Philippines: സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അടച്ചുപൂട്ടല്‍, നൊബേല്‍ ജേതാവിന്റെ മാധ്യമസ്ഥാപനം പൂട്ടാന്‍ നീക്കം

Published : Jun 29, 2022, 05:07 PM IST
Philippines: സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അടച്ചുപൂട്ടല്‍, നൊബേല്‍ ജേതാവിന്റെ മാധ്യമസ്ഥാപനം പൂട്ടാന്‍ നീക്കം

Synopsis

ബലാല്‍സംഗഭീഷണികള്‍ക്കും കൊലവിളികള്‍ക്കുമിടയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന നൊബേല്‍ സമ്മാന ജേതാവിനെ പൂട്ടാന്‍ പുതിയ  ഫിലിപ്പീന്‍സ് ഭരണകൂടം

സമാധാനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസയുടെ മാധ്യമസ്ഥാപനമായ 'റാപ്ലര്‍' ഓണ്‍ലൈന്‍ അടച്ചുപൂട്ടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ വീണ്ടും ഉത്തരവിട്ടു. മുന്‍ പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ സ്ഥാനമൊഴിയുകയും അദ്ദേഹത്തിന്റെ ശിങ്കിടിയും മുന്‍ ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകനുമായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഫിലിപ്പീന്‍സ് സര്‍ക്കാറിന്റെ കണ്ണിലെ കരടായ മാധ്യമസ്ഥാപനം അടച്ചുപൂട്ടാന്‍ വീണ്ടും ശ്രമം ആരംഭിച്ചത്. മുന്‍ പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെയുടെ കടുത്ത വിമര്‍ശകയാണ് മരിയ റെസയും അവരുടെ ഡിജിറ്റല്‍ മാധ്യമസ്ഥാപനമായ റാപ്ലറും

ഒരു അമേരിക്കന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ധനസഹായം സ്വീകരിച്ചു എന്നാരോപിച്ച് റാപ്ലര്‍ അച്ചുപൂട്ടാന്‍ 2018-ല്‍ റോഡ്രിഗോ ദുതേര്‍തെയുടെ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഫിലിപ്പീന്‍സിലെ വിദേശനാണ്യ വിനിമയ ചട്ടങ്ങളും മാധ്യമസ്ഥാപനങ്ങളിലെ വിദേശമൂലധന നിയമങ്ങളും ലംഘിച്ചു എന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍, ഇതിനെ റാപ്ലര്‍ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവുണ്ടാവുകയും ചെയ്തു. അതിനുശേഷവും, റാപ്ലര്‍ റോഡ്രിഗോ ദുതേര്‍തെ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും അരുംകൊലകളും പുറത്തുകൊണ്ടുവരികയും പ്രസിഡന്റുമായി ബന്ധപ്പെട്ട അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മെയ് മാസം നടന്ന ഫിലിപ്പീന്‍സ് തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്ന മുഖ്യവിമര്‍ശനങ്ങള്‍ ഈ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പില്‍, റോഡ്രിഗോ ദുതേര്‍തെയുടെ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തില്‍ വരികയും സഖ്യകക്ഷി നേതാവായ മാര്‍ക്കോസ് ജൂനിയര്‍ പുതിയ പ്രസിഡന്റാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്, വീണ്ടും റാപ്ലര്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാറിനെതിരെ വിമര്‍ശനാത്മക നിലപാടുകള്‍ സ്വീകരിച്ച മറ്റ് മാധ്യമങ്ങളെകൂടി ഇല്ലാതാക്കുന്ന നടപടികളാണ് പുതിയ സര്‍ക്കാര്‍ ആരംഭിച്ചതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. 

സര്‍ക്കാറിന്റെ ഉത്തരവ് അനുസരിക്കില്ലെന്ന് മരിയ റെസ മാധ്യമങ്ങളോട് പറഞ്ഞു. റാപ്ലര്‍ പ്രവര്‍ത്തനം പഴയതുപോലെ തന്നെ തുടരും.  മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള നടപടികളാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കൈക്കൊളളുന്നതെന്നും ഇതിനെ കോടതി വഴി ചെറുത്തുതോല്‍പ്പിക്കുമെന്നും മരിയ റെസ പറഞ്ഞു. സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ തുറന്നുകാണിക്കുന്ന മാധ്യമപ്രവര്‍ത്തനം തുടരുമെന്നും അവര്‍ വ്യക്തമാക്കി. Also Read : 'എന്റെ എഫ് ബി കമന്റ് ബോക്‌സ് നിറയെ ബലാല്‍സംഗ ഭീഷണികളായിരുന്നു'

 

 

ആരാണ് മരിയ റെസ

അമേരിക്കന്‍ സംവിധായിക റമോണ എസ് ഡയസ് സംവിധാനം ചെയ്ത 'എ തൗസന്റ് കട്ട്സ് എന്ന' ഡോക്യുമെന്ററി ചിത്രം ഫിലിപ്പീന്‍ മാധ്യമപ്രവര്‍ത്തക മരിയ റെസെയെ കുറിച്ചാണ്. സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം ലഭിച്ച  മരിയ ഏകാധിപതിയായ റൊഡ്രിഗോ ദുതേര്‍തെ ഭരിക്കുന്ന ഫിലിപ്പീന്‍സില്‍ എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത് എന്നാണ് ആ സിനിമ പകര്‍ത്തുന്നത്. 

വെടിയേല്‍ക്കാതിരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചാണ് സിനിമയില്‍ പലപ്പോഴും മരിയ പ്രത്യക്ഷപ്പെടുന്നത്. സദാസമയവും അവരുടെ കൂടെ സായുധരായ അംഗരക്ഷകരുണ്ട്. അവരുടെ മാധ്യമസ്ഥാപനത്തിനു മുന്നിലും എപ്പോഴും സായുധ കാവല്‍ക്കാരുണ്ട്. എന്തിനാണ് ഒരു മാധ്യമപ്രവര്‍ത്തക ഇത്രയും ഭയന്നു ജീവിക്കുന്നത്? എന്തു കൊണ്ടാണ് അവരിങ്ങനെ സദാ ഭീഷണിക്കു കീഴില്‍ ജീവിക്കേണ്ടി വരുന്നത്? 

''ഒരു മണിക്കൂറിനുള്ളില്‍ ശരാശരി 90 വധഭീഷണികളാണ് എന്റെ ഫോണിലേക്ക് കോളായും മെസേജായും വന്നു കൊണ്ടിരുന്നത്. ഫേസ്ബുക്കില്‍ എന്റെ പോസ്റ്റുകള്‍ക്കു താഴെ നിറയുന്ന ബലാല്‍സംഗം ചെയ്തു കൊന്നുകളയുമെന്ന കമന്റുകള്‍ക്ക് പുറമേ ആണിത്.''-ഒരു അഭിമുഖത്തില്‍ മരിയ ഇങ്ങനെ പറയുന്നു. ഇതിനു പുറമേ, ആ രാജ്യത്തിന്റെ മുന്‍ഭരണാധികാരി പരസ്യമായി പല വട്ടം പറഞ്ഞ ഒരു ഭീഷണി കൂടി ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ''മാധ്യമ പ്രവര്‍ത്തകര്‍ ആയതു കൊണ്ടു മാത്രം നിങ്ങള്‍ വധിക്കപ്പെടില്ല എന്നു പറയാനാവില്ല''എന്നായിരുന്നു പ്രസിഡന്റിന്റെ ഭീഷണി. 

ഇതു തന്നെയാണ്, ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിച്ചു നടക്കാന്‍ മരിയയെ പ്രേരിപ്പിക്കുന്നത്. സായുധ അംഗരക്ഷകരില്ലാതെ സ്വന്തം നാട്ടില്‍ ജീവിക്കാനാവാത്ത അവസ്ഥയിലാണ് അവരെന്ന്, ആ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും. ഓഫ് ലൈന്‍ ജീവിതത്തില്‍ മാത്രമല്ല, ഓണ്‍ലൈന്‍ ജീവിതത്തിലും അവര്‍ സദാ ഭീഷണികള്‍ക്കു മുന്നിലാണ്. ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റിന്റെ ഓണ്‍ലൈന്‍ ട്രോള്‍ ആര്‍മി വര്‍ഷങ്ങളായി ഈ മാധ്യമപ്രവര്‍ത്തകയുടെ പുറകിലാണ്. അവര്‍ നിരന്തരമായി മരിയക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. വ്യാജവാര്‍ത്തകള്‍, ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ഫോട്ടോകള്‍, മോര്‍ഫ് ചെയ്ത നഗ്ന വീഡിയോകള്‍ എന്നിവ മാത്രമല്ല, മരിയ പറയുന്ന ഓരോ വാക്കിനെയും പരിഹസിക്കുന്ന വൃത്തികെട്ട ട്രോളുകള്‍, ബലാല്‍സംഗ ഭീഷണി മുഴക്കുന്ന പോസ്റ്റുകള്‍, കൊന്നുകളയുമെന്ന ഫേസ്ബുക്ക് കമന്റുകള്‍. ആയിരക്കണക്കിന് പേര്‍ അടങ്ങുന്ന ഈ സൈബര്‍ ആര്‍മി മരിയയുടെ ഫോണ്‍ നമ്പര്‍ വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ഏതു നേരത്തും ആളുകളെക്കൊണ്ട് വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. 

മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള വഴി

ഫിലിപ്പീന്‍സില്‍ ജനിച്ച മരിയ അമേരിക്കയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫിലിപ്പീന്‍സിലെ ഏകാധിപതിയായ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജനാധിപത്യധ്വംസന നിയമം ഏര്‍പ്പെടുത്തിയപ്പോഴാണ് മരിയയുടെ കുടുംബം കൊച്ചുകുട്ടിയായ അവരെയും കൊണ്ട് അമേരിക്കയിലേക്ക് രക്ഷപ്പെട്ടത്. വെള്ളക്കാരായ കുട്ടികള്‍ക്കിടയിലുള്ള കുട്ടിക്കാലം ആദ്യകാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായി ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ, അമേരിക്കയിലെ പ്രശസ്തമായ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ അവര്‍ ബിരുദം  പൂര്‍ത്തിയാക്കി. പിന്നീടാണ്, ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോവാന്‍ അവര്‍ തീരുമാനിച്ചത്. ആ കാലമായപ്പോഴേക്കും ഏകാധിപതിയായ മാര്‍ക്കോസിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയിരുന്നു. ഫിലിപ്പീന്‍സില്‍ ജനാധിപത്യം തിരിച്ചു വന്നു. അങ്ങനെയാണ് മരിയ ഫിലിപ്പീന്‍സിലേക്ക് മടങ്ങിച്ചെന്നത്. അവിടെ എത്തിയ അവര്‍ മാധ്യമ പ്രവര്‍ത്തനം ജീവിതമാര്‍ഗമായി സ്വീകരിച്ചു. 

ഫിലിപ്പീന്‍സിലെ ഒരു പ്രദേശിക ചാനലിലായിരുന്നു ജോലി ആരംഭിച്ചത്് പിന്നീട്, സി എന്‍ എന്‍ ചാനലിന്റെ ബ്യൂറാ ചീഫായി. അതിനു ശേഷം ഫിലിപ്പീന്‍സിലെ ഒന്നാം നമ്പര്‍ ചാനലായ എ ബി എസ് സി ബിയുടെ ന്യൂസ് ഹെഡായി. അവിടന്നാണ് അവര്‍ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലേക്ക് വന്നത്. മൂന്ന് സഹപ്രവര്‍ത്തകമാര്‍ക്കൊപ്പം ചാനല്‍ വിട്ട അവര്‍ പരിമിത സാഹചര്യങ്ങളിലാണ് സ്വന്തം ഓണ്‍ലൈന്‍ മാധ്യമം തുടങ്ങിയത്. സോഷ്യല്‍ മീഡിയാ സാദ്ധ്യതകള്‍ നന്നായി ഉപയോഗിച്ച റാപ്ലര്‍ അതിവേഗം മുന്‍നിരയിലെത്തി. ഫിലിപ്പീന്‍സില്‍ ഇന്നതില്‍ നൂറിലേറെ ജീവനക്കാരുണ്ട്. ഏറ്റവും വായിക്കപ്പെടുന്ന രണ്ടാമത്തെ ഓണ്‍ലൈന്‍ മാധ്യമമാണ് അതിന്ന്. ലോകം ഏറ്റവും വിശ്വാസ്യത പുലര്‍ത്തുന്ന ഫിലിപ്പീന്‍ മാധ്യമവും അതാണ്. 

 

  റോഡ്രിഗോ ദുതേര്‍തെ


ഭരണാധികാരിയുടെ തലവേദന
എന്നിട്ടും എന്തു കൊണ്ടാണ് ഫിലിപ്പീന്‍ ഭരണകൂടം മരിയയെയും അവരുടെ മാധ്യമത്തെയും ശത്രുവായി കാണുന്നത്? ഫിലിപ്പീന്‍സ് മുന്‍ ഭരണാധികാരിയെക്കുറിച്ച് അറിഞ്ഞാലേ അതു മനസ്സിലാവൂ. അഞ്ചു വര്‍ഷമായി ഫിലിപ്പീന്‍സ് ഭരിച്ചത്, എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരനായ ഒരു ഭരണാധികാരിയായിരുന്നു-മുന്‍ മേയറായിരുന്ന റോഡ്രിഗോ ദുതേര്‍തെ. 2016-ല്‍ അധികാരമേറ്റ അന്ന് മുതല്‍ അദ്ദേഹം ആരംഭിച്ച 'മയക്കുമരുന്നിനെതിരായ യുദ്ധം' ആയിരക്കണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. പൊലീസിനെയും പട്ടാളത്തെയും ഭരണകൂടത്തെയും ഉപയോഗിച്ച് അയാള്‍ മര്‍ദ്ദക ഭരണം നടത്തുകയാണ്. എല്ലാ പ്രശ്നത്തിനും അയാള്‍ കാണുന്ന പരിഹാരം കൊലപാതകമാണ്. ലോകമെങ്ങും വിമര്‍ശനം ഉയര്‍ന്നിട്ടും അതൊന്നും വകവെയ്ക്കാതൊണ് അദ്ദേഹം മുന്നോട്ടു പോവുന്നത്. Read Also: ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ എതിര്‍പ്പ്, സുന്ദരിയെങ്കില്‍ റേപ്പ് ഉറപ്പ്, വിവാദ നായകന്‍ അരങ്ങ് വിടുമോ?

ദുതേര്‍തെയുടെ ഏറ്റവും വലിയ തലവേദനയാണ് മരിയ എന്ന മാധ്യമപ്രവര്‍ത്തക. മിക്കവാറും മാധ്യമങ്ങള്‍ ദുതേര്‍തെയുടെ ചൊല്‍പ്പടിക്കാരായി മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മിക ഉയര്‍ത്തിപ്പിടിച്ച് ധീരമായ മാധ്യമപ്രവര്‍ത്തനം നടത്തുകയായിരുന്നു അവര്‍. 2012-ല്‍ അവര്‍ ആരംഭിച്ച റാപ്ലര്‍ എന്ന  ഓണ്‍ലൈന്‍ മാധ്യമം നിര്‍ഭയമായ റിപ്പോര്‍ട്ടിംഗ്, മൂര്‍ച്ചയുള്ള വിശകലനം, സമഗ്രമായ കവേറജ് എന്നിവയിലൂടെ അതിവേഗമാണ് രാജ്യത്തെ ഏറ്റവും വായിക്കപ്പെടുന്ന മാധ്യമമായി മാറിയത്. ലോകമെങ്ങും അറിയപ്പെടുന്ന മരിയ ടൈം മാസികയുടെ പേഴ്സണ്‍ ഓഫ്ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നൊബേല്‍ സമ്മാനം അടക്കമുള്ള നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചു. ലോക പ്രശസ്തമായ പുസ്തകങ്ങളും അവര്‍ എഴുതിയിട്ടുണ്ട്. 

 
മരിയയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍

മരിയ എഡിറ്ററായ മാധ്യമസ്ഥാപനം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറേ വര്‍ഷമായി നിരന്തര ശ്രമങ്ങള്‍ നടത്തുകയാണ്. വിദേശികള്‍ക്കു വേണ്ടി രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് മരിയയുടെ മാധ്യമം എന്നാണ് പ്രസിഡന്റ് പരസ്യമായി പറയുന്നത്. ഇതിനായി പണം മുടക്കുന്നത് അമേരിക്കന്‍ മുതലാളിമാരാണ് എന്നും അദ്ദേഹം ആരോപിച്ചു. രാജ്യദ്രോഹ കുറ്റമാണ് മരിയ ചെയ്യുന്നതെന്നും പ്രസിഡന്റ് പല വട്ടം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മരിയയുടെ മാധ്യമ സ്ഥാപനം അടച്ചുപൂട്ടാനാണ് പിന്നീട് ശ്രമങ്ങള്‍ നടന്നത്. മരിയ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് നിരന്തരം ഇന്‍കം ടാക്സ് റെയ്ഡുകള്‍ നടത്തി. എല്ലാ രേഖകളും ശരിയായിട്ടും 133 മില്യന്‍ ഫിലിപ്പീന്‍സ് പെസോ പിഴ ചുമത്തി.  മരിയയുടെ സ്ഥാപനത്തിനെതിരെ സര്‍ക്കാര്‍ ഇതുവരെ 11 കേസുകളാണ് ചുമത്തിയത്. അതില്‍ ആറെണ്ണം ക്രിമനല്‍ കേസുകളാണ്. വിദേശ നിക്ഷേപ പ്രശ്ന പറഞ്ഞ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി. എന്നാല്‍, കോടതി പിന്നീട് ഈ നടപടി പിന്‍വലിച്ചു. പല കേസുകളും  കോടതി തള്ളിക്കളഞ്ഞെങ്കിലും പുതിയ കേസുകള്‍ കൊണ്ടുവന്നു. 

അതിനിടെയാണ് അവരെ 2020-ല്‍ ജയിലിലടച്ചത്. സര്‍ക്കാറിന്റെ സ്വന്തക്കാരനായ ഒരു വ്യവസായപ്രമുഖന്‍ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ആറു മാസം തടവുശിക്ഷ വിധിച്ചത്. നല്‍കിയത്. വിദേശ നിര്‍മിതമായ വാഹനങ്ങള്‍ നികുതി വെട്ടിച്ച് രാജ്യത്തു കടത്തിയ കേസില്‍ രക്ഷപ്പെടാന്‍ ഈ വന്‍കിട വ്യവസായി ചീഫ്ജസ്റ്റിസിന് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത മരിയയുടെ മാധ്യമമായ റാപ്ലര്‍ തെളിവു സഹിതം പുറത്തു കൊണ്ടുവന്നതിനു ശേഷമാണ് മരിയയ്ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. പ്രസിഡന്റിന്റെ വിമര്‍ശകരെ ഒതുക്കുന്നതിനായി പുതുതായി കൊണ്ടുവന്ന ഓണ്‍ലൈന്‍ മാരണ നിയമത്തിലെ വിവാദ വകുപ്പുകള്‍ ഉപയോഗിച്ചാണ് മരിയക്കെതിരെ കേസ് നല്‍കിയത്. അവയൊന്നും വിലപ്പോവാതിരുന്നപ്പോഴാണ് പുതിയ കൊണിയുമായി സര്‍ക്കാര്‍ റാപ്ലറിനെതിരെ ഇറങ്ങിയത്. 
 

PREV
Read more Articles on
click me!

Recommended Stories

'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം
കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു