മണലിൽ ഫോൺ കാണാതായി, കൈകൊണ്ട് മാന്തി തിരഞ്ഞുപിടിച്ച് പൊലീസ്; കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Jun 01, 2026, 02:08 PM IST
Sand

Synopsis

ചൈനയിലെ സിംഗിങ് സാൻഡ് ഡ്യൂൺസിൽ വെച്ച് വിനോദസഞ്ചാരിയുടെ ഫോൺ മണലിൽ നഷ്ടപ്പെട്ടു. കഠിനമായ സാഹചര്യങ്ങളെ അവഗണിച്ച് കൈകൾ കൊണ്ട് മണൽ മാന്തി ഫോൺ കണ്ടെത്തി നൽകി വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ.

വിനോദസഞ്ചാരിയുടെ മൊബൈൽ ഫോൺ മണലിൽ നഷ്ടപ്പെട്ടു. കണ്ടെത്താനായി നഗ്നമായ കൈകൾ കൊണ്ട് മണൽ മാന്തി തിരച്ചിൽ നടത്തി വടക്കുപടിഞ്ഞാറൻ ചൈനയിലെ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർ. ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങളാണ് പൊലീസുകാർക്ക് ലഭിക്കുന്നത്. മേയ് 15 -ന് രാത്രി 11 മണിയോടെ ഗാൻസു പ്രവിശ്യയിലെ ദുൻഹുവാങ്ങിലുള്ള 'സിംഗിങ് സാൻഡ് ഡ്യൂൺസ്' എന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് 'ത്സാവോ' എന്ന തായ്‌വാൻ സ്വദേശിനിക്ക് അവരുടെ ഫോൺ നഷ്ടപ്പെടുകയായിരുന്നു.

ഫോൺ നഷ്ടപ്പെട്ടെന്ന് തിരിച്ചറിയുമ്പോഴേക്കും രാത്രിയായിരുന്നു. കൂടാതെ കനത്ത ഇരുട്ടും തണുപ്പും. ഇവിടുത്തെ മൃദുവായ മണലിലൂടെ ആളുകൾ നടക്കുമ്പോൾ ഫോൺ കൂടുതൽ താഴ്ന്നുപോകാൻ സാധ്യതയുള്ളതിനാൽ തിരച്ചിൽ ഏറെ ബുദ്ധിമുട്ടായിരുന്നു. വിവരം അറിയിച്ച് വെറും നാല് മിനിറ്റിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥർ അവിടെയെത്തി. ഫോൺ നഷ്ടപ്പെട്ട ഏകദേശ സ്ഥലം മനസ്സിലാക്കിയ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. ഫോൺ കണ്ടെത്താനായി ഉദ്യോഗസ്ഥർ വീണ്ടും വീണ്ടും സ്വന്തം കൈകൾ കൊണ്ട് മണൽ മാന്തിക്കൊണ്ടേയിരുന്നു. ഒടുവിൽ, ഒരു മണൽക്കൂനയുടെ മുകൾഭാഗത്തായി ഫോണിന്റെ സ്ട്രാപ്പ് തടഞ്ഞതിനെത്തുടർന്ന് ഷാങ് യിങ്ജുൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയകരമായി ഫോൺ പുറത്തെടുത്തു.

അതേസമയം, പകൽ സമയത്തെ കഠിനമായ ചൂടും രാത്രിയിലെ തണുത്ത കാറ്റും സഹിച്ചാണ് ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. വിനോദസഞ്ചാരികൾ മണൽക്കൂനയുടെ മുകളിലെത്താൻ സാധാരണയായി 30 മിനിറ്റോളം എടുക്കുമ്പോൾ, ഈ പൊലീസുകാർക്ക് വെറും 10 മിനിറ്റ് മതിയാകും. സഞ്ചാരികളെ സഹായിക്കുന്നതിനായി ഈ പൊലീസ് ഉദ്യോഗസ്ഥർ ഒരു ദിവസം 30,000 മുതൽ 40,000 ചുവടുകൾ വരെ നടക്കാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ വർഷം ഇതുവരെ മൊബൈൽ ഫോണുകൾ, കാർ താക്കോലുകൾ, വിവാഹ മോതിരങ്ങൾ എന്നിവയുൾപ്പെടെ നഷ്ടപ്പെട്ട 260 സാധനങ്ങളാണ് അവർ കണ്ടെടുത്തു നൽകിയത്. വെറും ഒരു വർഷത്തിനിടെ വിനോദസഞ്ചാരികൾ നൂറിലധികം ഉപഹാരങ്ങളാണ് ഇവർക്ക് സമ്മാനിച്ചത്.

 

PREV
Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ പ്രണയം; കാമുകിയെ കാണാൻ അതിർത്തി കടന്നു, പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള യുവാവ് സൈനികരുടെ പിടിയിൽ
വിനോദയാത്ര കഴിഞ്ഞെത്തി 1 വർഷം, ഇന്ത്യക്കാരെ തേടി സ്വിറ്റ്സർലാൻഡിൽ നിന്നും 1.5 ലക്ഷം ട്രാഫിക് ഫൈന്‍!