സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റില്ല; കേൾവിപരിമിതിയെ തോൽപ്പിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി യുവാവ്

Published : Oct 28, 2026, 04:40 PM IST
Pradeep Mundeja

Synopsis

"എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ട്രെക്കിംഗ് മാത്രമായിരുന്നില്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന വലിയൊരു സ്വപ്നമായിരുന്നു.''

നൂറ് ശതമാനം കേൾവിപരിമിതിയെ കാറ്റിൽപ്പറത്തി 5,364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ഹരിയാന കർണാൽ സ്വദേശിയായ പ്രദീപ് മുണ്ഡേജ. മാസങ്ങൾ നീണ്ട കഠിനമായ പരിശീലനത്തിനും നിശ്ചയദാർഢ്യത്തിനുമൊടുവിൽ ഒക്ടോബർ 13-നാണ് അദ്ദേഹം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് മീറ്റർ ഉയരത്തിലുള്ള ഈ അതിസാഹസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയ പ്രദീപ് മുണ്ഡേജയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹമാണ്.

പഞ്ചാബ് നാഷണൽ ബാങ്കിൽ കർണാൽ സർക്കിൾ ഓഫീസിലെ ചീഫ് മാനേജരായി സേവനമനുഷ്ഠിക്കുകയാണ് പ്രദീപ്. ദുർഘടമായ പർവ്വതപാതകൾ, ഓക്സിജന്റെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള കുറവ്, കഠിനമായ തണുപ്പ്, പ്രവചനാതീതമായ കാലാവസ്ഥ എന്നിവയെല്ലാം തരണം ചെയ്താണ് അദ്ദേഹം 130 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിംഗ് പൂർത്തിയാക്കിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

"എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ട്രെക്കിംഗ് മാത്രമായിരുന്നില്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന വലിയൊരു സ്വപ്നമായിരുന്നു. ശാരീരികക്ഷമത, നിശ്ചയദാർഢ്യം, കൃത്യമായ പരിശീലനം, എന്നിവയാണ് എന്നെ ഈ നേട്ടത്തിൽ എത്തിച്ചത്" വിജയത്തിന് ശേഷം പ്രദീപ് ലിങ്ക്ഡ്‌ഇനിൽ കുറിച്ചു. ഏഴാം വയസ്സിലാണ് പ്രദീപിന് പൂർണ്ണമായി കേൾവിശക്തി നഷ്ടപ്പെടുന്നത്.

"ഹിമാലയത്തിലെ കുത്തനെയുള്ള കയറ്റങ്ങളും കടുത്ത തണുപ്പും ഞങ്ങളെ ശരിക്കും പരീക്ഷിച്ചു. എന്നാൽ അതോടൊപ്പം തന്നെ ജീവിതകാലം മുഴുവൻ സൂക്ഷിക്കാനാവുന്ന നല്ല സൗഹൃദങ്ങളും അവിസ്മരണീയമായ ഓർമ്മകളും ഈ യാത്ര എനിക്ക് നൽകി. സ്വപ്നങ്ങൾക്ക് കാലാവധിയില്ല, തളരാത്ത മനസ്സോടെ ആദ്യ ചുവടുവെക്കാൻ തയ്യാറായാൽ അസാധ്യമായി ഒന്നുമില്ല" പ്രദീപ് കൂട്ടിച്ചേർത്തു.

എവറസ്റ്റ് ബേസ് ക്യാമ്പിൽ ഇന്ത്യയുടെയും പി.എൻ.ബി ബാങ്കിന്റെയും പതാക ഉയർത്തിയ പ്രദീപിന്റെ നേട്ടത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജ്‌മെന്റും ഔദ്യോഗികമായി സന്തോഷം പങ്കുവെച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐയെ അമിതമായി ആശ്രയിക്കുന്നത് എഴുത്തിനെ നശിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് ജിപിടി സീറോ സഹസ്ഥാപകൻ
വറുത്ത പ്രാണികളെ ടോപ്പിങ്ങാക്കി എ​ഗ്ഗ് ടാർട്ട്; കാണുമ്പോൾ തന്നെ അയ്യോ പറയും, വൈറൽ വിഭവം