തിലാണ് 51 -കാരിയായ എലിസ താമസിക്കുന്നത്. അവർക്കൊപ്പം 12 വയസ്സുള്ള മകളുമുണ്ട്. ആറ് നിലകളുള്ള ആ കെട്ടിടം 'എഡിഫിസിയോ ക്യൂബ' എന്നാണ് അറിയപ്പെടുന്നത്. ക്യൂബയിലെ മറ്റ് കെട്ടിടങ്ങൾ പോലെ ക്യൂബൻ സ്റ്റേറ്റിന്റേതാണ് ഈ ആറ് നില കെട്ടിടവും. കെട്ടിടത്തിനകത്ത് ആകെ 114 ചെറിയ മുറികളാണ് ഉള്ളത്. അവിടെ 92 കുടുംബങ്ങൾ താമസിക്കുന്നു. പണ്ട് കാലത്ത് ഇതൊരു ആഡംബര ഹോട്ടലായിരുന്നുവെന്നാണ് താമസക്കാർ പറയുന്നത്. എന്നാൽ, ഇന്ന് അത് ആകെ നശിച്ച അവസ്ഥയിലാണ്. തറയിലെ പലകകൾ തകർന്നിരിക്കുന്നു. മേൽക്കൂരയിലും, ചുവരുകളിലും വിള്ളലുകളും ചോർച്ചയുമുണ്ട്. "കുട്ടികൾക്ക് സമാധാനമായി ഒന്ന് കളിയ്ക്കാൻ കൂടി സാധിക്കില്ല. കാരണം എപ്പോഴാണ് മേൽക്കൂരയിൽ നിന്ന് ഒരു കഷ്ണം തലയിൽ വന്ന് വീഴുന്നതെന്ന് അറിയില്ല" കണ്ണീരോടെ എലിസ പറഞ്ഞു. അവർ അത് വെറുതെ പറയുന്നതല്ല. അവരുടെ മകനെ അവർക്ക് നഷ്ടപ്പെട്ടത് അങ്ങനെയാണ്. "എനിക്ക് ഇതിനകം ഒരു കുട്ടിയെ നഷ്ടപ്പെട്ടു. ഇനി എന്റെ മകളെ കൂടി നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല" എലിസ പറഞ്ഞു.
മേൽനോട്ടമില്ലായ്മയും, അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം ഹവാനയിൽ കെട്ടിടങ്ങൾ പൂർണ്ണമായോ അല്ലെങ്കിൽ ഭാഗികമായോ തകർന്നുവീഴുന്നു. ഇത് ഏറ്റവും കൂടുതലും സംഭവിക്കുന്നത് ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്തും ചുഴലിക്കാറ്റിലുമാണ്. 2020 -ൽ, ഇതുപോലെ ബാൽക്കണി ഇടിഞ്ഞു വീണ് മൂന്ന് പെൺകുട്ടികൾ മരണപ്പെടുകയുണ്ടായി. ഈ വർഷം, ജൂണിലെ ആദ്യമഴയിൽ തലസ്ഥാനത്ത് 146 കെട്ടിടങ്ങൾ ഭാഗികമായും രണ്ടെണ്ണം പൂർണമായും നിലംപൊത്തി. ഇനിയും എത്ര എണ്ണം വീഴുമെന്നോ, എത്രപേർ മരണപ്പെടുമെന്നോ അറിയില്ല. രാജ്യത്തെ 3.9 ദശലക്ഷം റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ 37 ശതമാനവും 2020 ഓടെ മോശം അവസ്ഥയിലാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
എലിസയുടെ കെട്ടിടം ആളുകൾക്ക് താമസിക്കാൻ ഒട്ടും യോഗ്യമല്ലെന്ന് നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താത്ത ഒരാൾ എഎഫ്പിയോട് പറഞ്ഞു. ആ കെട്ടിടത്തിലെ തന്നെ മറ്റൊരു താമസക്കാരിയാണ് 54 -കാരിയായ ഫ്രാൻസിസ്ക പെന. അർദ്ധരാത്രിയിൽ എങ്ങാനും പുറത്തേയ്ക്ക് ഓടേണ്ടി വന്നെങ്കിലോ എന്ന് ഭയന്ന് ഉറങ്ങാൻ നേരം താൻ പൂർണ്ണമായി വസ്ത്രം ധരിച്ചാണ് ഉറങ്ങുന്നതെന്ന് പെന പറഞ്ഞു. മാത്രവുമല്ല, ഇതെങ്ങാൻ ഇടിഞ്ഞു വീഴുമോ എന്ന ഭയത്താൽ രാത്രിയിൽ നേരെ ഉറങ്ങാനും സാധിക്കാറില്ലെന്ന് അവൾ പറയുന്നു. മാത്രവുമല്ല ഉറക്കത്തിനിടയിൽ മേൽക്കൂരയുടെ ഒരു കഷ്ണം തലയിൽ വന്ന് വീണ് ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്ന മറ്റൊരു താമസക്കാരിയുമുണ്ട് അവിടെ. ഈ പ്രശ്‍നവുമായി അവർ മുട്ടാത്ത വാതിലുകളില്ല. എന്നിട്ടും ഫലമൊന്നുമില്ല.