
മഹാരാഷ്ട്രയില്‍ ഒരു ആനയെ ചൊല്ലിയുള്ള വിവാദം കടുക്കുകയാണ്. 36 വയസ്സുള്ള പെൺ ആന മഹാദേവി എന്ന മാധുരിയെ തിരികെ കോലാപ്പൂരിലേക്ക് കൊണ്ട് വരണമെന്നാവശ്യപ്പെട്ട നിവേദനത്തില്‍ ഒപ്പ് വച്ചത് മൂന്ന് ലക്ഷത്തിലേറെ പേരെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാധുരിയെ തിരികെ കൊണ്ട് വരാനായി മുൻ എംപി രാജു ഷെട്ടി നയിച്ച മാര്‍ച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോടതി നിർദ്ദേശ പ്രകാരമാണ് മാധുരിയെ റിലയന്‍സിന്‍റെ കീഴിലുള്ള ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ വന്താര വന്യജീവി കേന്ദ്രത്തിലേക്ക് മാറ്റിയത്.
1992-ൽ മൂന്ന് വയസ്സുള്ളപ്പോഴാണ് കർണാടകയിൽ നിന്ന് കോലാപ്പൂരിലെ നന്ദിനിയിലെ ജിൻസെൻ ഭട്ടാരിക പട്ടാചാര്യ മഹാസ്വാമി ജൈന മഠത്തിലേക്ക് കൊണ്ട് വരുന്നത്. അന്ന് മുതല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു മാധുരി. എന്നാല്‍, ഏകാന്തതയും ആരോഗ്യ പ്രശ്നങ്ങളും മാധുരിയുടെ ആരോഗ്യം നശിപ്പിക്കുന്നവെന്ന പരാതി ഉയർന്നതിനെ തുടര്‍ന്നാണ് ആനയെ വന്താരയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ ആനയെ വന്താരയിലേക്ക് മാറ്റിയത് കോലാപ്പൂരില്‍ വൈകാരിക രംഗങ്ങളാണ് സൃഷ്ടിച്ചത്. നൂറു കണക്കിനാളുകൾ ആനയെ കോലാപ്പൂരില്‍ നിന്നും കൊണ്ട് പോകരുതെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ വിഷയം രാഷ്ട്രീയ നേതൃത്വവും ഏറ്റെടുക്കുകയായിരുന്നു.
ആനയ്ക്ക് സന്ധിവാതം, കാല്‍ നഖത്തിൽ പഴുപ്പ്, ഏറെ കാലത്തെ ഏകാന്ത ജീവിതം സമ്മാനിച്ച മാനസിക പ്രശ്നങ്ങൾ എന്നിവയുണ്ടെന്നാണ് പരാതിക്കാര്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് മുംബൈ ഹൈക്കോടതി ആനയെ വന്താരയിലേക്ക് മാറ്റാന്‍ ജൂലൈ 16 ന് ഉത്തരവിട്ടത്. ജൂലൈ 25 ന് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരിവച്ചു. പിന്നാലെയാണ് ആനയെ വന്താരയിലേക്ക് മാറ്റിയത്. മാധുരിയ്ക്ക് മികച്ച സേവമാണ് നല്‍കുന്നതെന്ന് വന്താര പുറത്തിറക്കിയ ചെറു വീഡിയോയില്‍ അവകാശപ്പെട്ടുന്നു. ജലചികിത്സ, വിദഗ്ദ്ധ വെറ്ററിനറി പരിചരണം, മറ്റ് ആനകളുമായുള്ള സാമൂഹികവൽക്കരണം എന്നിവ തങ്ങൾ മാധുരിക്കായി കരുതിവച്ചതായും വന്താര അവകാശപ്പെട്ടുന്നു. അതേസമയം ഇന്നലെ നടന്ന മാര്‍ച്ചിന് പിന്നാലെ, മാധുരിയെ തിരികെ കോലാപ്പൂരിലേക്ക് കൊണ്ടുവരുന്നതിന് വന്താര അധികൃതർ സമ്മതിച്ചതായി മഹാരാഷ്ട്രാ ആരോഗ്യ മന്ത്രി പ്രകാശ് ആഭിത്കർ പറഞ്ഞു. മാധുരിയെ വന്താരയിലേക്ക് മാറ്റിയതിന് പിന്നാലെ, കോലാപ്പൂരിൽ ജിയോ സിമ്മുകൾ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.