
'പിങ്ക് മീനി' എന്ന് വിളിപ്പേരുള്ള അപൂർവയിനം ജെല്ലിഫിഷുകൾ ടെക്സാസ് തീരത്ത് 10 മൈൽ ദൂരത്തിൽ അടിഞ്ഞുകൂടിയത് സന്ദർശകരെ അത്ഭുതപ്പെടുത്തി. ശാസ്ത്രീയമായി 'ഡ്രൈമോനേമ ലാർസോണി' എന്നറിയപ്പെടുന്ന പിങ്ക് മീനി 2011-ൽ ഒരു പ്രത്യേക ഇനമായി ഔദ്യോഗികമായി തിരിച്ചറിഞ്ഞതാണ്. ഈ ജെല്ലിഫിഷുകൾ കാഴ്ചയിൽ വളരെ മനോഹരമാണ്. അവയുടെ ശരീരം 'കോട്ടൺ ക്യാൻഡി പിങ്ക്' നിറത്തിലാണ്. ഇതാണ് ഈ സൗന്ദര്യത്തിന്‍റെ കാരണവും. കൂടാതെ അവയുടെ കൈകൾക്ക് 70 അടി വരെ നീളമുണ്ടാകും! പ്രായപൂർത്തിയായ ഒരു പിങ്ക് മീനിക്ക് 50 പൗണ്ടിലധികം ഭാരമുണ്ടാകും.
ഇവയെ സാധാരണയായി മെക്സിക്കോ ഉൾക്കടലിലാണ് കാണപ്പെടുന്നത്. വേനൽക്കാലത്തിന്‍റെ അവസാനത്തിലും, ശരത്കാലത്തിന്‍റെ തുടക്കത്തിലുമാണ് ഇവയെ ടെക്സാസ് ഉൾക്കടലിൽ കൂടുതലായി കാണുന്നത്. പിങ്ക് മീനി മറ്റ് ജെല്ലിഫിഷുകളുടെ, പ്രത്യേകിച്ച് മൂൺ ജെല്ലിഫിഷുകളുടെ ഒരു വേട്ടക്കാരനാണ്. പൂർണ്ണ വളർച്ചയെത്തുമ്പോൾ, അവ പ്രധാനമായും മൂൺ ജെല്ലിഫിഷുകളെയാണ് ഭക്ഷിക്കുന്നത്. ഒരേസമയം 34 മൂൺ ജെല്ലിഫിഷുകളെ വരെ ഇവ ഭക്ഷിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അവയുടെ "ഓറൽ ആംസ്" (വായ്ക്കടുത്തുള്ള കൈകൾ) ദഹന എൻസൈമുകൾ സ്രവിക്കുകയും, അത് ഇരയെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇവയുടെ കുത്ത് അത്ര ഗുരുതരമല്ല. പക്ഷേ, ഇത് വേദനയോ, അല്ലെങ്കിൽ ചുവന്ന പാടുകളോ ഉണ്ടാക്കാം. ഹാർട്ടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ജേസ് ടണൽ, ഒരിക്കൽ ഇവയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ തനിക്ക് കുത്തേറ്റതായി വെളിപ്പെടുത്തിയിട്ടുണ്ട്. അത് ഗുരുതരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതിയിലെ മാറ്റങ്ങളോട് പിങ്ക് മീനികൾക്ക് വളരെ സംവേദനക്ഷമതയാണ് കാണിക്കുന്നത്. മൂൺ ജെല്ലിഫിഷുകളുടെ എണ്ണം കുറയുകയോ, അല്ലെങ്കിൽ ജലത്തിന്‍റെ താപനില താഴുകയോ ചെയ്താൽ, പിങ്ക് മീനി പെട്ടെന്ന് അപ്രത്യക്ഷമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു.