പത്ത് വയസുകാരിക്ക് നല്‍കിയ വാക്ക് പാലിച്ചു; ക്രിസ്മസ് സാന്‍റയുടെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്തുവിട്ട് പൊലീസ്

By Web TeamFirst Published Jan 25, 2023, 2:58 PM IST
Highlights

സാന്‍റയുടെ സാന്നിധ്യം പൂർണ്ണമായും സ്ഥിരീകരിക്കാനോ നിരസിക്കാനോ പരിശോധനയിലൂടെ സാധിച്ചില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


കഴിഞ്ഞ ദിവസം ക്രിസ്മസ് സാന്‍റ സത്യമാണോയെന്ന് തിരിച്ചറിയാൻ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു 10 വയസ്സുകാരി പൊലീസിന് കത്തെഴുതിയ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്മസ് സാന്‍റയുടെ ഡിഎൻഎ ടെസ്റ്റ് നടത്തി ഇതിനുള്ള കൃത്യമായ ഉത്തരം നൽകണമെന്നായിരുന്നു കുട്ടി പൊലീസിനോട് ആവശ്യപ്പെട്ടത്. റോഡ് ഐലന്‍റിൽ നിന്നുള്ള 10 വയസ്സുകാരിയായ സ്കാർലറ്റ് ഡൗമാറ്റോ എന്ന പെൺകുട്ടിയായിരുന്നു ഇത്തരത്തിൽ ഒരു ആവശ്യവുമായി കുംബർലാൻഡ് ടൗൺ പൊലീസിന് കത്തെഴുതിയത്. അവള്‍ ആവശ്യപ്പെട്ടത് പോലെ സാന്‍റയുടെ ഡിഎൻഎ ടെസ്റ്റ് നടത്തി, പരിശോധന ഫലം ഉടൻതന്നെ അറിയിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പാലിച്ചുകൊണ്ട് സാന്‍റായുടെ ഡിഎൻഎ ടെസ്റ്റിന്‍റെ ഫലം പുറത്തു വിട്ടിരിക്കുകയാണ് റോഡ് ഐലൻഡ് ആരോഗ്യ വകുപ്പ്.


സ്കാർലറ്റ് ഡൗമാറ്റോ, താങ്കൾ പരിശോധനയ്ക്കായി അയച്ചുതന്ന സാന്‍റാ പകുതി കഴിച്ച കുക്കിയും ക്യാരറ്റും പരിശോധിച്ചു. എന്നാൽ സാന്‍റയുടെ സാന്നിധ്യം പൂർണ്ണമായും സ്ഥിരീകരിക്കാനോ നിരസിക്കാനോ പരിശോധനയിലൂടെ സാധിച്ചില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്തിച്ചേരാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ, പരിശോധനയിൽ മറ്റൊരു നല്ല വാർത്ത തങ്ങൾക്ക് കണ്ടെത്താനായെന്നും അത്,  സാന്‍റയുടെ വാഹനമായ റെയിൻഡിയറിന്‍റെ സാന്നിധ്യം  കണ്ടെത്തി എന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്യാരറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 1947 ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ 34 -ാം സ്ട്രീറ്റിലുണ്ടായ ഒരു കേസുമായി ഈ കേസിന് ചെറിയൊരു സാമ്യമുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.  

🎅The results are in... pic.twitter.com/0ZakM5ph36

— Rhode Island Department of Health (@RIHEALTH)

ഈ കേസ് പരിഹരിക്കുന്നതിനായി തങ്ങളുടെ ഏറ്റവും നൂതനമായ സാങ്കേതികത ഉപയോഗിച്ചാണ് ക്യാരറ്റും കുക്കിയും പരിശോധിച്ചത്. സംഭവത്തില്‍ എന്തെങ്കിലും മാന്ത്രികത നടന്നിരിക്കാമെന്നും  ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ഭാവിയില്‍ ഈ കേസിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കാമെന്നും അതിനായി സ്‌റ്റേറ്റ് ഹെൽത്ത് ലബോറട്ടറികളിലേക്കുള്ള നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതിനായി കാത്തിരിക്കുകയെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ ക്രിസ്മസ് രാവിൽ താൻ സാന്‍റയ്ക്ക് നൽകിയ ഒരു കുക്കിയുടെയും ക്യാരറ്റിന്‍റെയും അവശേഷിച്ച ഭാഗങ്ങൾ സ്കാർലറ്റ് ഡൗമാറ്റോ ശേഖരിച്ചിരുന്നു. പൊലീസിനുള്ള അപേക്ഷയോടൊപ്പം ഈ കുക്കിയും ക്യാരറ്റും അവള്‍ വയ്ക്കുകയും ചെയ്തു. കുട്ടിയുടെ ഏറെ നിഷ്കളങ്കമായ ഈ ആവശ്യത്തെ വളരെ രസകരമായാണ് പൊലീസ് കൈകാര്യം ചെയ്തതെന്ന് നെറ്റിസണ്‍സ് പറയുന്നു.  ഫോറൻസിക് വിഭാഗത്തിന്‍റെ സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തിയ ഫലം ഉടനെ അറിയിക്കാം എന്ന് ഫേസ്ബുക്കിലൂടെ പൊലീസ് മേധാവികൾ സ്കാർലറ്റ് ഡൗമാറ്റോയ്ക്ക് ഉറപ്പു നൽകിയിരുന്നു. പത്ത് വയസുകാരിക്ക് നല്‍കിയ ആ ഉറപ്പാണ് ഡി എൻ എ ടെസ്റ്റിന്‍റെ ഫലം പുറത്തുവിട്ടുകൊണ്ട് പൊലീസ് ഇപ്പോൾ പാലിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ പരിശോധനാ ഫലം ഗവര്‍ണര്‍ ഡാന്‍ മാകീയും തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചു. 
 

കൂടുതല്‍ വായനയ്ക്ക്: ക്രിസ്മസ് സാന്റയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് പൊലീസിനോടാവശ്യപ്പെട്ട് പത്തു വയസ്സുകാരി
 

 

click me!