ഡോ. ബി. ആർ. അംബേദ്കർ: ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘദർശിയായ സാമൂഹിക വിപ്ലവകാരി

By Web TeamFirst Published Dec 6, 2022, 2:42 PM IST
Highlights

ന്യൂയോർക്കിലെത്തിയ അംബേദ്കറിന്റെ ജീവിതത്തിലെ അടുത്തഘട്ടം ആരംഭിക്കുന്നത് അവിടെയാണ്. ന്യൂയോർക്കിൽ ലളിതമായി ജീവിച്ച് കഴിയുന്നത്ര പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.

ഇന്ത്യൻ ജാതി വ്യവസ്ഥയുടെ എല്ലാവിധ ചൂഷണങ്ങളും ഏറ്റുവാങ്ങിയ ബാല്യ കൗമാരങ്ങൾ ആയിരുന്നു ഭീംറാവു അംബേദ്കർ എന്ന ഡോക്ടർ ബി. ആർ. അംബേദ്കറിന്റേത്. ഇന്ത്യൻ ഭരണഘടനാ ശില്പിയും സാമൂഹിക പരിഷ്കർത്താവും നിയമജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവും ഒക്കെയായി ലോകം ഇന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും വാഴ്ത്തിപ്പാടുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിൻറെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഒരു ദളിതനായി ജനിച്ചു എന്നതുകൊണ്ട് മാത്രം ജീവിതത്തിൽ അവഗണനകളും മാറ്റിനിർത്തപ്പെടലുകളും അനുഭവിക്കേണ്ടിവന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ആറാം വയസ്സിൽ അമ്മ ഭീമാബായി മരിച്ചതോടെയാണ് ഒറ്റപ്പെടലിന്റെ വേദന അദ്ദേഹം അനുഭവിച്ചു തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി എന്ന ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും 14 -ാമത്തെ മകനായി ആണ് അദ്ദേഹം ജനിച്ചത്. പക്ഷേ, ജനിച്ച സഹോദരങ്ങളിൽ നാല് സഹോദരങ്ങൾ മാത്രമാണ് മരണപ്പെടാതെ രക്ഷപ്പെട്ടത്. അതിൽ നിന്ന് തന്നെ വ്യക്തമാണ് എത്രമാത്രം ദുരിതപൂർണമായിരുന്നിരിക്കണം അവരുടെ ജീവിതം എന്ന്. 

അമ്മയുടെ മരണശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. അച്ഛൻറെ രണ്ടാം വിവാഹത്തിന് ശേഷം അവർ കുടുംബമായി മുംബൈയിലേക്ക് താമസം മാറി. അവിടുത്തെ മറാട്ടി സ്കൂളിലായിരുന്നു പിന്നീടുള്ള അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. പക്ഷേ, ജാതീയത കൊടികുത്തി വാണിരുന്ന ആ കാലഘട്ടത്തിൽ ദളിതനായി പിറന്നുവെന്ന് ഒറ്റക്കാരണത്താൽ എല്ലാത്തിൽ നിന്നും എല്ലാവരിൽ നിന്നും ആ കൗമാരക്കാരനെ മാറ്റിനിർത്തി. പഠിച്ചിരുന്ന സ്കൂളിലെ കുട്ടികളുമായി സംസാരിക്കുവാനോ എന്തിന് അവരുടെ അടുത്തിരിക്കുവാനോ പോലും അവന് അവകാശം ഉണ്ടായിരുന്നില്ല. സ്കൂളിൽ മറ്റു കുട്ടികൾ ഉപയോഗിക്കുന്ന ഒരു വസ്തുവിലും സ്പർശിക്കുവാനുള്ള സ്വാതന്ത്ര്യം പോലും  നിഷേധിക്കപ്പെട്ടു. മറ്റ് എല്ലാ കുട്ടികളും ഉപയോഗിക്കുന്ന പൊതു ടാപ്പിൽ നിന്ന് വെള്ളം കുടിക്കുവാനോ ശൗചാലയങ്ങൾ ഉപയോഗിക്കുവാനോ ഉള്ള അനുവാദം നിഷേധിക്കപ്പെട്ടു. വീട്ടിൽ നിന്നു കൊണ്ടുവന്ന ഒരു ഒരു ചാണച്ചാക്ക് ക്ലാസ് മുറിയുടെ മൂലയിൽ ഇട്ട് അതിലിരുന്നായിരുന്നു ആ ബാലൻ പഠിച്ചിരുന്നത്.

പക്ഷേ, എല്ലാ അവഗണനകളെയും അതിജീവിച്ച് പതിനേഴാം വയസ്സിൽ തന്റെ മെട്രിക്കുലേഷൻ അവൻ പൂർത്തിയാക്കി. അന്ന് ആദ്യമായിരുന്നു ദളിത് വിഭാഗത്തിൽ നിന്ന് ഒരാൾ മെട്രിക്കുലേഷൻ പാസ്സാകുന്നത്. പക്ഷേ, ജാതീയത വീണ്ടും അവനെ പിന്തുടർന്നു ആരും ഒരു ജോലി പോലും നൽകാൻ തയ്യാറായില്ല.

അതോടെ ആകെ തളർന്നുപോയ അംബേദ്കർ തൻറെ അവസ്ഥ ബറോഡ രാജാവിനെ നേരിൽ കണ്ട് ബോധിപ്പിച്ചു. ഒടുവിൽ രാജാവ് തൻറെ സൈന്യത്തിലെ ലെഫ്റ്റനന്റായി അദ്ദേഹത്തെ നിയമിച്ചു. ജോലിയിൽ കയറി അധികകാലം കഴിയുന്നതിനുമുൻപേ അംബേദ്കറിന്‍റെ അച്ഛൻ മരിച്ചു. അച്ഛൻറെ മരണത്തോടെ ഏറെ തളർന്നുപോയ അദ്ദേഹം സൈനത്തിലെ ജോലി രാജിവച്ചു. ഇനിയെന്ത് എന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഭാഗ്യമെന്നോണം പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡ രാജാവ് തീരുമാനമെടുക്കുന്നത്. അക്കൂട്ടത്തിൽ അംബേദ്കറും ഉൾപ്പെട്ടു.

അങ്ങനെ ന്യൂയോർക്കിലെത്തിയ അംബേദ്കറിന്റെ ജീവിതത്തിലെ അടുത്തഘട്ടം ആരംഭിക്കുന്നത് അവിടെയാണ്. ന്യൂയോർക്കിൽ ലളിതമായി ജീവിച്ച് കഴിയുന്നത്ര പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. അങ്ങനെ അവിടെവെച്ച് സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും അദ്ദേഹം ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീടുള്ള അദ്ദേഹത്തിൻറെ ജീവിതം ഇന്നത്തെ ഇന്ത്യയുടെ രൂപീകരണത്തിന്റെ നാൾവഴികളിൽ ഏറെ നിർണായകമായിരുന്നു. ആ ജീവിതരേഖ നമുക്ക് ഇങ്ങനെ വായിച്ചെടുക്കാം:

1926 -ൽ ബോംബെ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

1927 -ൽ ദളിത് സമുദായത്തിനായി ശബ്ദമുയർത്താൻ ബഹിഷ്കൃത ഭാരതം എന്ന പത്രം ആരംഭിച്ചു. അതേ വർഷം തന്നെ മഹദ് എന്ന പൊതുജല സംഭരണിയിൽ നിന്ന് ദളിതർക്ക് വെള്ളമെടുക്കാനുള്ള അവകാശത്തിനായി അദ്ദേഹം മഹദ് സത്യാഗ്രഹം നടത്തി.

1936 -ൽ ഇൻഡിപെൻഡൻസ് ലേബർ പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.

1947 -ൽ ഭാരതത്തിൻറെ ആദ്യ നിയമ മന്ത്രിയായി. ഒപ്പം ഭരണഘടനാ കമ്മിറ്റിയുടെ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു

1952 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1956 ഒക്ടോബർ 14 -ന് മരിക്കുന്നതിന് മാസങ്ങൾ മുൻപ് അംബേദ്ക്കറും അദ്ദേഹത്തിൻറെ അനുയായികളും ബുദ്ധമതം സ്വീകരിച്ചു. അതേ വർഷം തന്നെ ഡിസംബർ ആറിന് ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘ ദർശിയായ ആ സാമൂഹിക വിപ്ലവകാരി വിട പറഞ്ഞു. 

ഇന്ത്യാ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും രാഷ്ട്രത്തിന്റെ പരമോന്നത നിയമമായ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത ആ മഹാ മനുഷ്യന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറവും ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നിലകൊള്ളുന്നതിൽ വലിയ പങ്ക് ആണുള്ളത്.

click me!