ഉറങ്ങുന്നതിനുമുമ്പ് ചീസ് കഴിക്കാൻ തയ്യാറാണോ? എങ്കില്‍, ജോലി റെഡി; ശമ്പളം 80,000 ത്തിന് മുകളിൽ

By Web TeamFirst Published Jan 25, 2023, 12:58 PM IST
Highlights

ചീസ് കഴിക്കുന്നത് നമ്മുടെ ഉറക്കത്തെയും ഊർജ്ജ നിലയെയും എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്തുന്നതിന്‍റെ ഭാഗമായാണ് മൂന്ന് മാസക്കാലത്തേക്ക് ജോലിക്ക് ആളെ തേടി കമ്പനി പരസ്യം നല്‍കിയത്.  

ജോലി തേടി അലയുന്നവരുടെ ശ്രദ്ധയ്ക്ക്, ഏറെ കൗതുകകരമായ ഒരു ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെറുതെ ഉണ്ടുറങ്ങി ശമ്പളം മേടിക്കണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നിങ്ങള്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഉണ്ടുറങ്ങി ശമ്പളം വാങ്ങുന്ന ജോലി എന്താണന്നല്ലേ? പറയാം. ഉറങ്ങുന്നതിന് മുൻപ് കുറച്ച് ചീസ് ഉൽപ്പന്നങ്ങൾ കഴിക്കണം, അത്രതന്നെ. മൂന്ന് മാസക്കാലത്തേക്ക് ഈ ജോലി ഏറ്റെടുത്ത് ചെയ്യാൻ തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് നല്ല ശമ്പളവും ലഭിക്കും. ആയിരം ഡോളർ ആണ് ശമ്പളം, അതായത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 80,000 അധികം വരും.

ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തുന്ന സ്ലീപ് ജങ്കി (sleepjunkie) എന്ന കമ്പനിയാണ് ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് ഇത്തരത്തിൽ ഒരു പരസ്യം നൽകിയത്. അവരുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ sleepjunkie.com ൽ തന്നെയാണ് ഈ പരസ്യം നൽകിയിരിക്കുന്നത്.

ചീസ് കഴിക്കുന്നത് നമ്മുടെ ഉറക്കത്തെയും ഊർജ്ജ നിലയെയും എങ്ങനെ ബാധിക്കുന്നുവെന്ന് പഠനം നടത്തുന്നതിന്‍റെ ഭാഗമായാണ് മൂന്ന് മാസക്കാലത്തേക്ക് ജോലിക്ക് ആളെ തേടി കമ്പനി പരസ്യം നല്‍കിയത്.  പക്ഷേ, ആകെ അഞ്ച് പേർക്ക് മാത്രമേ അവസരമുള്ളൂ. ഡയറി ഡ്രീമേഴ്സ് എന്നാണ് ഈ ജോലി അറിയപ്പെടുക. കമ്പനി നൽകുന്ന വിവിധ തരത്തിലുള്ള ചീസ് ഉൽപ്പന്നങ്ങൾ ഉറങ്ങുന്നതിന് മുൻപായി കഴിക്കുകയും ഉണർന്നതിന് ശേഷം തങ്ങളുടെ ശരീരത്തിൽ അനുഭവപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഉറക്കത്തിന്‍റെ വ്യാപ്തിയെ കുറിച്ചും കമ്പനിക്ക് കൃത്യമായ വിവരങ്ങൾ നൽകുക എന്നതാണ് ഇവരുടെ ജോലി. മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന ഈ പഠനകാലയളവിൽ സത്യസന്ധമായി കമ്പനിക്ക് മറുപടി നൽകുക എന്നതാണ് ഡയറി ഡ്രീമേഴ്സ്സിന്‍റെ ഉത്തരവാദിത്വം. ഇങ്ങനെ ചെയ്താൽ കമ്പനി കൃത്യമായി പ്രതിഫലം തരികയും അവരെ കമ്പനിയുടെ ഔദ്യോഗിക ചീസ് ടേസ്റ്റേഴ്സ് ആയി അംഗീകരിക്കുകയും ചെയ്യും.

മാർച്ചിലാണ് ജോലി ആരംഭിക്കുക. തുടർന്നുള്ള മൂന്ന് മാസകാലമാണ് ഉറക്കത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ കമ്പനിക്ക് രേഖാമൂലം നൽകേണ്ടത്. ഇതിൽ ഉറക്കത്തിൽ കണ്ട സ്വപ്നങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനിക്ക് നൽകണം. കഴിക്കാനായി നൽകുന്ന ചീസ് ഉൽപ്പന്നങ്ങളുടെ മുഴുവൻ ചിലവും കമ്പനി തന്നെ വഹിക്കും.

ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട മറ്റ് യോഗ്യതകളിൽ പ്രധാനം ഉദ്യോഗാർത്ഥികൾ 21 വയസ്സ് കഴിഞ്ഞവരും പൂർണ്ണ ആരോഗ്യവാന്മാരും ആയിരിക്കണമെന്നതാണ്. പാലിനോടോ പാലുൽപന്നങ്ങളോടോ യാതൊരുവിധത്തിലുള്ള ഇഷ്ടക്കേടുകളും ഉണ്ടായിരിക്കരുതെന്നും നിര്‍ബന്ധമുണ്ട്. കൃത്യമായ ഉറക്ക ഷെഡ്യൂളുകൾ ഉള്ളവർ ആയിരിക്കണം അപേക്ഷകര്‍. കഴിഞ്ഞില്ല, ഉറക്കം കൃത്യമായി ട്രാക്ക് ചെയ്യാനായി ഒരു സ്മാർട്ട് വാച്ച് അല്ലെങ്കിൽ ഫിറ്റ്നസ് ട്രാക്കർ സ്വന്തമായി ഉണ്ടായിരിക്കണം. നിലവിൽ യാതൊരു വിധത്തിലുള്ള ഉറക്ക പ്രശ്നങ്ങളും ഉണ്ടാകാനും പാടില്ലെന്നും കമ്പനി നിഷ്ക്കര്‍ഷിക്കുന്നു. കൂടാതെ സത്യസന്ധരും ഭക്ഷണം ആസ്വദിച്ച് കഴിക്കാനും നന്നായി ഉറങ്ങാനും ഇഷ്ടപ്പെടുന്നവർ മാത്രമേ ജോലിക്ക് അപേക്ഷയ്ക്കാവൂവെന്നും കമ്പനി പരസ്യത്തിൽ പറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫെബ്രുവരി 10 വരെ അപേക്ഷകൾ സ്വീകരിക്കും. അപ്പോ ഏങ്ങനാ ഉണ്ടുറങ്ങിയുള്ള ജോലിക്ക് അപേക്ഷിക്കുവാണോ ? 

കൂടുതല്‍ വായനയ്ക്ക്:  എന്നെയൊന്ന് അറസ്റ്റ് ചെയ്യൂ...; പൊലീസുകാരിയോട് യാചിച്ച് കുറ്റവാളികള്‍!

 

click me!