'അവളുടെയമ്മ കൊല്ലപ്പെട്ടേക്കാം, അപ്പോൾ എന്റെ കുഞ്ഞുമകളെ നന്നായി നോക്കണം', മ്യാൻമറിലെ സമരാനുഭവങ്ങൾ

By Web TeamFirst Published Mar 22, 2021, 11:41 AM IST
Highlights

പെട്ടെന്ന് നൂറോളം പേര്‍ നമുക്കിടയിലേക്ക് ഇരച്ചുകയറി വന്നു. അവര്‍ പൊലീസുകാരാണോ സൈനികരാണോ എന്ന് എനിക്കറിയില്ല. ഒരു മുന്നറിയിപ്പ് പോലും തരാതെ അവര്‍ നമുക്ക് നേരെ സൌണ്ട് ബോംബുകളും ബുള്ളറ്റുകളും ഗ്യാസ് ബോംബുകളും പ്രയോഗിച്ച് തുടങ്ങി. 

മ്യാന്‍മറില്‍ ജനങ്ങളുടെ പലവിധത്തിലുള്ള പ്രതിഷേധങ്ങളെ സൈന്യം ശക്തമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ പുതുപുതുസമരരൂപങ്ങളുമായി ജനങ്ങളും പ്രതിഷേധിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ അവരുടെ സര്‍ക്കാരിനെ തിരികെ അധികാരമേല്‍പ്പിക്കുക എന്നതാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വലിയ തരത്തിലുള്ള അഴിമതിയുണ്ട് എന്നായിരുന്നു പട്ടാളത്തിന്‍റെ ആരോപണം. ഫെബ്രുവരി ഒന്നിനാണ് പട്ടാളം അധികാരം പിടിച്ചെടുക്കുന്നതും ആങ് സാന്‍ സ്യൂചിയെ തടവിലാക്കുന്നതും. 

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം നിസ്സഹകരണ സമരത്തിന്‍റെ ഭാഗമായിരുന്ന 149 പേരെങ്കിലും ഇതുവരെയായി മ്യാൻമറിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ കണക്ക് ഇതിലും അധികമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇതിലൊന്നും തളരാതെ സമരമുഖത്തേക്ക് ആളുകള്‍ കൂടുതലായും എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന ചിലരുടെ അനുഭവങ്ങളാണ് ഇത്. (ബിബിസി പ്രസിദ്ധീകരിച്ചത്, സ്വതന്ത്ര പരിഭാഷ).

 

ഞാനെന്‍റെ മകളുടെ ഭാവിക്ക് വേണ്ടിയാണ് പൊരുതുന്നത്

മ്യാന്‍മറിലെ ഒരു എത്ത്നിക് മൈനോറിറ്റി ഗ്രൂപ്പിലെ അംഗമാണ് ഞാന്‍. അതിനാല്‍ സമരം എനിക്കൊരു പുതിയ കാര്യമല്ല. എന്നാല്‍, ഇന്നത്തെ സമരം സ്റ്റേറ്റ് കൌണ്‍സിലറായ ആങ് സാന്‍ സ്യൂചിയുടെയും പ്രസിഡണ്ട് വിന്‍ മൈന്‍റിന്‍റെയും മോചനം ആവശ്യപ്പട്ടു കൊണ്ടുള്ളതാണ്. ഒപ്പം 2020 -ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കണമെന്നും നാം ആവശ്യപ്പെടുന്നു. 

എന്നാല്‍, ഞങ്ങള്‍ ന്യൂനപക്ഷത്തിന് വെറെയും പ്രാധാന്യമുള്ള ഒരുപാട് വിഷയങ്ങളും അവതരിപ്പിക്കാൻ ഉണ്ട്. മ്യാന്‍മറിലെ എല്ലാ വംശത്തെയും ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറല്‍ ഗവണ്‍മെന്‍റാണ് നമുക്ക് വേണ്ടത്. വര്‍ഷങ്ങളായി സൈന്യം ജനങ്ങളെ ഭിന്നിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു കൊണ്ടാണ് ഇവിടെ ഭരണം നടപ്പാക്കിയത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വംശത്തിലെയും ജനങ്ങളും ഒരുമിച്ചു. 

എനിക്കൊരു ചെറിയ മകളുണ്ട്. എന്‍റെ പ്രവൃത്തികള്‍ കാരണം അവള്‍ വേദനിക്കരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞാനീ സമരങ്ങളില്‍ പങ്കാളിയാകുന്നത് എന്‍റെ മകള്‍ക്ക് വേണ്ടിയാണ്. ഞാന്‍ വളര്‍ന്നതുപോലെ ഒരു സൈനിക ഭരണത്തിന് കീഴില്‍ അവളും വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. 

സമരത്തില്‍ പങ്കെടുക്കാന്‍ വരും മുമ്പ് ഞാന്‍ ഭര്‍ത്താവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കുട്ടിയെ നോക്കാനും അഥവാ സമരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ അവളെ വളര്‍ത്തണമെന്നും ഞാനദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. 

ഈ സമരം നാം തന്നെ നടത്തും. നാം തന്നെ പൂര്‍ത്തിയാക്കുകയും ചെയ്യും. നമ്മുടെ മക്കളിലേക്ക് ഇത് കൈമാറപ്പെടാന്‍ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. 

ആരോ​ഗ്യപ്രവർത്തകരെ ഒളിവിൽ പോകാൻ സഹായിച്ചൊരാൾ

നന്ദ* മൈക്ക് പട്ടണത്തിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നു. മ്യാൻമറിലെ പ്രതിഷേധത്തിൽ മെഡിക്കൽ തൊഴിലാളികൾ മുൻപന്തിയിലാണെങ്കിലും സൈനിക സേന പിടിച്ചടക്കുമോയെന്ന് ഭയന്ന് മൈക്കിലുള്ളവർക്ക് ഒളിവിൽ പോകേണ്ടി വന്നുവെന്ന് നന്ദ പറയുന്നു.

മാർച്ച് ഏഴിന് രാത്രിയാണ്, കർഫ്യൂ സമയം ആരംഭിക്കുന്നതിന് മുമ്പ്. ചായം പൂശിയ ജാലകങ്ങളുള്ള ഒരു കാർ ഞാൻ ഓടിക്കുന്നു - ഒരു ഓർത്തോപെഡിക് സർജൻ, ഡോക്ടറായ ഭാര്യ, അവരുടെ കുടുംബം എന്നിവരാണ് അതിലുള്ളത്. ഇരുട്ടിന്റെ മറവിൽ ഞങ്ങൾ അവരുടെ ബാഗുകൾ ഞങ്ങളുടെ കാറിൽ പായ്ക്ക് ചെയ്ത് വയ്ക്കുകയും അവരെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. 

അതിന് ഒരുദിവസം മുമ്പാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് വിളിച്ച് നിസ്സഹകരണ സമരത്തില്‍ പങ്കെടുക്കുന്ന സ്പെഷ്യലിസ്റ്റുകളുടെയും ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും നഴ്സുമാരുടെയും എല്ലാം വിവരം അന്വേഷിച്ചത്. അത് ഞങ്ങളില്‍ വലിയ ഭയമുണ്ടാക്കി. എന്തിനാണ് സൈന്യത്തിന് അവരുടെ പേര്. അവര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നൊക്കെ നാം ഭയന്നു. അതോടെ സര്‍ക്കാരിന് വേണ്ടി ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ ഒളിവില്‍ പോകാന്‍ തീരുമാനിച്ചു. പിടിക്കപ്പെട്ടാൽ എന്ത് സംഭവിക്കും എന്ന ഭയത്തെ ചൊല്ലിയായിരുന്നു ഇത്. അതില്‍ ചിലരെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നത് എന്‍റെ ജോലി ആയിരുന്നു. 

കാറിലുണ്ടായിരുന്നവരുടെ മനസുകളിലെല്ലാം അവിശ്വാസവും വെറുപ്പുമായിരുന്നു. "ഞങ്ങളെപ്പോലുള്ള ആളുകൾ (ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും) കുറ്റവാളികളെപ്പോലെ ഒളിച്ചിരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?" എന്നാണ് ഒരു ഡോക്ടര്‍ ചോദിച്ചത്. ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ഒളിച്ചു കഴിയേണ്ടി വരുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ലായിരുന്നു എന്നാണ് മറ്റൊരു ഡോക്ടര്‍ പറഞ്ഞത്. 

ഇനിയങ്ങോട്ട് മൈക്കില്‍ ജനങ്ങളെ പരിശോധിക്കാന്‍ വളരെ കുറച്ച് സ്പെഷ്യലിസ്റ്റുകള്‍ മാത്രമേ ഉണ്ടാവൂ. സൈനിക ഉദ്യോഗസ്ഥർ മര്‍ദ്ദിച്ച പ്രക്ഷോഭകരുടെ വിരലുകളും, കൈകളും മറ്റും ശരിയാക്കാൻ വേണ്ടത്ര ശസ്ത്രക്രിയാ വിദഗ്ധർ ഉണ്ടാകില്ല. അതുപോലെ പ്രസവിക്കാനെത്തുന്ന സ്ത്രീകൾക്ക് വേണ്ടി പ്രസവചികിത്സകരോ ഗൈനക്കോളജിസ്റ്റുകളോ വേണ്ടത്ര ഇനി മൈക്കിലുണ്ടാവില്ല. മെഡിക്കല്‍ സംഘം ഈ സമരത്തിലെ പ്രധാന സഹായികളായിരുന്നു. ഇനിയങ്ങോട്ട് അതുണ്ടാവില്ല. 

ക്യമാറയ്ക്ക് പിന്നിലൊരാള്‍

അത് മറക്കാനാവാത്ത ദിവസമായിരുന്നു - ഫെബ്രുവരി 28... യാങ്കോണിലെ ബർഗായ സ്ട്രീറ്റിലെ മുൻനിരയിലായി ബാരിക്കേഡുകൾക്ക് പിന്നിൽ ഞാൻ നിൽക്കുന്നു. ഞാൻ എന്റെ ഫോണില്‍ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും കുപ്പികളും കന്നാസുകളും വലിച്ചെറിയുകയും ചെയ്യുന്നു. 

പെട്ടെന്ന് നൂറോളം പേര്‍ നമുക്കിടയിലേക്ക് ഇരച്ചുകയറി വന്നു. അവര്‍ പൊലീസുകാരാണോ സൈനികരാണോ എന്ന് എനിക്കറിയില്ല. ഒരു മുന്നറിയിപ്പ് പോലും തരാതെ അവര്‍ നമുക്ക് നേരെ സൌണ്ട് ബോംബുകളും ബുള്ളറ്റുകളും ഗ്യാസ് ബോംബുകളും പ്രയോഗിച്ച് തുടങ്ങി. ഞാൻ ഒരു തെരുവിലേക്ക് ഓടിപ്പോയി. ചിത്രീകരണം തുടരാൻ ശ്രമിച്ചു. ഞങ്ങളിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. ഇപ്പോള്‍ സമരസ്ഥലത്തേക്ക് പോകുമ്പോള്‍ ഞാന്‍ ഹെല്‍മറ്റും ചൂട് പ്രതിരോധിക്കാനുള്ള ​ഗ്ലൗസുകളും ധരിക്കുന്നു. 

അവസരം കിട്ടുമ്പോള്‍ ഞങ്ങൾ ടിയർ ഗ്യാസ് കാനിസ്റ്ററുകൾ തിരിച്ചെറിയാൻ ശ്രമിക്കുന്നു. മിക്കപ്പോഴും, ഗ്യാസ് കാനിസ്റ്ററുകൾ നനഞ്ഞ വസ്ത്രങ്ങൾ കൊണ്ട് മൂടി അതിൽ വെള്ളം ഒഴിക്കുന്നു. ഒരു ഫിലിം മേക്കറും സമരക്കാരനുമെന്ന നിലയില്‍ ഞാന്‍ സമരം ചെയ്യുകയും ഓരോ ദിവസവും ഓരോ ചെറിയ ഷോർട്ട്ഫിലിം ചിത്രീകരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ആ ഷോർട്ട് ഫിലിമുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എങ്ങനെയാണ് സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന സമരം സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തുന്ന നിലയിലേക്ക് മാറിയത് എന്ന് എനിക്ക് മനസിലാവുന്നുണ്ട്. അത് ഏതൊരു സിനിമയേക്കാളും യാഥാര്‍ത്ഥ്യവും ശക്തവുമാണ്. 

സൈനിക സേന കുടുക്കാൻ ശ്രമിച്ച ഒരു സ്ത്രീ

യാങ്കോൺ നഗരത്തിലെ സാഞ്ചൗങിൽ നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത 200 പേരിൽ ഒരാളായ ഫിയോ* ഒരു ഗവേഷകയാണ്, അവരെ പുറത്തുപോകുന്നത് തടഞ്ഞ് സൈനിക ഉദ്യോഗസ്ഥർ അവരെ വലച്ചു കളഞ്ഞു. 40 പേരെങ്കിലും അറസ്റ്റിലായി. 

അത് മാര്‍ച്ച് എട്ടിനായിരുന്നു. ഏകദേശം രണ്ട് മണി സമയത്ത്. അപ്പോഴാണ് സെക്യൂരിറ്റി ഫോഴ്സ് എത്തുന്നത്. വീട്ടുടമസ്ഥർ വാതിലുകൾ തുറന്ന് കൈകൾ വീശുന്നത് ഞങ്ങൾ കണ്ടു, ഞങ്ങളെ അവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. സെക്യൂരിറ്റി ഫോഴ്സ് പുറത്തുണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. 

ഞങ്ങള്‍ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ആറ് സ്ത്രീകളും ഒരു പുരുഷനും. ഞങ്ങളുടെ ആതിഥേയര്‍ വളരെ നല്ല മനുഷ്യരായിരുന്നു. അവര്‍ നമുക്ക് ഭക്ഷണം തരാമെന്ന് പറഞ്ഞു. വൈകുന്നേരം ആറര മണിയായപ്പോഴേക്കും നമുക്ക് ഭയവും ആശങ്കയും തോന്നിത്തുടങ്ങി. സെക്യൂരിറ്റി ഫോഴ്സ് അപ്പോഴും പോയിരുന്നില്ല. അവര്‍ പോകില്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതോടെ രക്ഷപ്പെടാൻ ഞങ്ങള്‍ പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചു. വീട്ടുടമസ്ഥര്‍ തെരുവിലും മറ്റും നമുക്ക് ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ പറഞ്ഞുതന്നു. ഞാന്‍ ഒരു സാംരോഗിലേക്ക് മാറി. ആ വസ്ത്രത്തിലാകുമ്പോള്‍ പ്രദേശത്തുള്ള ആരോ ആണ് എന്ന് കരുതും. ഫോണിലെ പല ആപ്പുകളും അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. കുറച്ച് പണമെടുത്തു. അന്ന് രാത്രി മുഴുവനും ഒരു സ്ഥലത്ത് ഞങ്ങള്‍ ഒളിച്ചിരുന്നു. രാവിലെ ആയപ്പോഴേക്കും സെക്യൂരിറ്റി ഫോഴ്സ് അവിടെയില്ലെന്ന് നമ്മളറിഞ്ഞു. അപ്പോഴാണ് തിരിച്ചെത്തിയത്. ‌

(പേരുകൾ സാങ്കൽപികം)

click me!