കണ്ടുകിട്ടിയാലുടൻ യു എ പി എ ചുമത്താനും മാത്രം എന്താണ് 'ഹലോ ബസ്തറി'ൽ ഉള്ളത് ?

By Babu RamachandranFirst Published Nov 4, 2019, 5:37 PM IST
Highlights

''ഈ പുസ്തകത്തിന്റെ ഫോക്കസ്, പരസ്പരം കൊന്നുതള്ളാൻ നടക്കുന്ന മാവോയിസ്റ്റുകൾക്കും, സ്റ്റേറ്റിനും ഇടയിൽപെട്ട് വീർപ്പുമുട്ടുന്ന പാവപ്പെട്ട ആദിവാസികളുടെ വേദനയാണ്. അവരുടെ സങ്കടങ്ങളാണ്."

പന്തീരാങ്കാവിലെ യുവാക്കളെ മാവോയിസ്റ്റാക്കിയതിൽ പ്രധാനപങ്കുവഹിച്ച പ്രകോപനപരമായ ലഘുലേഖകളിൽ ഒന്ന് ഒരു പുസ്തകമാണ്, രാഹുൽ പണ്ഡിത എഴുതിയ 'ഹലോ, ബസ്തർ'.  സർക്കാർ ഏജൻസികളെ ഇത്രകണ്ട് പ്രകോപിപ്പിച്ച, രണ്ടു യുവാക്കൾക്കുമേൽ UAPA ചുമത്താൻ പ്രേരിപ്പിച്ച ഈ പുസ്തകത്തെപ്പറ്റി രചയിതാവ് രാഹുൽ പണ്ഡിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിക്കുന്നു. 

ഈ പുസ്തകമെഴുതിയിരിക്കുന്നത് ഒരു ജേർണലിസ്റ്റാണ്, രാഹുൽ പണ്ഡിത... ഇപ്പോൾ ഓപ്പൺ മാഗസിന്റെ ഡെപ്യൂട്ടി എഡിറ്ററാണ് അദ്ദേഹം. ഈ പുസ്തകത്തിന്റെ 197 പേജുകളിൽ ബസ്തറിന്റെ മണ്ണിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഫലം കാണാം. 

എഴുത്തുകാരന്  പറയാനുള്ളത് 

"എന്റെ പുസ്തകം ഒരു മാവോയിസത്തിന്റെയും ഭാവഗീതമല്ല..! 'ഹലോ ബസ്തറി'ൽ മാവോയിസം എന്ന സിദ്ധാന്തം എങ്ങനെ ഉത്തരേന്ത്യൻ മണ്ണിൽ വേരോടി എന്നതിനെപ്പറ്റിയുള്ള ആലോചനകളുണ്ടാകാം. എന്നാൽ, ഈ പുസ്തകത്തിന്റെ ഫോക്കസ് അതൊന്നുമല്ല. അത്, പരസ്പരം പോരടിക്കുന്ന, കൊന്നുതള്ളാൻ നടക്കുന്ന മാവോയിസ്റ്റുകൾക്കും, സ്റ്റേറ്റിനും ഇടയിൽപെട്ട് വീർപ്പുമുട്ടുന്ന പാവപ്പെട്ട ആദിവാസികളുടെ വേദനയാണ്. അവരുടെ സങ്കടങ്ങളാണ്." രാഹുൽ പണ്ഡിത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു കൊബാഡ് ഗാന്ധിയുണ്ട്. അദ്ദേഹം, ഡൂൺ സ്‌കൂളിലും, സെന്റ് സേവിയേഴ്‌സിലും ഒക്കെ പഠിച്ച് ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ബസ്തർ പോലെ ഒരു സ്ഥലത്തെത്തുന്നു. പിന്നീട്, അദ്ദേഹം എങ്ങനെയാണ് സ്വദേശിയായ അനുരാധയുമായി ചേർന്നുകൊണ്ട് മാവോയിസത്തിന്റെ പാതയിലേക്ക് പോകുന്നത് എന്നതിനെപ്പറ്റി പുസ്തകം വായിച്ചാൽ മനസ്സിലാകും. അവരെ മാത്രമല്ല, എഴുപതുകളിൽ നക്സലിസം പശ്ചിമ ബംഗാളിലും, മഹാരാഷ്ട്രയിലും, മധ്യപ്രദേശിലും, ആന്ധ്രയിലും, ഒറീസയിലുമൊക്കെ നിരവധി ചെറുപ്പക്കാരെ എങ്ങനെ സായുധവിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചു എന്നതിന്റെയും വിസ്തരിച്ചുള്ള ചരിത്രങ്ങളുണ്ട് ഹലോ ബസ്‍തറില്‍.

"ഇന്ത്യൻ ഗ്രാമങ്ങളിൽ നിരക്ഷരരും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയിൽ വർഷങ്ങളായി തുടരുന്നവരുമായ ആദിവാസികളെ ധനികരായ ജമീന്ദാർമാർ വർഷങ്ങളായി എങ്ങനെയാണ് ദുരുപയോഗം ചെയ്തുപോന്നിരുന്നത് എന്നും ഈ പുസ്തകം വായിച്ചാൽ മനസ്സിലാകും. ആദിവാസികളിൽ കനു സന്യാൽ, ഗണപതി തുടങ്ങിയ നക്സൽ നേതാക്കളുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നു എന്നും, പണക്കാർ കൂടുതൽ പണക്കാരായിക്കൊണ്ടിരുന്നപ്പോഴും, പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരായി അവരുടെ കാൽക്കീഴിലെ പാറ്റകളെപ്പോലെ പരക്കം പാഞ്ഞപ്പോഴും, ചതഞ്ഞരഞ്ഞപ്പോഴും ഒക്കെ നിഷ്ക്രിയരായി കയ്യുംകെട്ടി നോക്കിനിന്ന ഗവണ്മെന്റുകളെപ്പറ്റിയുള്ള വിമർശനങ്ങളുണ്ടിതിൽ.

ഈ പുസ്തകത്തിൽ വിവിധ നക്സലൈറ്റ് പാർട്ടികളുടെ പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയുള്ള വിശദമായ സാഹിത്യമുണ്ട്.  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലതിൽ മാവോയിസ്റ്റുകൾ സമൂഹത്തിൽ കൊണ്ടുവന്നു എന്ന് അവർ തന്നെ അവകാശപ്പെടുന്ന വിദ്യാഭ്യാസവും, ജലസേചനവും, ശൗചാലയങ്ങളുമടക്കമുള്ള സാമൂഹികമാറ്റങ്ങളുടെ വർണ്ണനകളുണ്ട്. ജമീന്ദാർമാർക്കെതിരെ പോരാടാൻ ഗ്രാമീണർക്ക് ഗറില്ലാ യുദ്ധമുറകളിൽ നക്‌സലൈറ്റുകൾ പരിശീലനം നല്കുന്നതിന്റ വിവരണങ്ങളുണ്ട്. പരസ്പരം കൊന്നുതള്ളുന്നതിനെപ്പറ്റി മാവോയിസ്റ്റുകളുടെയും പൊലീസിന്റെയും പരിപ്രേക്ഷ്യങ്ങളുണ്ട്." അദ്ദേഹം തുടർന്നു. 

മലയാളത്തിലേക്ക് മൊഴിമാറ്റിയ ആൾക്ക് പറയാനുള്ളത് 

ഹലോ ബസ്തർ എന്ന ഈ പുസ്തകം മലയാളമുൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത് കാൺപൂരിൽ താമസിക്കുന്ന കെ എസ് രാമനാണ്. ഒരാളെയും പിടിച്ച് തുറുങ്കിലടക്കാനോ അല്ലെങ്കിൽ, UAPA പോലുള്ള കരിനിയമങ്ങൾ ചുമത്താനോ പോന്ന യാതൊരു പ്രകോപനവും ഈ പുസ്തകത്തിലില്ല എന്ന് കെ എസ് രാമൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇത് യഥാർത്ഥത്തിൽ വിപ്ലവത്തിന്റെ ലഹരിയിൽ സ്വപ്നാടനം നടത്തുന്ന മാവോയിസ്റ്റുകൾക്കും, അവരെ വേട്ടയാടാനിറങ്ങിയ സർക്കാർ സേനകൾക്കുമിടയിൽ പെട്ട് വീർപ്പുമുട്ടുന്ന ആദിവാസികളുടെ സങ്കടങ്ങളുടെ രേഖയാണ് എന്നും അദ്ദേഹം പറഞ്ഞു. കറന്റ് ബുക്‌സാണ് മലയാളത്തിൽ 'ഹലോ, ബസ്തർ' പുറത്തിറക്കിയിട്ടുള്ളത്.

ദണ്ഡകാരണ്യത്തിലും ഗോണ്ടിലും ചുറ്റിനടന്നുകൊണ്ട് ഗവേഷണം നടത്തിയ സമയത്തുള്ള എഴുത്തുകാരന്റെ തന്നെ ചിത്രങ്ങളും പുസ്തകത്തിൽ നിരവധിയുണ്ട്. ആ ഗവേഷണത്തിന്റെ ഫലം പൂർണമായും ഈ പുസ്തകത്തിൽ വരുന്നതിന് ഗവേഷകന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ വിലങ്ങുതടിയായി എന്ന് തോന്നിക്കുമെങ്കിലും, മാവോയിസ്റ്റ് - നക്സലൈറ്റ് ജീവിതങ്ങളെപ്പറ്റി വന്നിട്ടുള്ള അപൂർവം ചില പുസ്തകങ്ങളിൽ ഒന്നെന്ന നിലക്ക് ഇതിന്റെ പ്രസക്തി നിഷേധിക്കാവുന്നതല്ല.  

"ട്രാൻക്വേബാർ എന്ന പ്രസിദ്ധീകരണസ്ഥാപനം അച്ചടിച്ച് ആമസോൺ, ഫ്ളിപ്പ്കാർട്ട് അടക്കമുള്ള പല സൈറ്റുകളിലും വിൽക്കപ്പെടുന്ന തന്റെ പുസ്തകം ഇന്ത്യൻ ഗവണ്മെന്റ് നിരോധിച്ചിട്ടുള്ള ഒരു സാഹിത്യകൃതിയല്ല..! അതുകൊണ്ടുതന്നെ കേരളത്തിലെന്നല്ല, ഇന്ത്യയിൽ എവിടെയും അത് കയ്യിൽ വെക്കുന്നത് ഒരു ക്രിമിനൽ കുറ്റമല്ല"? എന്ന് തന്റെ പുസ്തകത്തെപ്പറ്റി പറഞ്ഞവസാനിപ്പിച്ച കൂട്ടത്തിൽ രാഹുൽ പണ്ഡിത പറഞ്ഞു. 


 

click me!