47 വർഷം മുമ്പ് യുവതിയെ കാണാതായി, 21 വർഷം മുമ്പ് കണ്ടെത്തിയ മൃതദേഹം യുവതിയുടേത് എന്ന് പൊലീസ്, തുണച്ചത് ഡിഎൻഎ

By Web TeamFirst Published Sep 29, 2022, 1:43 PM IST
Highlights

ഈ വർഷം ആദ്യം വരെ ഈ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആരുടേതാണ് എന്ന് കണ്ടുപിടിക്കപ്പെടാതെ കിടന്നു. എന്നാൽ, പൊലീസ് Othram എന്ന് പേരായ ടെക്സാസ് കേന്ദ്രീകരിച്ചുള്ള ഡിഎൻഎ ലാബിൽ എത്തിയതോടെയാണ് കഥ മാറുന്നത്.

1975 -ൽ പതിനേഴാമത്തെ വയസിലാണ് പാട്രിക്ക ആ​ഗ്നസ് ​ഗിൽഡവേ എന്ന പെൺകുട്ടിയെ കാണാതെയാവുന്നത്. ഈ വർഷം വരെ അവൾക്ക് എന്ത് സംഭവിച്ചു എന്ന് ആരും അറിഞ്ഞില്ല. ആ തിരോധാനം ഒരു ദുരൂഹതയായി തുടരുകയായിരുന്നു. 1975 ഫെബ്രുവരി എട്ടിന് ശേഷം അവളെ ആരും കണ്ടിട്ടില്ല. എന്നാൽ, 21 വർഷം മുമ്പ് ഒരു ഓടയിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ അവളുടേതായിരുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ പൊലീസ്. 

ഡിഎൻഎ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ആ മൃതദേഹം 1975 -ൽ കാണാതായ പാട്രിക്കയുടേതാണ് എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2001 സപ്തംബർ 27 -നാണ് ഡ്രെയിനേജിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന നിർമ്മാണ തൊഴിലാളികൾ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ നിന്നും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. എന്നാൽ, അന്ന് അത് ഏതോ ആഫ്രിക്കൻ-അമേരിക്കൻ യുവതിയുടേതാണ് എന്നാണ് കരുതിയിരുന്നത്. 

അത് ആരാണ് എന്നോ, അവളെ ആരാണ് കൊന്നത് എന്നോ, എന്തിനാണ് കൊന്നത് എന്നോ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല എന്ന് ഫെയർഫാക്‌സ് കൗണ്ടി പൊലീസ് ഡിപ്പാർട്ട്‌മെന്റ് മേജർ എഡ് ഒ'കരോൾ പറഞ്ഞു. ഈ വർഷം ആദ്യം വരെ ഈ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആരുടേതാണ് എന്ന് കണ്ടുപിടിക്കപ്പെടാതെ കിടന്നു. എന്നാൽ, പൊലീസ് Othram എന്ന് പേരായ ടെക്സാസ് കേന്ദ്രീകരിച്ചുള്ള ഡിഎൻഎ ലാബിൽ എത്തിയതോടെയാണ് കഥ മാറുന്നത്. അവിടെ വച്ച് നടന്ന പരിശോധനയിൽ മൃതദേഹത്തിന് അർദ്ധ സഹോദരിയായ വെറോണിക്ക് ഡ്യൂപർലിയുമായുള്ള ബന്ധം കണ്ടെത്തുകയും ഡിറ്റക്ടീവ് ഡ്യൂപർലിയിലേക്ക് എത്തിച്ചേരുകയും ചെയ്തു. 

പൊലീസ് നേരെ ഡ്യൂപർലിയെ വിളിച്ചു. ആ ആദ്യത്തെ ഫോൺകോൾ തന്നെ തകർത്ത് കളഞ്ഞു എന്നാണ് ഡ്യൂപർലി പറഞ്ഞത്. പക്ഷേ, അവസാനം തന്റെ സഹോദരിക്ക് എന്തായിരിക്കും സംഭവിച്ചത് എന്നോർത്തുള്ള ആശങ്ക മായുകയും ആ തിരോധാനത്തിന് ഒരു ഉത്തരം കിട്ടുകയും ചെയ്തു എന്നും ഡ്യൂപർലി പറയുന്നു. 

തന്റെ അനിയത്തി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയായിരുന്നു. ആരുടേയും നിയമത്തിന് ജീവിക്കാൻ അവളെ കിട്ടില്ലായിരുന്നു. എന്നാൽ, അവൾക്ക് ചുറ്റും ചില മോശം ആളുകളുണ്ടായിരുന്നു എന്നാണ് ഡ്യൂപർലി പറയുന്നത്. കാണാതായ സമയത്ത് അവളേക്കാൾ കുറച്ചധികം പ്രായമുള്ള ഒരാളുമായി അവൾക്ക് ബന്ധമുണ്ടായിരുന്നു. തന്റെ കയ്യിൽ തെളിവൊന്നുമില്ല. എങ്കിലും അവളെ കാണാതായതുമായി അയാൾക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധം കാണുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്നും അവൾ പറഞ്ഞു. പൊലീസ് ഇപ്പോൾ അയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.  

click me!