നാട്ടിലും ന​ഗരത്തിലും സർവത്ര എലികൾ, ഭീതിയിൽ പരക്കം പാഞ്ഞ് ജനങ്ങൾ

Published : Mar 22, 2021, 01:42 PM IST
നാട്ടിലും ന​ഗരത്തിലും സർവത്ര എലികൾ, ഭീതിയിൽ പരക്കം പാഞ്ഞ് ജനങ്ങൾ

Synopsis

വർഷങ്ങളുടെ വരൾച്ചയെത്തുടർന്ന് കിഴക്കൻ ഓസ്‌ട്രേലിയയിൽ അസാധാരണമായ കനത്ത മഴ പെയ്തതിനെത്തുടർന്നാണ് എലികളുടെ എണ്ണം കുതിച്ചുയർന്നത്.

ഹാമലിനിലെ കുഴലൂത്തുകാരന്റെ കഥ കുട്ടിക്കാലത്ത് നമ്മൾ കേട്ടിട്ടുണ്ടാകും. ഒരു നഗരം മുഴുവൻ എലികളെ കൊണ്ട് പൊറുതിമുട്ടുകയും, ഒടുവിൽ ഒരു കുഴലൂത്തുകാരൻ തന്റെ ഉപകരണത്തിൽ മനോഹരമായ സംഗീതം വായിക്കുകയും, ആ പാട്ടിൽ മയങ്ങി എലികൾ അദ്ദേഹത്തിന്റെ പിന്നാലെ കൂടുകയും ചെയ്ത കഥ. ആ ഹാമലിൻ പട്ടണത്തിന്റെ അവസ്ഥയാണ് ഇപ്പോൾ ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിന്. ബോളിവുഡ് സിനിമയെ വെല്ലുന്ന രീതിയിലാണ് ഈ പട്ടണം എലികളുടെ സാമ്രാജ്യമായി മാറിയിരിക്കുന്നത്. ആയിരക്കണക്കിന് എലികളാണ് അവിടം ആക്രമിക്കുന്നത്.  

വരൾച്ച, കാട്ടുതീ, കൊവിഡ് -19 മഹാമാരി അങ്ങനെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓസ്‌ട്രേലിയ ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടിരിക്കയാണ്. ഏറ്റവും ഒടുവിൽ ഇപ്പോൾ ഇതാ എലികളുടെ ആക്രമണവും. പതിറ്റാണ്ടുകൾക്കിടയിൽ ആദ്യമായിട്ടാണ് ഇത്ര രൂക്ഷമായി എലിശല്യം ഉണ്ടാകുന്നത് എന്ന് ന്യൂ സൗത്ത് വെയിൽസിലെ ഗിൽഗന്ദ്രയിലെ പ്രദേശവാസികൾ പറഞ്ഞു.

വടക്കുപടിഞ്ഞാറൻ എൻ‌എസ്‌ഡബ്ല്യു, തെക്കൻ ക്വീൻസ്‌ലാന്റ് എന്നിവിടങ്ങളിലെ ജനങ്ങൾ ഇപ്പോൾ എലികളുമായി യുദ്ധം ചെയ്യുകയാണ്. കട്ടിലിൽ, തലയിണക്കടിയിൽ, മേശയിൽ, അലമാരിയിൽ എല്ലാം അവയെ കാണാം. അതിന്റെ അസഹ്യമായ ദുർഗന്ധം അവരുടെ മൂക്കുകളെ തുളക്കുന്നു. ആയിരക്കണക്കിന് എലികൾ ധാന്യ കളപ്പുരകൾ, വീടുകൾ എന്നിവ ആക്രമിക്കുകയും, കർഷകർ വിളവെടുത്ത ധാന്യ ശേഖരം നശിപ്പിക്കുകയും ചെയ്യുന്നു.

വർഷങ്ങളുടെ വരൾച്ചയെത്തുടർന്ന് കിഴക്കൻ ഓസ്‌ട്രേലിയയിൽ അസാധാരണമായ കനത്ത മഴ പെയ്തതിനെത്തുടർന്നാണ് എലികളുടെ എണ്ണം കുതിച്ചുയർന്നത്. കടകളിലാണെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് എലിക്കെണികൾക്കാണ്. ഗുലാർഗാംബോണിലെ സൂപ്പർ മാർക്കറ്റ് നടത്തുന്ന നാവ് സിങ് പറഞ്ഞു: "ഞങ്ങൾ എല്ലാ രാത്രിയും നാന്നൂറ് മുതൽ അഞ്ഞൂറോളം വരുന്ന എലികളെ പിടിക്കുന്നു. ചിലപ്പോൾ അത് 600 വരെ പോകും." എലികളെ നീക്കം ചെയ്യാനും അവിടം വൃത്തിയാക്കാൻ താൻ ദിവസവും ആറുമണിക്കൂറോളം ചിലവഴിക്കുന്നുവെന്ന് സിങ് എബിസിയോട് പറഞ്ഞു. അത് കൂടാതെ കട തുറക്കുന്നതിനുമുമ്പ്, അദ്ദേഹത്തിന് സ്റ്റോറിലെ 17 കെണികൾ വൃത്തിയാക്കണം, എലികളുടെ വിസർജ്ജ്യം കഴുകിക്കളയണം, എലികൾ നശിപ്പിച്ച ഉൽപ്പന്നങ്ങൾ എടുത്തുകളയണം. "ഓരോ ആഴ്ചയും അഞ്ചോ ആറോ ചാക്കുകൾ നിറയെ ഇതുപോലെ വലിച്ചെറിയുന്ന പലചരക്ക് സാധനങ്ങളാണ്" അദ്ദേഹം പറയുന്നു.

ബിസിനസിന് വേണ്ടി സംഭരിക്കുന്ന ചരക്കുകളുടെ അളവ് എലിശല്യം കാരണം അദ്ദേഹം ഗണ്യമായി കുറച്ചിരിക്കയാണ്. അത് കൂടാതെ സാധനങ്ങൾ കട്ടിയുള്ള പാത്രങ്ങളിൽ ഇടുകയും, ബാക്കിയുള്ളവ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. സ്റ്റോറിലെ ഒന്നും സുരക്ഷിതമല്ല, എലികൾ പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിക്കുന്ന ശീതളപാനീയങ്ങൾ വരെ നശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളുടെ വരൾച്ചയ്ക്ക് ശേഷം, ചില ഭാഗങ്ങളിൽ മഴ ലഭിക്കുകയും, തുടർന്ന് നല്ല വിള ഉണ്ടാവുകയും ചെയ്തു. എന്നാൽ, ധാന്യങ്ങളുടെ ഈ കൂമ്പാരം എലികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാക്കി. ഒക്ടോബറിൽ വടക്കുഭാഗത്ത് കാണപ്പെട്ട എലികൾ പതുക്കെ തെക്ക് പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് വളരുകയാണെന്നും പ്രദേശവാസികൾ പറയുന്നു.

പ്ലേഗ് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചുവെന്ന് പ്രദേശവാസികൾ പറയുന്നു. സാധാരണ കാലാവസ്ഥയെ കുറിച്ച് സംസാരിച്ച് തുടങ്ങുന്ന അവർ ഇപ്പോൾ കഴിഞ്ഞ രാത്രിയിൽ എത്ര എലികളെ പിടികൂടിയെന്നതാണ് പരസ്പരം ചർച്ച ചെയ്യുന്നത്. പ്രാദേശിക ന്യൂ സൗത്ത് വെയിൽസിലെ ആശുപത്രിയിൽ മൂന്ന് രോഗികളെ എലികൾ കടിച്ചതായി ഓസ്‌ട്രേലിയയുടെ എബിസി റിപ്പോർട്ട് ചെയ്തു. ഈ പ്രദേശത്ത് ലിംഫോസൈറ്റിക് കോറിയോമെനിഞ്ചൈറ്റിസ് (എൽസിഎം) എന്നറിയപ്പെടുന്ന എലികൾ പരത്തുന്ന ഒരു രോഗത്തെ കുറിച്ച് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. അത് കൂടാതെ, ഈ വർഷത്തെ വിളവെടുപ്പ് എലികൾ നശിപ്പിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു. ന്യൂ സൗത്ത് വെയിൽസിലെ കർഷകർ (എൻ‌എസ്‌ഡബ്ല്യു) എലികളുടെ ക്രമാതീതമായ വർദ്ധനവിനെ ചെറുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട്   ആവശ്യപ്പെട്ടിട്ടുണ്ട്. “ഞങ്ങളുടെ സ്ഥിതി ദിവസം ചെല്ലുന്തോറും കൂടുതൽ വഷളാവുകയാണ്” എൻ‌എസ്‌ഡബ്ല്യു ഫാർമേഴ്‌സ് പ്രസിഡന്റ് ജെയിംസ് ജാക്സൺ പറഞ്ഞു.

PREV
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ