ദാരിദ്ര്യം വര്‍ധിക്കുന്നു, യു കെ -യില്‍ ചെരിപ്പില്ലാതെ കുഞ്ഞുങ്ങള്‍, സ്‍കൂള്‍ ഷൂവടക്കം കണ്ടെത്തുന്നത് സംഭാവനയിലൂടെ

By Web TeamFirst Published Nov 4, 2019, 6:05 PM IST
Highlights

യുകെയിലെ ദാരിദ്ര്യനിലവാരം ഉയരുകയാണ്. അതില്‍ത്തന്നെ കുഞ്ഞുങ്ങളുടെ വളരെ ചെറിയ ആവശ്യങ്ങള്‍ പോലും നടക്കാത്തവണ്ണം ദാരിദ്ര്യം കൂടുന്നു. മാതാപിതാക്കള്‍ കടുത്ത ബുദ്ധിമുട്ടിലുമാണ്... 

ലോകമെമ്പാടുമുള്ള ദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് കുട്ടികളുടെ ചെരിപ്പ് വിതരണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ പറയുന്നത്, യുകെയിൽ നിന്നുള്ള ചെരിപ്പിനുവേണ്ടിയുള്ള അഭ്യർത്ഥനകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി എന്നാണ്. സ്‍കൂളുകൾ ഉൾപ്പെടെ കുട്ടികളുടെ ചെരിപ്പ് ആവശ്യപ്പെടുന്നത് വര്‍ധിക്കുകയാണെന്നാണ് ഈ സംഘടന പറയുന്നത്. ഇതു വിരല്‍ചൂണ്ടുന്നത് യുകെയിലെ വര്‍ധിച്ചുവരുന്ന ദാരിദ്ര്യത്തിലേക്കാണ്. 

സാല്‍സ് ഷൂസ് എന്ന സ്ഥാപനം തുടങ്ങുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിജെ ബൗറി എന്ന സ്ത്രീയാണ്. മകന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അധികമുപയോഗിച്ചിട്ടില്ലാത്ത ഷൂ എന്ത് ചെയ്യുമെന്നാണ് അവര്‍ ചിന്തിച്ചത്. അതുപിന്നീട് ഒരു സംഘടനയിലേക്കുള്ള വളര്‍ച്ചയായി. ഈ ചാരിറ്റി പ്രവര്‍ത്തനം തുടങ്ങുന്നത് 5000 ഷൂ സംഭാവന നല്‍കിക്കൊണ്ടാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇവര്‍ സംഭാവന നല്‍കിയത് 300,000 ജോഡി ചെരിപ്പാണ്. ഏഷ്യ, ആഫ്രിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിവിടങ്ങളിലായി 43 രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ക്കാണ് ഇവ എത്തിച്ച് നല്‍കിയത്. 

എന്നാല്‍, സി ജെ പറയുന്നത്, യുകെയിലെ ഭൂരിഭാഗം കുട്ടികള്‍ക്കും പുതിയ അക്കാദമിക് വര്‍ഷങ്ങളില്‍ ഒരു ജോഡി സ്‍കൂളിലുപയോഗിക്കാനുള്ള ഷൂ ആവശ്യമായി വരുന്നുവെന്നും ആവശ്യക്കാരുടെ എണ്ണം കൂടുന്നുവെന്നുമാണ്. അതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് വേനല്‍ക്കാലത്തിന്‍റെ അവസാനത്തോടെയാണ്. അത് യുകെയിലുള്ള കുട്ടികള്‍ക്ക് അവരുടെ കുറച്ച് കാലം മാത്രം ഉപയോഗിച്ച ഷൂ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ വഴിയൊരുക്കുന്നു. പലര്‍ക്കും പാകമാവാതെ വന്നതിനാല്‍ ഉപേക്ഷിക്കേണ്ടി വരുന്നതാണ് ഈ ഷൂവെല്ലാം. 

ഇന്ന്, ചെരിപ്പ് ആവശ്യമുള്ളവര്‍ ഈ ഓര്‍ഗനൈസേഷനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. സി ജെ പറയുന്നു, ''സ്‍കൂളിലുള്ളവര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും ഓരോ കുട്ടിയുടെ വീട്ടിലെ സാഹചര്യവും അവര്‍ക്ക് എന്താണ് ആവശ്യമെന്നും എന്തൊക്കെയാണ് അവരുടെ ബുദ്ധിമുട്ടുകളെന്നും അറിയാമായിരിക്കും. നമ്മുടേത് പോലെയുള്ള ഓര്‍ഗനൈസേഷനെ കുറിച്ചും അവര്‍ക്ക് വിവരമുണ്ട്. അതുകൊണ്ട് ഇത്തരം ഘട്ടങ്ങളില്‍ ആരെയാണ് വിളിക്കേണ്ടതെന്നും അവര്‍ക്കറിയാം. ഓരോ സ്‍കൂളിലെയും പ്രധാനാധ്യാപകര്‍ അവരുടെ സ്‍കൂളിലെ ഏതൊക്കെ കുട്ടികള്‍ക്കാണ് ചെരിപ്പ് ആവശ്യമെന്നും ആരുടെയൊക്കെ മാതാപിതാക്കള്‍ക്കാണ് അത് വാങ്ങാനുള്ള ശേഷിയില്ലാത്തതെന്നും മനസിലാക്കിയ ശേഷം ഓര്‍ഗനൈസേഷന് ഇ-മെയിൽ അയക്കുകയാണ് ചെയ്യുന്നത്. 

അതിലൊരു പ്രധാനാധ്യാപകനാണ് റോയ് ജെയിംസ്. അദ്ദേഹം പറയുന്നത്, ചില ഓര്‍ഗനൈസേഷനുകളില്‍നിന്ന് കുട്ടികള്‍ക്കുള്ള ഭക്ഷണം കിട്ടാറുണ്ട്. അതുപോലെ ഇവരില്‍നിന്നും ചെരിപ്പും ലഭിക്കുന്നുവെന്നാണ്. പല കുട്ടികളുടെയും ഷൂവിന് ദ്വാരങ്ങളാണ്. ചിലരുടെയൊക്കെ ചെരിപ്പുകളുടെ അടിഭാഗം അടര്‍ന്നു തുടങ്ങിയതാണ്. അവര്‍ക്ക് പുതിയൊരു ജോഡി ഷൂ വാങ്ങാനുള്ള ശേഷിയില്ല. അങ്ങനെയാണ് ആ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നത്. 

തിങ്ക്-ടാങ്ക് ദി റെസല്യൂഷൻ ഫൗണ്ടേഷൻ നടത്തിയ പഠനത്തില്‍ പറയുന്നത് 2023-24 ആകുമ്പോഴേക്കും യുകെയില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം വീണ്ടും കൂടുമെന്നാണ്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് പത്തുലക്ഷമായി അത് കൂടുമെന്നും പഠനം പറയുന്നു. 

''യുകെയിലെ ദാരിദ്ര്യനിലവാരം ഉയരുകയാണ്. അതില്‍ത്തന്നെ കുഞ്ഞുങ്ങളുടെ വളരെ ചെറിയ ആവശ്യങ്ങള്‍ പോലും നടക്കാത്തവണ്ണം ദാരിദ്ര്യം കൂടുന്നു. മാതാപിതാക്കള്‍ കടുത്ത ബുദ്ധിമുട്ടിലുമാണ്... നിങ്ങളുടെ കുട്ടിക്ക് ഒരു ജോഡി ഷൂ വാങ്ങാനാകാത്ത നിലയിലേക്ക്, അല്ലെങ്കില്‍ ഭക്ഷണമോ മറ്റോ കൊടുക്കാനാകാത്തതിലേക്ക്, അവരുടെ ആവശ്യങ്ങളൊന്നുംതന്നെ നിറവേറ്റാനാകാത്ത നിലയിലേക്ക്, ഗ്യാസിന്റെയും വൈദ്യുതിയുടേയുമൊക്കെ ബില്ലുകൾ  അടക്കാനാകാത്ത തരത്തിലേക്ക് ദാരിദ്ര്യം ഇറങ്ങി വരികയാണെന്നും സി ജെ പറയുന്നു. 


 

click me!