പിയാനോ വായിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്

By Web TeamFirst Published Dec 6, 2022, 3:05 PM IST
Highlights

പിയാനോയുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത 31 മുതിർന്നവരെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ച് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

പിയാനോ വായിക്കാൻ അറിയാമോ? അറിയില്ലെങ്കിൽ പഠിച്ചിരിക്കുന്നത് നന്നാകും എന്നാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പറയുന്നത്. കാരണം പിയാനോ വായിക്കുന്നവരുടെ തലച്ചോറിന്റെ പ്രവർത്തനശേഷി കൂടുതൽ കാര്യക്ഷമമാകും എന്നാണ് ഈ പഠന റിപ്പോർട്ടിൽ പറയുന്നത്. യുകെയിലെ ബാത്ത് സർവകലാശാലയിലെ ഗവേഷകർ ആണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

തലച്ചോറിലെ ന്യൂറൽ സർക്യൂട്ടുകളുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും ആശയവിനിമയത്തിലും സംഗീതത്തിന്  ശക്തമായ സ്വാധീനമുണ്ടെന്ന് ശാസ്ത്രം പണ്ടേ കണ്ടെത്തിയതാണ്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി പിയാനിസ്റ്റുകൾക്ക് ചെറുപ്പം മുതലേ അവർ നടത്തിവരുന്ന നിരന്തരമായ പരിശീലനത്തിലൂടെ മറ്റുള്ളവരെക്കാൾ കാര്യക്ഷമതയുള്ള തലച്ചോർ നേടിയെടുക്കാൻ സാധിക്കുമോ എന്നാണ് ബാത്ത് സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തിയത്. ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ശാസ്ത്രജ്ഞനായ യൂക്കിംഗ് ചെ ആണ്.

പിയാനോയുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത 31 മുതിർന്നവരെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ച് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. മൂന്നായി വിഭജിച്ചവരിൽ ആദ്യ ഗ്രൂപ്പിനെ ദിവസത്തിൽ ഒരു മണിക്കൂർ വീതം 11 ആഴ്ച പിയാനോ വായിക്കാൻ പഠിപ്പിച്ചു. രണ്ടാമത്തെ ഗ്രൂപ്പിൽ പെട്ട ആളുകളെ ആദ്യ ഗ്രൂപ്പ് പഠിച്ച പാഠഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു. മൂന്നാമത്തെ ഗ്രൂപ്പിൽ പെട്ട ആളുകളെ ഇതുമായി യാതൊരുവിധത്തിലും ബന്ധപ്പെടുത്തിയില്ല. 

തുടർന്ന് നടത്തിയ പഠനത്തിൽ ആദ്യത്തെ ഗ്രൂപ്പിലെ അംഗങ്ങൾക്ക് കുറച്ച് പിയാനോ ക്ലാസുകൾക്ക് ശേഷം തന്നെ കാഴ്ചയും കേൾവിയുമായി ബന്ധപ്പെട്ട സെൻസറി വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്രോസസ്സ് ചെയ്യാൻ കഴിയുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ, മറ്റു രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകളും കാഴ്ചയും കേൾവിയുമായി ബന്ധപ്പെട്ട സെൻസറി വിവരങ്ങൾ വളരെ സാവധാനത്തിലാണ് പ്രോസസ് ചെയ്തത്. അപ്പോൾ ഇനി എങ്ങനെ പിയാനോ പഠിക്കുകയല്ലേ?

tags
click me!