രണ്ടുവട്ടം അബോർഷൻ വേണ്ടിവന്ന പുരോഹിത പറയുന്നു, സ്ത്രീകൾക്ക് ​ഗർഭച്ഛിദ്രത്തിനുള്ള അവകാശം വേണം

Published : May 06, 2022, 11:34 AM IST
രണ്ടുവട്ടം അബോർഷൻ വേണ്ടിവന്ന പുരോഹിത പറയുന്നു, സ്ത്രീകൾക്ക് ​ഗർഭച്ഛിദ്രത്തിനുള്ള അവകാശം വേണം

Synopsis

'അവർ പറയുന്നത് പോലെ തനിക്ക് സംഭവിച്ച ​ഗർഭച്ഛിദ്രങ്ങളിൽ താൻ അഭിമാനിക്കുന്നില്ല. മാത്രവുമല്ല തനിക്കതിൽ വേദനയുമുണ്ടായി. എന്നാൽ, ആ നാളുകളെ അതിജീവിക്കാനായതിൽ തനിക്ക് സന്തോഷമുണ്ട്' എന്നും ലിസി പറഞ്ഞു. 

യുണൈറ്റഡ് സ്റ്റേറ്റ്സി(United States)ന്റെ ചില ഭാ​ഗങ്ങളിലെല്ലാം ​ഗർഭച്ഛിദ്രം (abortions) നിയമവിരുദ്ധമാക്കാനുള്ള നടപടികൾ നടക്കുകയാണ്. ഇതിനെ പിന്തുണക്കുന്നവരേറെയുണ്ട് എങ്കിലും ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധവും നടക്കുന്നുണ്ട്. ​'ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്നത് വലിയ തെറ്റാണ്' എന്ന് ഒരു പുരോഹിത അഭിപ്രായപ്പെട്ടത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. രണ്ടുവട്ടം അബോർഷൻ വേണ്ടിവന്ന പുരോഹിതയാണ് ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്. 

37 -കാരിയായ ലിസി ഗ്രീൻ (Lizzi Green), കേംബ്രിഡ്ജിൽ വച്ച് ചില മെഡിക്കൽ കാരണങ്ങളാലാണ് നാല് വർഷം മുമ്പ് ഗർഭച്ഛിദ്രം നടത്തിയത്. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ് ലിസി. ചെറുപ്പത്തിൽ ബലാത്സം​ഗത്തെ തുടർന്ന് ​ഗർഭിണിയായപ്പോഴും ലിസിക്ക് ​ഗർഭച്ഛിദ്രം നടത്തേണ്ടി വന്നു. 

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നാല് മില്ല്യണിലധികം പേരാണ് അവളുടെ ട്വീറ്റ് കണ്ടത്. തന്റെ അനുഭവമെഴുതിയിരിക്കുന്ന ട്വീറ്റിൽ താനൊരു ക്രിസ്ത്യൻ പുരോഹിതയാണ് എന്നും ലിസി പരിചയപ്പെടുത്തിയിട്ടുണ്ട്. ഐഫീൽഡിലെ സെന്റ് മാർഗരറ്റ് പള്ളിയിൽ നിന്നുള്ള ലിസി ​ഗർഭിണിയായി 20 ആഴ്ചകൾക്ക് ശേഷമാണ് ​ഗർഭച്ഛിദ്രം നടത്തുന്നത്. രക്തസ്രാവത്തെ തുടർന്ന് ജീവൻ അപകടത്തിലാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ​ഗർഭച്ഛിദ്രം നടത്തിയത്. 

​​ഗർഭധാരണത്തിന്റെ സങ്കീർണതകളെ കുറിച്ചും ​ഗർഭച്ഛിദ്രം എങ്ങനെ ആവശ്യമായി വരുന്നു എന്നതിനെ കുറിച്ചും ലിസി സംസാരിച്ചു. ​ഗർഭച്ഛിദ്രം നിരോധിക്കാനുള്ള യുഎസ്സിൽ നിന്നുള്ള നീക്കങ്ങൾ വളരെ വളരെ വലിയ തെറ്റാണ് എന്നും ലിസി ചൂണ്ടിക്കാട്ടി. 

യുഎസ്സിലുടനീളം ​ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നത് 1973 -ലാണ്. എന്നിരുന്നാലും, സമീപകാലത്ത് ചോർന്ന ഒരു രേഖ കാണിക്കുന്നത് 22 യുഎസ് സംസ്ഥാനങ്ങളിൽ ആ നിയമം തകിടം മറിച്ചുകൊണ്ട് ​ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കും എന്നാണ്. 'താൻ ​ഗർഭച്ഛിദ്രത്തെ വളരെയധികം അനുകൂലിക്കുന്ന ആളൊന്നുമല്ല. പക്ഷേ, സ്ത്രീകൾക്ക് അത് തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. ​ഗർഭച്ഛിദ്രം കുറഞ്ഞ് കാണാനാണ് താനും ആ​ഗ്രഹിക്കുന്നത്. പക്ഷേ, അത് നടക്കുമ്പോൾ സുരക്ഷിതവും നിയമവിധേയവും ആയി നടക്കണം' എന്നാണ് ലിസി പറയുന്നത്. 

സാധാരണ ഈ വിഷയങ്ങളിൽ ഭൂരിഭാ​ഗം പുരോഹിതർ സ്വീകരിച്ചിരിക്കുന്ന നിലപാടായിരിക്കില്ല തന്റേത് എന്നും ലിസി സമ്മതിക്കുന്നുണ്ട്. 'ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, സ്നേഹത്തിന്റെ ദൈവത്തെ പിന്തുടരുന്നുവെന്ന് നാം അവകാശപ്പെടുകയാണെങ്കിൽ, നമ്മൾ ആളുകളെ സ്നേഹിക്കണം. അവർ സുരക്ഷിതരാണെന്നുറപ്പ് വരുത്തണം. പലപ്പോഴും മറഞ്ഞിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അവരെ സ്വാഗതം ചെയ്യുകയും വേണം' അവർ പറഞ്ഞു.

എട്ടായിരത്തിലധികം തവണ ലിസിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടു. എന്നാൽ, അതേസമയം തന്നെ അവരെ അവഹേളിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങളും ഉണ്ടായി. 'അവർ പറയുന്നത് പോലെ തനിക്ക് സംഭവിച്ച ​ഗർഭച്ഛിദ്രങ്ങളിൽ താൻ അഭിമാനിക്കുന്നില്ല. മാത്രവുമല്ല തനിക്കതിൽ വേദനയുമുണ്ടായി. എന്നാൽ, ആ നാളുകളെ അതിജീവിക്കാനായതിൽ തനിക്ക് സന്തോഷമുണ്ട്' എന്നും ലിസി പറഞ്ഞു. 

'എന്റെ അഞ്ച് വയസ്സുള്ള മകൾക്ക് പ്രായമാകുമ്പോൾ അബോർഷൻ നടത്താനുള്ള അവളുടെ അവകാശം അവൾക്കില്ലാതെയാകും എന്ന കാര്യം എന്നെ ഭയപ്പെടുത്തുന്നു. എന്റെ പത്തുവയസ്സുള്ള മകനും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നും പുരോഹിത പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു