നാവിദ് അഫ്‌കാരി എന്ന ഗുസ്തിക്കാരനെ ഇറാൻ തൂക്കിക്കൊന്നതിലെ രാഷ്ട്രീയം എന്താണ്

By Web TeamFirst Published Sep 14, 2020, 2:01 PM IST
Highlights

ജയിലിൽ നിന്ന് തന്റെ പ്രിയപ്പെട്ടവർക്കയച്ച ശബ്ദ സന്ദേശത്തിൽ നാവിദ്, കസ്റ്റഡിയിൽ കഴിയവേ തനിക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ അത് താങ്ങാൻ കഴിയാതെയാണ് താൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയത് എന്നറിയിച്ചിരുന്നു. 

അന്താരാഷ്ട്ര തലത്തിൽ ഉയർന്ന അപേക്ഷകൾ തിരസ്കരിച്ചുകൊണ്ട് ഇറാൻ കഴിഞ്ഞ ദിവസം ഒരു  സെക്യൂരിറ്റി ഗാർഡിനെ കുത്തിക്കൊന്നു എന്ന ആരോപണത്തിൽ കുറ്റക്കാരനെന്ന് നീതിപീഠം കണ്ടെത്തിയ നാവിദ് അഫ്‌കാരി എന്ന ഗുസ്തി ചാമ്പ്യനെയാണ് കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം തൂക്കിക്കൊന്നത്. 2018 -ൽ നടന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നടന്ന അക്രമങ്ങളിൽ ജലവിതരണവകുപ്പിലെ ഒരു സെക്യൂരിറ്റി ഗാർഡ് കുത്തേറ്റ് മരിച്ചിരുന്നു.

ആ കൊലപാതകത്തിൽ കുറ്റം ആരോപിക്കപ്പെട്ടത് പ്രതിഷേധങ്ങളുടെ ഭാഗമായി തെരുവിലിറങ്ങിയ നാവിദ് അഫ്‌കാരിയുടെ മേലാണ്. നാവിദ് കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ വിചാരണാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് തങ്ങൾ സമയാനുസൃതമായി ഈ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് ഇറാനിയൻ ഗവണ്മെന്റിന്റെ വക്താക്കൾ പറയുന്നത്. എന്നാൽ, ജയിലിൽ നിന്ന് തന്റെ പ്രിയപ്പെട്ടവർക്കയച്ച ശബ്ദ സന്ദേശത്തിൽ നാവിദ്, കസ്റ്റഡിയിൽ കഴിയവേ തനിക്ക് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ അത് താങ്ങാൻ കഴിയാതെയാണ് താൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയത് എന്നറിയിച്ചിരുന്നു. 

 

 

ശനിയാഴ്ച രാവിലെ ശിരസിൽ തടവറയിൽ വെച്ചാണ് നാവേദിനെ തൂക്കിലേറ്റിയത്.  നാവേദിനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ അടിസ്ഥാന രഹിതമാണ് എന്ന ആക്ഷേപം ആഗോളതലത്തിൽ, വിശേഷിച്ച് അന്താരാഷ്ട്ര സ്പോർട്സ് ഫെഡറേഷനുകളുടെ ഭാഗത്തു നിന്ന് ഉയർന്നിട്ടും അതിനെ അവഗണിച്ചു കൊണ്ടാണ് ഇറാൻ ഇപ്പോൾ ഏറെ ധൃതിപിടിച്ച് ഈ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. വധശിക്ഷയ്ക്ക് മുമ്പ് കുടുംബാംഗങ്ങളെ ഒന്ന് കാണാനോ, അഭിഭാഷകരോട് സംസാരിക്കാനോ ഒന്നും നാവേദിനെ അനുവദിച്ചില്ല എന്നതും ദുരൂഹമാണ്. 

"കൊലക്കയറിലെ കുരുക്കിന് ചേർന്ന ഒരു കഴുത്ത് തേടി നടന്ന ഭരണകൂടത്തിന് അത് കിട്ടിയത് എന്നിലാണ്, അതുമാത്രമാണ് എന്റെ ദൗർഭാഗ്യം" എന്നായിരുന്നു ശബ്ദസന്ദേശത്തിലെ നാവേദിന്റെ പരാമർശം." നാളെ ഞാൻ തൂക്കിലേറ്റപ്പെടുകയാണെങ്കിൽ,  ഒരു കാര്യം നിങ്ങളെല്ലാവരും അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ തൂക്കുമരത്തിലേറിയിട്ടുള്ളത് ഒരു നിഷ്കളങ്കനായ വ്യക്തിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഉറക്കെയുറക്കെ വിളിച്ചു കൂവിയിട്ടും, ഈ അന്യായത്തിനെതിരെ സർവശക്തിയും സംഭരിച്ച് പോരാടിയിട്ടും, തോറ്റുപോയ ഒരു സാധാരണക്കാരൻ" എന്നും നാവിദ് പറഞ്ഞു. 

 

നാവേദിന്റെ വാഹിദ്, ഹബീബ് എന്നീ രണ്ടു സഹോദരന്മാരെക്കൂടി ഭരണകൂടം തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. വാഹിദിന് 54 വര്ഷത്തേക്കും, ഹബീബിന് 27 വർഷത്തേക്കുമാണ് കഠിനതടവ്. ഇറാനിലെ ഭരണകൂടം അവകാശപ്പെടുന്നതൊക്കെ തെറ്റാണ് എന്നും, നാവിദ് ആ കൊല ചെയ്തതായി ഒരു സിസിടിവി ദൃശ്യങ്ങളുമില്ല എന്നും, അദ്ദേഹത്തിനെതിരെ കള്ളസാക്ഷികളെയാണ് കോടതിയിൽ നിരത്തിയിട്ടുള്ളത് എന്നും നാവേദിന്റെ അഭിഭാഷകൻ ട്വീറ്റ് ചെയ്തു. ദേശീയ തലത്തിൽ ചാമ്പ്യനായ ഒരു റെസ്‌ലിങ് താരത്തെ ഇങ്ങനെ തിരക്കിട്ട് തൂക്കിലേറ്റിയ ഇറാന്റെ നടപടി വലിയ പ്രതിഷേധങ്ങളാണ് അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും ക്ഷണിച്ചു വരുത്തിയിട്ടുള്ളത്. 

click me!