
വ്യത്യസ്തമായ ആശയവുമായി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ഒരു മാച്ച്‌മേക്കിങ് പരിപാടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വിമർശനത്തിനും വഴിയൊരുക്കി. ‘Pimp Your Pal’ എന്ന പേരിലുള്ള പരിപാടിയിൽ സ്ത്രീകൾ തങ്ങളുടെ സിംഗിൾ ആയ പുരുഷ സുഹൃത്തുക്കളെ പരിപാടിയിലെത്തിച്ച് അവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുകയും ‘പിച്ച്’ ചെയ്യുകയും വേണമെന്നതാണ് പ്രധാന ആശയം. എന്നാൽ, പരിപാടിയുടെ പേരാനായി ഉപയോഗിച്ച വാക്കിനെ ചൊല്ലി വലിയ വിവാദമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
പരിപാടിയുടെ സംഘാടകരിലൊരാളായ ജയ്‌ദീപ് ശർമ, വിവാദ പേരിനെ പ്രതിരോധിച്ച് രംഗത്തെത്തി. പേര് മനഃപൂർവം തെരഞ്ഞെടുത്തതാണെന്നും സ്ത്രീകൾക്ക് പൂർണ നിയന്ത്രണവും തീരുമാനാധികാരവും നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായി സ്ത്രീകളുടെ ചൂഷണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെട്ട ഒരു പദത്തെ ഉപയോഗിച്ച് സ്ത്രീകൾക്ക് തന്നെ പരിപാടിയുടെ നിയന്ത്രണം നൽകുകയെന്ന ആശയമാണ് പേരിന് പിന്നിലെന്നാണ് ജയ്‌ദീപ് ശർമയുടെ വിശദീകരണം.
Pimp your pal is happeninggg
It’s a matchmaking party where women bring and pitch the men.
> Saturday, 12 September
> HSR, Bangalore
> 30 spots only
Registerrr: https://t.co/RBhhL61JmO pic.twitter.com/qDvEgQyyDu— Vinit Sarode (@vinitsarode_) September 8, 2026
പരിപാടിയുടെ നിയമങ്ങളും വ്യത്യസ്തമാണ്. പുരുഷന്മാർക്ക് സ്വതന്ത്രമായി രജിസ്റ്റർ ചെയ്യാനാകില്ല. ഒരു സ്ത്രീ സുഹൃത്ത് അവരെ പരിപാടിയിലേക്ക് കൊണ്ടുവരുകയും അവരുടെ വ്യക്തിത്വത്തിന് ഉറപ്പ് നൽകുകയും വേണം. സ്ത്രീകൾക്ക് ഒറ്റയ്ക്ക് രജിസ്റ്റർ ചെയ്യാം; പുരുഷ സുഹൃത്തിനെ കൊണ്ടുവരാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും സിംഗിൾ ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. പരമാവധി 30 പേരെയാണ് പരിപാടിയിൽ ഉൾപ്പെടുത്തുക.
ഡേറ്റിങ് ആപ്പുകളിലെ നിരന്തര ‘സ്വൈപ്പിങ്’ സംസ്കാരത്തിന് പകരം കൂടുതൽ സ്വാഭാവികവും രസകരവുമായ പരിചയപ്പെടൽ വേദി ഒരുക്കുകയായിരുന്നു ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ജയ്‌ദീപ് ശർമ, നിഖിൽ അഗർവാൾ, ഡിസൈൻ എൻജിനീയർ അൻഷിക വിജയ് എന്നിവരാണ് സംഘാടകർ. ഡേറ്റിങ് ആപ്പ് ‘Wavelength’ സ്ഥാപകൻ വിനിതും പരിപാടിയുടെ നടത്തിപ്പിൽ പങ്കാളിയാണ്. നാളെ (സെപ്റ്റംബർ 12) ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലാണ് പരിപാടി.