മരുഭൂമിയില്‍ കുടുങ്ങിയ 84-കാരനെ കണ്ടെത്താനാകാതെ പൊലീസ്, രക്ഷയ്‌ക്കെത്തിയത് വളര്‍ത്തുനായ!

Published : Dec 17, 2022, 04:43 PM IST
മരുഭൂമിയില്‍ കുടുങ്ങിയ 84-കാരനെ കണ്ടെത്താനാകാതെ പൊലീസ്, രക്ഷയ്‌ക്കെത്തിയത് വളര്‍ത്തുനായ!

Synopsis

വെള്ളവും ഭക്ഷണവും കിട്ടാതെ അവശനിലയില്‍ ആയിരുന്ന റൊമേറോയെ പോലീസ് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.

വളര്‍ത്തുനായകളുടെ യജമാന സ്‌നേഹത്തെക്കറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരുപക്ഷേ നായ്ക്കളോളം അവയുടെ ഉടമസ്ഥനെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന മറ്റൊരു വളര്‍ത്തു മൃഗവും ഉണ്ടായിരിക്കുകയില്ല എന്ന കാര്യം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ സംഭവം. 

ഇതൊരു 84-കാരന്റെ കഥയാണ്. നടത്തത്തിനിടയില്‍ വഴിതെറ്റി അദ്ദേഹം മരുഭൂമിയില്‍ എത്തപ്പെടുകയും അവിടെ ഒറ്റപ്പെട്ടു പോവുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തിന് രക്ഷകനായി എത്തിയത് അദ്ദേഹത്തിന്റെ വളര്‍ത്തുനായ തന്നെയാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ഇദ്ദേഹത്തിന് അരികിലേക്ക് പോലീസിനെ കൃത്യമായി എത്തിച്ചാണ് നായ തന്റെ ഉടമസ്ഥനെ രക്ഷപ്പെടുത്തിയത്. 

 

 

നവംബര്‍ 27 -നാണ് മെക്സിക്കോയിലെ മൊക്ടെസുമയില്‍ നിന്നുള്ള ഗ്രിഗോറിയോ റൊമേറോ എന്ന 84-കാരന്‍ നടക്കാനായി വീട്ടില്‍നിന്നിറങ്ങിയത്.  ഗ്രാമങ്ങളിലൂടെ സന്ദര്‍ശനം നടത്തി 3- 4 ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങിവരുന്നതാണ് ഇദ്ദേഹത്തിന്റെ  പതിവ് . എന്നാല്‍ അന്ന് വീട്ടില്‍ നിന്നിറങ്ങി  നാലുദിവസം കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങി വന്നില്ല. ഇതോടെ വീട്ടുകാര്‍ ആശങ്കയിലായി. ചെറിയതോതില്‍ ഓര്‍മ്മക്കുറവുള്ള അദ്ദേഹത്തിന് എന്തെങ്കിലും അപകടം പറ്റിയോ എന്നായിരുന്നു വീട്ടുകാരുടെ ഭയം. അവര്‍ ഉടന്‍ തന്നെ പോലീസില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ഇതേത്തുടര്‍ന്ന് നാഷണല്‍ ഗാര്‍ഡിലെയും മുനിസിപ്പല്‍ പോലീസിലെയും മുനിസിപ്പല്‍ സിവില്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെയും അംഗങ്ങള്‍ പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായത്തോടെ  ഒരാഴ്ചയോളം ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയും സന്തതസഹചാരിയും ആയിരുന്നു എല്‍ പലോമോ എന്ന വളര്‍ത്തു നായയുടെ സഹായം തേടാന്‍ തീരുമാനിച്ചു. അത്ഭുതകരം എന്ന് പറയട്ടെ സഹായം തേടിയ ആദ്യദിനം തന്നെ വീട്ടില്‍ നിന്ന് രണ്ടുമൈല്‍ അകലെയുള്ള ഒരു മരുഭൂ പ്രദേശത്ത് ഒറ്റപ്പെട്ട നിലയില്‍ അദ്ദേഹത്തെ കണ്ടെത്തി. ജീവന്‍ ഉണ്ടായിരുന്നെങ്കിലും വെള്ളവും ഭക്ഷണവും കിട്ടാതെ അവശനിലയില്‍ ആയിരുന്ന റൊമേറോയെ പോലീസ് ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത് ആശുപത്രി വരാന്തയില്‍ നിശബ്ദനായി വളര്‍ത്തു നായ  നില്‍പ്പുണ്ടായിരുന്നു തന്റെ യജമാനന്‍ സുഖമായി വരുന്നതും കാത്ത്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ