വായുമലിനീകരണം കൂടുന്നു, 40 ശതമാനം ഇന്ത്യക്കാരുടെ ആയുസിൽനിന്ന് കുറയുക ഒമ്പത് വർഷം? ദില്ലിയുൾപ്പടെ സ്ഥിതി രൂക്ഷം

By Web TeamFirst Published Sep 1, 2021, 4:28 PM IST
Highlights

അപകടകരമായ മലിനീകരണത്തോത് നിയന്ത്രിക്കുന്നതിനായി 2019 -ൽ ആരംഭിച്ച നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന് (NCAP) പുരോഗതി നേടാനായിട്ടുണ്ടെന്ന് പഠനം പറയുന്നു. ആ പദ്ധതി ലക്ഷ്യം കണ്ടാൽ രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യം 1.7 വർഷമായും, ദില്ലി നിവാസികളുടെ 3.1 വർഷമായും വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

വായുമലിനീകരണം ഏകദേശം 40 ശതമാനം ഇന്ത്യക്കാരുടെയും ആയുസ്സ് കുറയ്ക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. പുതിയ റിപ്പോർട്ട് പ്രകാരം, ജനങ്ങളുടെ ആയുർദൈർഘ്യം 9 വർഷത്തിലേറെയും കുറയുമെന്നാണ് പറയുന്നത്. തലസ്ഥാനമായ ദില്ലി ഉൾപ്പെടെയുള്ള മധ്യ, കിഴക്കൻ, വടക്കേ ഇന്ത്യയിൽ താമസിക്കുന്ന 480 ദശലക്ഷത്തിലധികം ആളുകളും വലിയ തോതിലുള്ള മലിനീകരണത്തിന് ഇരയാകുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.  

ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് (ഇപിഐസി) ഈ റിപ്പോർട്ട് തയ്യാറാക്കിയത്. "ഇന്ത്യയുടെ ഉയർന്ന വായു മലിനീകരണം ഭയപ്പെടുത്തുന്ന വിധത്തിൽ കാലങ്ങൾ കഴിയുന്തോറും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു” പഠനം പറയുന്നു. ഉദാഹരണത്തിന്, പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലും മധ്യ സംസ്ഥാനമായ മധ്യപ്രദേശിലും വായുവിന്റെ ഗുണനിലവാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നും അതിൽ പറയുന്നു.    

അപകടകരമായ മലിനീകരണത്തോത് നിയന്ത്രിക്കുന്നതിനായി 2019 -ൽ ആരംഭിച്ച നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന് (NCAP) പുരോഗതി നേടാനായിട്ടുണ്ടെന്ന് പഠനം പറയുന്നു. ആ പദ്ധതി ലക്ഷ്യം കണ്ടാൽ രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യം 1.7 വർഷമായും, ദില്ലി നിവാസികളുടെ 3.1 വർഷമായും വർദ്ധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2024 -ഓടെ ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്ന 102 നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാനാണ്  NCAP ലക്ഷ്യമിടുന്നത്. 2020 -ൽ തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്ന തലസ്ഥാനമാണ് ന്യൂഡൽഹി എന്ന് IQAir അഭിപ്രായപ്പെട്ടു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന ഒരു സ്വിസ് കമ്പനിയാണ് IQAir.

കഴിഞ്ഞ വർഷം, വേനൽക്കാലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ ന്യൂഡൽഹിയിൽ മലിനീകരണ നിരക്ക് കുറഞ്ഞു. എന്നാൽ, സമീപ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കർഷകർ ശൈത്യകാലത്ത് വൈക്കോൽ കൂട്ടിയിട്ട് കത്തിക്കാൻ തുടങ്ങിയതോടെ വീണ്ടും വിഷമയമായ വായു ശ്വസിക്കാൻ നിവാസികൾ നിർബന്ധിതരായി. ഇപിഐസിയുടെ കണ്ടെത്തലുകൾ അനുസരിച്ച്, ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന അളവിലേക്ക് വായുവിന്റെ ഗുണനിലവാരം ഉയർത്താനായാൽ അയൽരാജ്യമായ ബംഗ്ലാദേശിലെ ജനങ്ങളുടെ ആയുർദൈർഘ്യം ശരാശരി 5.4 വർഷം വരെ വർധിക്കുമെന്നും പഠനം പറയുന്നു.  

click me!