എഗ്ഗ് ടാർട്ടിന്റെ മുകളിൽ വറുത്ത പ്രാണികളെ വെച്ചാണ് ഇത് തയ്യാറാക്കുന്നത്. മൂന്ന് ടാർട്ടുകൾ അടങ്ങിയ ഒരു സെറ്റിന് 28 ചൈനീസ് യുവാൻ ഏകദേശം നാല് യുഎസ് ഡോളർ ആണ് വില.

ഭീമൻ പാറ്റകളെപ്പോലെ തോന്നിക്കുന്ന വറുത്ത പ്രാണികളെ ടോപ്പിങ്ങാക്കി തയ്യാറാക്കിയ എഗ്ഗ് ടാർട്ടുകളാണ് ചൈനയിലെ ഒരു റെസ്റ്റോറന്റിനെ ചർച്ചകളിൽ നിറയ്ക്കുന്നത്. തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷുൻഡെയിലുള്ള റെസ്റ്റോറന്റാണ് 'വാട്ടർ റോച്ച് എഗ് ടാർട്ട്സ്' എന്ന പേരിൽ ഈ വ്യത്യസ്ത വിഭവം അവതരിപ്പിച്ചത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കന്റോണീസ് വിഭവമായ എഗ്ഗ് ടാർട്ടിന്റെ മുകളിൽ വറുത്ത പ്രാണികളെ വെച്ചാണ് ഇത് തയ്യാറാക്കുന്നത്. മൂന്ന് ടാർട്ടുകൾ അടങ്ങിയ ഒരു സെറ്റിന് 28 ചൈനീസ് യുവാൻ ഏകദേശം നാല് യുഎസ് ഡോളർ ആണ് വില.

കാഴ്ചയിൽ പാറ്റകളെപ്പോലെ തോന്നുമെങ്കിലും ഇവ യഥാർഥത്തിൽ വാട്ടർ ബീറ്റിലുകൾ എന്നറിയപ്പെടുന്ന ജലവണ്ടുകളാണ്. ഗ്വാങ്‌ഡോങ് പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഇവ പരമ്പരാഗത ഭക്ഷണമായി ഉപയോഗിച്ചുവരുന്നുണ്ട്. ചൈനയിലെ ചില പരമ്പരാഗത ഭക്ഷണ-ചികിത്സാ രീതികളിലും ഇവയ്ക്ക് സ്ഥാനമുണ്ട്. സാധാരണയായി വറുത്താണ് ഇവ കഴിക്കുന്നത്.

ചർമത്തിന്റെയും വൃക്കകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുക, രക്തചംക്രമണം മെച്ചപ്പെടുത്തുക, പേശികൾക്കും അസ്ഥികൾക്കും ബലം നൽകുക തുടങ്ങിയ ഗുണങ്ങൾ ഈ പ്രാണികൾക്കുണ്ടെന്നാണ് പരമ്പരാഗത വൈദ്യവിശ്വാസങ്ങൾ. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് മതിയായ ശാസ്ത്രീയ തെളിവുകളില്ല. അതിനാൽ, ഇവയുടെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഫലപ്രദമായ ചികിത്സയാണെന്നും കരുതാനാവില്ല.

മധുരവും ഉപ്പുരസവും കലർന്ന രുചിയാണ് ഈ വിഭവത്തിന്റേതെന്നാണ് റിപ്പോർട്ടിലെ വിവരണം. വിഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

'കാണുമ്പൊഴേ അസ്വസ്ഥപ്പെടുത്തുന്നു. പിന്നെ എങ്ങനെ ഇത് കഴിക്കും?' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'വാട്ടർ റോച്ചുകളും പാറ്റകൾ തന്നെയാണ്. അവയെ ഭക്ഷണമായി അംഗീകരിക്കാൻ എനിക്ക് കഴിയില്ല,' എന്ന് മറ്റൊരാൾ കുറിച്ചു.