France : സ്ത്രീയുമായി വഴിവിട്ട ബന്ധമെന്ന ആരോപണം; ആര്‍ച്ച് ബിഷപ്പിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചു

By Web TeamFirst Published Dec 7, 2021, 8:26 PM IST
Highlights

ആര്‍ച്ച് ബിഷപ്പിന് തന്റെ സെക്രട്ടറി ആയിരുന്ന സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പോയിന്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സ്ത്രീയുമായി ആര്‍ച്ച് ബിഷപ്പ് പരസ്പര സമ്മതത്തോടെയുള്ള ഗാഢമായ ശാരീരിക ബന്ധം പുലര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

ഒരു പതിറ്റാണ്ടുമുമ്പ് ഒരു സ്ത്രീയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന ആരോപണങ്ങള്‍ക്കിരയായ ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിന്റെ (French Archbishop) രാജി ഫ്രാന്‍സിസ് മാര്‍പ്പാപ്പ (Pope Francis) സ്വീകരിച്ചു. ഗ്രീസില്‍നിന്നും (Greece) വത്തിക്കാനിലേക്കുള്ള (Vatican) വിമാനയാത്രക്കിടെ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 

പാരീസിലെ ആര്‍ച്ച് ബിഷപ്പ് മൈക്കിള്‍ ഓപെറ്റിയുമായി ബന്ധപ്പെട്ട ആരോപണം ഫ്രഞ്ച് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. നല്ല ഭരണം നിര്‍വഹിക്കാന്‍ പുതിയ സാഹചര്യത്തില്‍ തടസ്സമുള്ളതിനാലാണ് ആര്‍ച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ചതെന്നും മാര്‍പ്പാപ്പ ഫ്രഞ്ച് മാധ്യമ്രപവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു. 

ആര്‍ച്ച് ബിഷപ്പിന് തന്റെ സെക്രട്ടറി ആയിരുന്ന സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പോയിന്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം സഭയുമായി ബന്ധപ്പെട്ട നിരവധി പേരുമായി സംസാരിച്ച് ഉറപ്പിക്കിയതായും  റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആര്‍ച്ച് ബിഷപ്പിന്റെ ഇ മെയില്‍ ഐഡിയില്‍നിന്നും 2012-ല്‍ സെക്രട്ടറിക്ക് അയച്ച മെയിലും റിപ്പോര്‍ട്ടിനോടൊപ്പം ഉദ്ധരിച്ചിരുന്നു. ഈ സ്ത്രീയുമായി ആര്‍ച്ച് ബിഷപ്പ് പരസ്പര സമ്മതത്തോടെയുള്ള ഗാഢമായ ശാരീരിക ബന്ധം പുലര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

ഈ റിപ്പോര്‍ട്ട് വലിയ കോളിളക്കമുണ്ടാക്കി. ഫ്രഞ്ച് കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. അതിനിടെ, ലെ പോയിന്റ് പുറത്തുവിട്ട ഇമെയില്‍ താന്‍ എഴുതിയല്ലെന്നും  ആരോപണ വിധേയയായ സ്ത്രീയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നില്ലെന്നും ആര്‍ച്ച് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയിലടക്കം ഈ വിഷയം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ വിവാദം അവസാനിച്ചില്ല. 

അതിനിടെയാണ് കഴിഞ്ഞ മാസം ആര്‍ച്ച ്ബിഷപ്പ് തന്റെ രാജിക്കാര്യം പ്രഖ്യാപിച്ചത്. പ്രകോപനപരമായ വിധത്തില്‍ സഭയുടെ വിശ്വാസ്യത നശിപ്പിക്കുകയും സംശയങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് 70 കാരനായ ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 

അതിനെ തുടര്‍ന്നാണ് സൈപ്രസ് യാത്രകഴിഞ്ഞ് മടങ്ങുന്നതിനിടെ, രാജി സ്വീകരിച്ചതായി മാര്‍പ്പാപ്പ വ്യക്തമാക്കിയത്. എന്നാല്‍, വ്യത്യസ്തമായ രീതിയിലാണ് താന്‍ ഈ വിഷയത്തെ സമീപിക്കുന്നതെന്നും മാര്‍പ്പാപ്പ മറുപടിയില്‍ വ്യക്തമാക്കി. 

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയുടെ ലേഖകന്റെ ചോദ്യത്തിനുത്തരമായി എന്തിനാണ് ബിഷപ്പ് രാജിവെച്ചതെന്നും അതിനു മാത്രം എന്താണദ്ദേഹം ചെയ്തതെന്നും മാര്‍പ്പാപ്പ തിരിച്ചുചോദിച്ചു. 

പിന്നെ എന്തിനാണ് രാജി സ്വീകരിച്ചതെന്ന അതേ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: 

''ആരോപണം എന്തെന്ന് നമുക്കറിയില്ലെങ്കില്‍ അതിനെ അപലപിക്കാനും കഴിയില്ല. എന്തായിരുന്നു ആരോപണം? ആര്‍ക്കറിയാം? ഇങ്ങനെ അപലപിക്കുന്നത് മോശമാണ്. എന്നിട്ടും അദ്ദേഹം അപലപിക്കപ്പെട്ടു. ആരാണത് ചെയ്തത്. പൊതുജനം. ഗോസിപ്പുകള്‍. നമുക്കറിയില്ല. നിങ്ങള്‍ക്കറിയാമെങ്കില്‍, പറയൂ...


അദ്ദേഹത്തിന്റെ ഭാഗത്തുനിന്നൊരു പരാജയമുണ്ടായി എന്നതു കൊണ്ടാണ് നമുക്കറിയാത്തത്. പത്തുകല്‍പ്പനകള്‍ ലംഘിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വീഴ്്ച്ച. എന്നാല്‍ പൂര്‍ണ്ണമായും അങ്ങനെയല്ല. അദ്ദേഹം സെക്രട്ടറിയെ തഴുകുകയും മസാജ് ചെയ്യുകയുമാണ് ചെയ്‌തെന്നാണ് ആരോപണം. അതാണ് പാപം, എന്നാല്‍, അതേറ്റവും മഹാപാപമല്ല. കാരണം, മാംസവുമായി ബന്ധപ്പെട്ട പാപം മഹാപാപമല്ല. 

ആ അര്‍ത്ഥത്തില്‍ ബിഷപ്പ് പാപിയാണ്, ഞാനും. സ്വയം ഒരു പാപിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നറിയില്ല. നമ്മളെല്ലാം പാപികളാണ്. എന്നാല്‍, ബിഷപ്പുമാര്‍ പുണ്യവാളന്‍മാരാണന്ന് നാം നടിക്കുന്നു. എന്നാല്‍, ഗോസിപ്പ് പടരുകയും അതാരു മനുഷ്യന്റെ പേരു ചീത്തയാക്കുകയും ചെയ്യുന്നു. പാപം കാരണമല്ല അത്, ജനങ്ങളുടെ ഗോസിപ്പ് കാരണമാണ്. ഇക്കാരണത്താലാണ് ഞാനദ്ദേഹത്തിന്റെ രാജി സ്വീകരിച്ചത്. സത്യത്തിന്റെയല്ല, കാപട്യത്തിന്റെ അള്‍ത്താരയില്‍ വെച്ചാണ് ഞാനത് സ്വീകരിച്ചത്.''
 

click me!