പിടികിട്ടാപ്പുള്ളിയായിരുന്ന മയക്കുമരുന്ന് മാഫിയ തലവനെ പിടികൂടാൻ സഹായിച്ച നായ, ഹീറോയായി മാക്സ്

By Web TeamFirst Published Jul 18, 2022, 12:07 PM IST
Highlights

എന്നാൽ 28 വർഷത്തെ തടവിന് ശേഷം 2013 -ൽ മെക്സിക്കൻ കോടതി അയാളെ മോചിതനാക്കി. പിന്നീട് സുപ്രീം കോടതി അയാളുടെ ശിക്ഷ ശരിവയ്ക്കാൻ തീരുമാനിച്ചെങ്കിലും, വളരെ വൈകിയിരുന്നു. റാഫേൽ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. എന്നാൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട അയാൾ വീണ്ടും എത്തിയത് മയക്കുമരുന്ന് നേതാവായിട്ടായിരുന്നു. ഇതോടെ ഇയാളെ പിടികൂടണമെന്ന ആവശ്യം ശക്തമാക്കി യുഎസ് രംഗത്തെത്തി.

പിടികിട്ടാപ്പുള്ളിയായിരുന്ന മയക്കുമരുന്ന് മാഫിയ തലവൻ റാഫേൽ കാറോ ക്വിന്റേറോയെ വലയിലാക്കി മെക്സിക്കൻ നാവിക സേന. എന്നാൽ, അതിന് സഹായിച്ചതോ ഒരു നായയും. അവന്റെ പേര് മാക്സ്. മെക്സിക്കോയിലുള്ള സാൻ സൈമൺ നഗരത്തിലെ ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു റാഫേൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയാളെ മെക്സിക്കൻ നാവികസേന അറസ്റ്റ് ചെയ്തത്. മാക്‌സാണ് അയാളുടെ ഒളിസങ്കേതം കണ്ടെത്തിയത്.  

യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (ഡിഇഎ) ഏജന്റ് കാമറീനയെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് റാഫേലിന്റെ മേലുള്ള കുറ്റം. കൂടാതെ, എഫ്ബിഐയുടെ ആദ്യ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇയാളുമുണ്ട്. നാവികസേനയുടെയും അറ്റോർണി ജനറൽ ഓഫീസിന്റെയും സംയുക്ത തിരച്ചിലിലാണ് റാഫേലിനെ കണ്ടെത്തിയത്. നാവികസേനയുടെ ഈ ദൗത്യത്തിൽ എന്നാൽ ഏറെ ശ്രദ്ധനേടിയത് മാക്സനായിരുന്നു. ആറ് വയസ്സുണ്ട് അവന്. 2016 -ൽ ജനിച്ച മാക്‌സിന് 78 പൗണ്ട് ഭാരമുണ്ട്. തിരഞ്ഞ് കണ്ടെത്താൻ മാക്സ് മിടുക്കനാണെന്ന് മെക്‌സിക്കൻ സൈന്യം പറഞ്ഞു. ബ്ലഡ്‌ഹൗണ്ട് ഇനത്തിൽ പെട്ട അവൻ മെക്സിക്കോ നാവിക സേനയുടെ ഭാഗമാണ്. മുൻപും നിരവധി തിരച്ചിലുകളിൽ അവൻ ഭാഗമായിട്ടുണ്ട്.  

1970 -കളുടെ അവസാനത്തിൽ അമേരിക്കയിലേക്ക് ഹെറോയിൻ, കൊക്കെയ്ൻ, കഞ്ചാവ് എന്നിവ കടത്തുന്ന പ്രധാന വിതരണക്കാരിൽ  ഒരാളായിരുന്നു റാഫേൽ. "നാർക്കോസ് ഓഫ് നാർക്കോ" എന്നാണ് അയാൾ അറിയപ്പെടുന്നത്. 1980 -കളിൽ മെക്സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് കടത്ത് യൂണിറ്റുകളിലൊന്നായ ഗ്വാഡലജാര കാർട്ടലിന്റെ തലവനായി പിന്നീട് അയാൾ. 1985 -ലാണ് ഡിഇഎ ഏജന്റ് എൻറിക് കാമറീനയെ റാഫേൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. എൻറിക് കഞ്ചാവ് കടത്തുകാരെ പിടികൂടാൻ റെയ്‌ഡ്‌ ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. തുടർന്ന് കോടതി റാഫേലിനെ 40 വർഷത്തെ തടവിന് ശിക്ഷിച്ചു. 

എന്നാൽ 28 വർഷത്തെ തടവിന് ശേഷം 2013 -ൽ മെക്സിക്കൻ കോടതി അയാളെ മോചിതനാക്കി. പിന്നീട് സുപ്രീം കോടതി അയാളുടെ ശിക്ഷ ശരിവയ്ക്കാൻ തീരുമാനിച്ചെങ്കിലും, വളരെ വൈകിയിരുന്നു. റാഫേൽ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. എന്നാൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട അയാൾ വീണ്ടും എത്തിയത് മയക്കുമരുന്ന് നേതാവായിട്ടായിരുന്നു. ഇതോടെ ഇയാളെ പിടികൂടണമെന്ന ആവശ്യം ശക്തമാക്കി യുഎസ് രംഗത്തെത്തി. ഒടുവിൽ ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്യാൻ മെക്സിക്കോ സേനക്കായി. റാഫേലിനെ അറസ്റ്റ് ചെയ്തതിന് മെക്സിക്കൻ അധികാരികളോട് യുഎസ് സർക്കാരിന്റെ അഗാധമായ നന്ദി രേഖപ്പെടുത്തി യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ്. റാഫേലിനെ യുഎസിലേക്ക് ഉടൻ കൈമാറണമെന്ന് യുഎസ് സർക്കാർ അഭ്യർത്ഥിച്ചു.

എന്നാൽ ദൗത്യത്തെത്തുടർന്ന് സേനയുടെ ഒരു ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്റർ സിനലോവയിലെ ലോസ് മൊച്ചിസ് നഗരത്തിൽ വച്ച് തകർന്നു. അതിനകത്ത് ഉണ്ടായിരുന്ന പതിനാല് സേനാ അംഗങ്ങളും കൊല്ലപ്പെടുകയും, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. റാഫേലിന്റെ വിമാനത്തിന് അകമ്പടി പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്ന് അനുമാനിക്കുന്നു. നാവിക സേന സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

click me!