ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ എതിര്‍പ്പ്, സുന്ദരിയെങ്കില്‍ റേപ്പ് ഉറപ്പ്, വിവാദ നായകന്‍ അരങ്ങ് വിടുമോ?
റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച് മുറാതോവിനൊപ്പം ഫിലിപ്പീന്‍സ് മാധ്യമ പ്രവര്‍ത്തക മരിയ റെസ്സയെ തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അംഗീകരിക്കപ്പെട്ടത് ലോകമെങ്ങുമുള്ള പൊരുതുന്ന മാധ്യമപ്രവര്‍ത്തകരാണ്. എന്നാല്‍, ചര്‍ച്ചയായത്, മാധ്യമപ്രവര്‍ത്തനം മാത്രമായിരുന്നില്ല, മാധ്യമങ്ങളെ ഒന്നാകെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്ന ഫിലിപ്പീന്‍സിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ ചെയ്തികള്‍ കൂടെയാണ്. മരിയയ്ക്കുള്ള അവാര്‍ഡ് സത്യത്തില്‍ ഫിലിപ്പീന്‍ ഭരണകൂടത്തിനുള്ള കരണത്തടിയാണ്. മരിയയെ നശിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തുന്ന പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ ഇക്കഴിഞ്ഞ ആഴ്ച രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആരാണ് റോഡ്രിഗോ ദുതേര്‍തെ? അദ്ദേഹം ശരിക്കും രാഷ്ട്രീയം വിടുമോ?
ഫിലിപ്പീന്‍സ് പ്രസിഡന്റായ റോഡ്രിഗോ ദുതേര്‍തെ കഴിഞ്ഞ ആഴ്ച ഒരു പ്രഖ്യാപനം നടത്തി. താന്‍ സജീവ രാഷ്ട്രീയം വിടുകയാണ് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മല്‍സരിക്കാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാ പ്രകാരം ഫിലിപ്പീന്‍സില്‍ ഏഴ് വര്‍ഷമാണ് ഒരാള്‍ക്ക് പ്രസിഡന്റാവാന്‍ കഴിയുക. ആ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ താന്‍ വിരമിക്കുകയാണ് എന്നാണ് 76 -കാരനായ ഈ വിവാദനേതാവ് പറയുന്നത്.
കമ്യൂണിസ്റ്റുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോഡ്രിഗേ പിന്നീട് തീവ്രവലതുപക്ഷ, കടും ദേശീയവാദ നിലപാടുകളിലേക്ക് പോവുകയായിരുന്നു. സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന് എന്തിനും തയ്യാറായ ലക്ഷക്കണക്കിന് അനുയായികളുടെ പിന്തുണയുണ്ട്.
2016-ലാണ് റോഡ്രിഗോ ദുതേര്‍തെ പ്രസിഡന്റായി അധികാരമേറ്റത്. ഭരണകക്ഷിയായ പിഡിപി ലബാന്‍ നേതാവായ അദ്ദേഹം നേരത്തെ ഏഴ് തവണ മേയറായിരുന്നു. പ്രസിഡന്റായതോടെ, പാര്‍ട്ടിയേക്കാള്‍ വലിയ പ്രതിച്ഛായയിലേക്ക് അദ്ദേഹം ഉയര്‍ന്നു.
റോഡ്രിഗോയുടെ ഡെത്ത്‌സ്‌ക്വാഡ് എന്നറിയപ്പെടുന്ന ആരാധക വൃന്ദമാണ് പിന്നീട് പാര്‍ട്ടിയെ തന്നെ നിയന്ത്രിച്ചു തുടങ്ങിയത്. ആയിരക്കണക്കിനാളുകള്‍ അടങ്ങുന്ന ഒരു ഓണ്‍ലൈന്‍ ട്രോള്‍ ആര്‍മിയുണ്ട് ഈ സംഘത്തിന്. സൈബര്‍ ആക്രമണമാണ് പ്രധാന ജോലി. ഫേക്ക് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു മുതല്‍ ഫോട്ടോഷോപ്പ് വ്യാജ ഇമേജുകള്‍ പ്രചരിപ്പിക്കുന്നതു വരെ ചെയ്യാത്ത പണികളില്ല.
ദവാവോ പ്രവിശ്യയുടെ മുന്‍ ഗവര്‍ണറായ വിസെന്റ് എ ദുതേര്‍തെയുടെയും അധ്യാപികയായ സോലിദാദിന്റെയും മകനാണ് റോഡ്രിഗോ. നിയമബിരുദം നേടിയ ശേഷം രാഷ്ട്രീയത്തിലിറങ്ങിയ എഴ് തവണ റോഡ്രിഗോ ദവാവോയിലെ മേയറായിരുന്നു.
മേയറായിരിക്കെ, മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും തുടച്ചു നീക്കാന്‍ എന്ന പേരില്‍ റോഡ്രിഗോ കൊണ്ടുവന്ന പദ്ധതി വിവാദമായിരുന്നു. ആരെയും വിചാരണകൂടാതെ വെടിവെച്ചുകൊല്ലുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. ദവാവോ ഡെത്ത്‌സ്‌ക്വാഡ് എന്ന സംഘത്തെ വളര്‍ത്തി അവരെ ഉപയോഗിച്ച് ആളുകളെ വെടിവെച്ചു കൊല്ലുകയായിരുന്നു. നിരവധി തെരുവു കുട്ടികളെയും ഈ സംഘം കൊന്നു കളഞ്ഞു. എന്നാല്‍, ഇതൊന്നും വലിയ വിവാദമായില്ല.
കോളജില്‍ പഠിക്കുന്ന സമയത്തു തന്നെ പലരെയും വെടിവെച്ചു കൊന്നതായി റോഡ്രിഗോ പറഞ്ഞിരുന്നു. തന്നോട് മോശമായി പെരുമാറിയവരെയും തനിക്ക് കലിപ്പ് തോന്നിയവരെയും വെടിവെച്ചു കൊന്നു എന്നാണ് ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയത്. എന്നാല്‍, ഇക്കാര്യം അന്വേഷിച്ച ഓംബുഡ്‌സ്മാന്‍, അതൊക്കെ അന്ന് സാധാരണമായിരുന്നു എന്നായിരുന്നു ന്യായീകരിച്ചത്.
മേയര്‍ പദവിയില്‍നിന്നാണ് ഇയാള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിന്റെ രക്ഷകന്‍, വികസന നായകന്‍, ദേശീയവാദിയായ നേതാവ്, ദുഷ്ടനിഗ്രഹം നടത്തുന്ന ദൈവം എന്നിങ്ങനെ സൈബര്‍ ആര്‍മിയെ ഉപയോഗിച്ച് വമ്പന്‍ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഇയാള്‍ വിജയിച്ചു. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുന്ന സാധാരണക്കാരന്‍ എന്നായിരുന്നു അയാള്‍ സ്വയം വിശേഷിപ്പിച്ചത്.
ഫേസ്ബുക്കാണ് ഫിലിപ്പീന്‍സിന്റെ പ്രധാന സോഷ്യല്‍ മീഡിയ. അതായിരുന്നു റോഡ്രിഗോയുടെയും ട്രോള്‍ ആര്‍മിയുടെയും പ്രധാന ആയുധം. ഫേക്ക് വാര്‍ത്തകളും വ്യാജ ഇമേജുകളും ഉപയോഗിച്ച് ഇവര്‍ റോഡ്രിഗോയെ താരമാക്കി മാറ്റി. ബലാല്‍സംഗത്തെയും കൊലപാതകത്തെയുമെല്ലാം പ്രകീര്‍ത്തിക്കുന്ന ഇയാള്‍ക്ക് ഏറെ ആരാധകരുടെ പിന്‍ബലവുമുണ്ടായി.
2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇയാള്‍ പ്രസിഡന്റായി. ജൂണ്‍ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാന്‍ റോഡ്രിഗോ ആഹ്വാനം ചെയ്തു.
പൊലീസും ഇയാളുടെ ഡെത്ത് സ്‌ക്വാഡും ചേര്‍ന്ന് ആറായിരത്തോളം പേരെ കൊന്നു എന്നാണ് ഔദേ്യാഗിക കണക്ക്. പന്ത്രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഇരുപതിനായിരം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രതിപക്ഷ സെനറ്റര്‍മാര്‍ പറഞ്ഞത്.
2016-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഇയാള്‍ പ്രസിഡന്റായി. ജൂണ്‍ 30 -ന് അധികാരത്തിലേറിയ അന്നു തന്നെ രാജ്യം മയക്കുമരുന്നിനെതിരായ ഒരു വേട്ട ആരംഭിക്കുകയാണെന്ന് ഇയാള്‍ പ്രഖ്യാപിച്ചു. മയക്കുമരുന്ന് സംഘങ്ങളെയും ക്രിമിനലുകളെയും വെടിവെച്ചു കൊല്ലാന്‍ റോഡ്രിഗോ ആഹ്വാനം ചെയ്തു.
ലോകമാകെ പ്രതിഷേധമുണ്ടായെങ്കിലും പ്രസിഡന്റ് റോഡ്രിഗോ അതൊന്നും വകവെച്ചില്ല. ഐക്യരാഷ്ട്ര സഭ ഇതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും റോഡ്രിഗോ അതുമായി സഹകരിച്ചില്ല. സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് എല്ലാ എതിര്‍പ്പുകളെയും അദ്ദേഹം അടിച്ചമര്‍ത്തി.
എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം കൊല്ലും കൊലയുമാണെന്നാണ് റാഡ്രിഗോ പറഞ്ഞത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലാനും ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടേണ്ടവരാണ് എന്നും ഇദ്ദേഹം പരസ്യമായി പറഞ്ഞു.
ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞ ഭരണാധികാരിയായിരുന്നു റൊഡ്രിഗോ. ആയിരങ്ങളെയാണ് കൊവിഡ് കാലത്ത് ഇയാള്‍ ജയിലിലാക്കിയത്. അനേകം പേരെ വെടിവെച്ചു കൊന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഹെലിക്കോപ്റ്ററില്‍ നിന്ന് താന്‍ താഴേക്ക് എറിഞ്ഞു കൊന്നിട്ടുണ്ടെന്നും പറഞ്ഞു.
ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന അനേകം പ്രസ്താവനകളാണ് റോഡ്രിഗോ നടത്തിയിരുന്നത്. സൈനികര്‍ക്ക് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാമെന്നായിരുന്നു ഒരു പ്രസ്താവന. മൂന്ന് ബലാല്‍സംഗ കേസുകള്‍ വരെ കുറ്റകരമല്ല എന്നും അയാള്‍ പ്രസ്താവിച്ചു. മിസ് യൂണിവേഴ്സിനെ ബലാല്‍സംഗം ചെയ്യുന്നതില്‍ തെറ്റില്ല എന്നായിരുന്നു 2017- ല്‍ അയാള്‍ പറഞ്ഞത്.
മരണം ഉറപ്പായ സമയത്ത് ഒരാള്‍ ബലാത്സംഗം ചെയ്യാന്‍ ധൈര്യം കാട്ടിയാല്‍ അയാളെ താന്‍ അഭിനന്ദിക്കുമെന്നായിരുന്നു മറ്റൊരു പ്രസ്താവന. സ്ത്രീകള്‍ സുന്ദരികളാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും അവര്‍ സമ്മതിക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം എന്നുമായിരുന്നു മറ്റൊരു പ്രസ്താവന.
ജാക്വിലിന്‍ ഹാമിലിന്‍ എന്ന ഒരു മിഷനറി പ്രവര്‍ത്തക ഇയാള്‍ മേയറായിരിക്കെ ദവാഓ ജയിലില്‍ ബലാല്‍സംഗം ചെയ്തുകൊല്ലപ്പെട്ടപ്പോഴുമുണ്ടായി വിവാദ പ്രസ്താവന. അവളെ ആദ്യം പ്രാപിക്കേണ്ടത് മേയറാവണമായിരുന്നു എന്നാണ് പരസ്യമായി അയാള്‍ വിളിച്ചു പറഞ്ഞത്.
പൊതുപരിപാടികളില്‍ മുന്നില്‍ വരുന്ന സ്ത്രീകളെ ബലം പ്രയോഗിച്ച് ചുംബിക്കുകയാണ് അങ്ങേരുടെ ഒരു ഹോബി. 2018-ല്‍ ജപ്പാന്‍ സന്ദര്‍ശിച്ച സമയത്ത്, സദസ്സില്‍ നിന്നാരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് ഒരു സ്ത്രീയെ പരസ്യമായി ചുംബിച്ചിരുന്നു ഇയാള്‍. അന്നത് വിവാദമായി. അപ്പോള്‍ എന്തു കൊണ്ട് അവള്‍ എതിര്‍ത്തില്ല എന്നായിരുന്നു ന്യായീകരണം.
പിറ്റേവര്‍ഷം ജൂണില്‍ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അഞ്ച് സ്ത്രീകളെയാണ് ഇയാള്‍ പൊതുപരിപാടിക്കിടെ പരസ്യമായി ചുംബിച്ചത്. അതില്‍ മൂന്നു പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതുമാത്രമല്ല, വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ ഒരു മടിയുമില്ലായിരുന്നു റോഡ്രിഗോയ്ക്ക്. മുന്‍ യു എസ് പ്രസിഡന്റ് ട്രംപുമായാണ് ഇയാളെ അക്കാലത്ത് പലരും താരതമ്യപ്പെടുത്തിയിരുന്നത്.
റോഡ്രിഗോയുടെ ഭരണകാലത്ത് ഫിലിപ്പീന്‍സിലെ കുറ്റകൃത്യങ്ങളുടെ തോത് വളരെ കൂടുതലായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും എണ്ണം പലമടങ്ങ് വര്‍ദ്ധിച്ചു. സൈബര്‍ ആക്രമണങ്ങള്‍ സര്‍വ്വസാധാരണമായി. എന്നാല്‍, താന്‍ വന്നതോടെ കുറ്റവാളികള്‍ ഒതുങ്ങി എന്നാണ് ഇയാളുടെ സ്ഥിരം വാദം. സര്‍ക്കാര്‍ അനുകൂലികളായ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ ഇയാളുടെ ട്രോള്‍ ആര്‍മിയുമെല്ലാം ചേര്‍ന്ന് ഇതാണ് ശരിയെന്നാണ് പ്രചാരണം നടത്തിയത്.
ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ഭരണാധികാരി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സ്വതന്ത്രമായി നിന്നിരുന്ന സര്‍ക്കാര്‍ ഏജന്‍സികളെ സ്വന്തം വേലക്കാരെ പോലെയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത് എന്നാണ് പ്രതിപക്ഷ വിമര്‍ശനം. കോടതി അടക്കം പ്രസിഡന്റിന്റെ താല്‍പ്പര്യ പ്രകാരമാണ് നീതിനിര്‍വഹണം നടത്തുന്നത് എന്നാണ് മറ്റൊരു ആരോപണം.
എതിര്‍പ്പുകളെ ഉന്മൂലനം ചെയ്യുകയാണ് ഇയാളുടെ രീതി. നിരവധി പ്രതിപക്ഷ നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരെയുമൊക്കെ ഇക്കാലയളവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ആയിരങ്ങള്‍ ജയിലിലായി. വാഴ്ത്തുന്ന മാധ്യമങ്ങളെ ഒഴികെ മറ്റെല്ലാവെരയും അടച്ചുപൂട്ടുകയാണ് ഇയാള്‍.
റോഡ്രിഗോയുടെ വിദേശ നയങ്ങള്‍ രാജ്യത്തെ ഒറ്റപ്പെടുത്തിയതായാണ് വികലനങ്ങള്‍ പറയുന്നത്. യു എന്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളെയും ധിക്കരിച്ചാണ് ഇദ്ദേഹത്തിന്റെ ഭരണകൂടം മുന്നോട്ടുപോവുന്നത്. മറ്റു രാജ്യങ്ങളുമായും മോശം ബന്ധമാണ് ഇദ്ദേഹത്തിന്. എന്നാല്‍, മറ്റു രാജ്യങ്ങളിലുള്ള ഇതേ പോലുള്ള ഭരണാധികാരികളുമായി വലിയ അടുപ്പമാണ് ഇയാള്‍ക്കുള്ളത്.
എന്തായാലും, രാഷ്ട്രീയം വിടുന്നു എന്ന ഇദ്ദേഹത്തിന്റെ പറച്ചില് രാജ്യത്താകെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദാവോഓ ഗവര്‍ണറായിരുന്ന മകള്‍ സാറയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ റോഡ്രിഗോ നടത്തുന്നതായി വാര്‍ത്തകളുണ്ട്. റോഡ്രിഗോയുടെ എതിരാളിയായ നിലവിലെ വൈസ് പ്രസിഡന്റും പ്രസിഡന്റ് പദവിയിലേക്കുള്ള മല്‍സരത്തിനുണ്ട്.
എന്നാല്‍, റോഡ്രിഗോ രാഷ്്രടീയം വിടാന്‍ സാദ്ധ്യതയില്ല എന്നും നിഗമനങ്ങളുണ്ട്. അധികാരമൊഴിഞ്ഞാലും ശിങ്കിടികളെ പ്രസിഡന്റാക്കി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തും, അനുയായികളുടെ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി തീരുമാനം പിന്‍വലിക്കും, എതിരാളികളെ കൊന്നൊടുക്കി ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവും എന്നിങ്ങനെ പല സാദ്ധ്യതകളും പറയുന്നുണ്ട്.