ജസ്റ്റിസ് ചന്ദ്രചൂഡ്, സാധാരണക്കാര്‍ ഉറ്റുനോക്കുന്ന ചീഫ് ജസ്റ്റിസ്, പ്രതീക്ഷയോടെ ഇന്ത്യ!

Published : Nov 09, 2022, 04:42 PM ISTUpdated : Nov 09, 2022, 04:54 PM IST
ജസ്റ്റിസ് ചന്ദ്രചൂഡ്, സാധാരണക്കാര്‍ ഉറ്റുനോക്കുന്ന ചീഫ് ജസ്റ്റിസ്, പ്രതീക്ഷയോടെ ഇന്ത്യ!

Synopsis

പൗരവാകാശത്തിന്റെ ശക്തനായ വക്താവ് ആണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായം തന്നെ ഏറ്റവും വലിയ തെളിവ്.  

ജോലി പൂര്‍ത്തിയാക്കാന്‍, കേസ് പഠിക്കാന്‍, വിധിന്യായം എഴുതാന്‍ ജോലി സമയത്തിന്റെ നിര്‍വചനവും കൃത്യതയും ജസ്റ്റിസ് ചന്ദ്രചൂഡ് നോക്കാറില്ല.  ഏറ്റവും അവസാനത്തെ ഉദാഹരണം ഇക്കഴിഞ്ഞ സെപ്തംബറില്‍. ബെഞ്ചിന്റെ പരിഗണനയിലിരുന്ന 75 കേസുകള്‍ നവരാത്രി അവധിക്ക് മുമ്പ്  തീര്‍ക്കാനായി   സെപ്തംബര്‍ മുപ്പതിന് അദ്ദേഹത്തിന്റെ ബെഞ്ച് രാത്രി 9.10 വരെയാണ് തുടര്‍ന്നത്.

 

 

'എന്റെ പ്രവൃത്തികളാണ് എനിക്ക് വേണ്ടി സംസാരിക്കുക. എന്റെ ജോലിയാണ് എന്റെ വാക്കുകള്‍'

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അധ്യക്ഷന്‍, രാജ്യത്തിന്റെ പരമോന്നത ന്യായാധിപന്‍  എന്ന ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞതാണിത്. ഇന്നാട്ടിലെ സാധാരണക്കാരില്‍  സാധാരണക്കാരായിട്ടുള്ള  മനുഷ്യര്‍ക്ക് വേണ്ടിയുള്ള സേവനമാണ് എന്റെ ഉത്തരവാദിത്തമെന്നും  അമ്പതാം ചീഫ് ജസ്റ്റിസ് പറയുന്നു. 

രണ്ടു വര്‍ഷവും രണ്ട് ദിവസവും ആകും ചീഫ് ജസ്റ്റിസ് പദവിയില്‍ ഡി.വൈ.ചന്ദ്രചൂഡിന്റെ കാലാവധി. സമീപകാലത്ത് വന്ന ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ആളാകും ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്. മുമ്പ് അദ്ദേഹത്തിന്റെ അച്ഛന്‍ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് ആ പദവിയില്‍ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ). അച്ഛനും മകനും ചീഫ് ജസ്റ്റിസ് ആകുന്നത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ്.  അച്ഛനെ രണ്ടുവട്ടം തിരുത്തി വിധിന്യായം എഴുതിയ മകന്‍ എന്നതും അപൂര്‍വത. (സ്വകാര്യതാവകാശം സംബന്ധിച്ചും ദാമ്പത്യത്തിലെ അവിഹിത ബന്ധം സംബന്ധിച്ചും ഉള്ള വിധികളിലായിരുന്നു തിരുത്ത്, വിശദാംശം താഴെ ) 

ദയാവധം, സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, സൈന്യത്തിലെ സ്ത്രീ പ്രാതിനിധ്യവും തുല്യാവകാശവും, ഏറ്റവും ഒടുവില്‍ സ്ത്രീകളുടെ ഗര്‍ഭഛിദ്രാവകാശം...സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ നിരവധി വിധിന്യായങ്ങളില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കരസ്പര്‍ശവും പൊതുബോധവും ഉണ്ട്.  അയോധ്യ തര്‍ക്കത്തില്‍ 2019-ല്‍ അന്തിമവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.  കൊവിഡ് കാലത്തെ അടച്ചിടലും നിയന്ത്രണങ്ങളും കാരണം നട്ടം തിരിഞ്ഞ ജനത്തിന് ആശ്വാസനടപടികളെത്തിക്കാന്‍ തുണയായതും അദ്ദേഹത്തിന്റെ നീതിബോധവും സാമൂഹിക ഉത്തരവാദിത്തവും. 

 

 

പൗരവാകാശത്തിന്റെ ശക്തനായ വക്താവ് ആണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായം തന്നെ ഏറ്റവും വലിയ തെളിവ്.   2017-ലെ വിധിന്യായം അടിയന്തരാവസ്ഥക്കാലത്തുണ്ടായ ഒരു വിവാദ ഉത്തരവ് തിരുത്തുന്നതായിരുന്നു. അടിയന്തിരവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ മാനിക്കാതിരിക്കാമെന്നും പൗരന്‍മാര്‍ക്ക് അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിക്കാന്‍ കഴിയില്ലെന്നും ആയിരുന്നു ആ വിധി. ആ ഉത്തരവ് നല്‍കിയതാവട്ടെ അച്ഛന്‍ വൈ വൈ ചന്ദ്രചൂഡ് നയിച്ച അഞ്ചംഗബെഞ്ചും. (ADM Jabalpur case ). പിന്നെ ദാമ്പത്യത്തിലെ അവിഹിത ബന്ധം സംബന്ധിച്ച് അച്ഛന്‍ പുറപ്പെടുവിച്ച വിധിന്യായവും  മകന്‍ തിരുത്തി.   ദാമ്പത്യത്തിലെ അവിഹിത ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കി. ദാമ്പത്യത്തിലെ വിശ്വാസവഞ്ചന വിവാഹമോചനത്തിനുള്ള കാരണമാണെന്നും ക്രിമിനല്‍ കുറ്റമല്ലെന്നും (പ്രായം, സമ്മതം ഇത്യാദി ഘടകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്) ഏകകണ്ഠമായി വിധിച്ച ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ.ചന്ദ്രചൂഡ്.  അവിഹിത ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 497-ാം വകുപ്പ് ശരിയാണെന്ന് 85-ലാണ് വൈ വൈ ചന്ദ്രചൂഡ് വിധിച്ചത്. 

ജോലി പൂര്‍ത്തിയാക്കാന്‍, കേസ് പഠിക്കാന്‍, വിധിന്യായം എഴുതാന്‍ ജോലി സമയത്തിന്റെ നിര്‍വചനവും കൃത്യതയും ജസ്റ്റിസ് ചന്ദ്രചൂഡ് നോക്കാറില്ല.  ഏറ്റവും അവസാനത്തെ ഉദാഹരണം ഇക്കഴിഞ്ഞ സെപ്തംബറില്‍. ബെഞ്ചിന്റെ പരിഗണനയിലിരുന്ന 75 കേസുകള്‍ നവരാത്രി അവധിക്ക് മുമ്പ്  തീര്‍ക്കാനായി   സെപ്തംബര്‍ മുപ്പതിന് അദ്ദേഹത്തിന്റെ ബെഞ്ച് രാത്രി 9.10 വരെയാണ് തുടര്‍ന്നത്.  പേപ്പര്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍  സാധ്യതകള്‍ പരമാവധി നോക്കാനും ആവശ്യപ്പെടുന്ന, അക്കാര്യത്തില്‍ തനിക്ക് പറ്റുന്നത്ര കാര്യങ്ങള്‍ ചെയ്യുന്ന ന്യായാധിപന്‍ ആണ് അദ്ദേഹം. സുപ്രീംകോടതിയിലെ ഡിജിറ്റല്‍വത്കരണത്തിന്റെ ഏറ്റവും ശക്തനായ വക്താവ്. നിയമസംവിധാനം കൂടുതല്‍ ലളിതവും സുതാര്യവും സുശക്തവും സക്രിയവും ആക്കി ജനസാമാന്യത്തിന് കൂടുതല്‍ തുണയാകണം, ജില്ലാ കോടതികളില്‍ തുടങ്ങി ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഉള്ള ഒഴിവുകള്‍ നികത്തി നടപടിക്രമങ്ങളിലും കേസ് തീര്‍പ്പാക്കലിലും ഉള്ള കാലതാമസം ഒഴിവാക്കണം, അങ്ങനെ പോകുന്നു അദ്ദേഹം ഉടനെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍.  ഇത്തരം ആലോചനകളുടെ അടിസ്ഥാനം ലളിതമാണ്. സാധാരണക്കാരന്റെ അവസാന പ്രതീക്ഷയും കരുത്തും നിയമവ്യവസ്ഥയാണെന്ന് അദ്ദേഹത്തിന് അറിയാം എന്നതു തന്നെ. 

ഭരണഘടനയുടെ വ്യവസ്ഥകളും മതസ്ഥാപനങ്ങളും വിവിധ വിശ്വാസപ്രമാണങ്ങളും രാഷ്ട്രീയപാര്‍ട്ടികളുടെ മത്സരിച്ചുള്ള സൗജന്യപ്രഖ്യാപനങ്ങളും സര്‍ക്കാരിന്റെ അധികാരവും കോടതികളുടെ ഇടപെടലുകളും എല്ലാം വിഷയങ്ങളാവുന്ന നിരവധി വിഷയങ്ങള്‍ സുപ്രീംകോടതിയുടെ മുന്നില്‍ നില്‍ക്കെ ഇന്നാട്ടിലെ  സാമാന്യ ജനതയും സാമൂഹികപ്രവര്‍ത്തകരും പ്രതീക്ഷയോടെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നോക്കിക്കാണുന്നത്.   സാമൂഹിക ഉത്തരവാദിത്ത ബോധം മാത്രമല്ല ആ പ്രതീക്ഷക്ക് കാരണം. ഉയര്‍ന്ന ജനാധിപത്യ ബോധം കൂടിയാണ്.   വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാമാര്‍ഗം ആണെന്ന വിലയിരുത്തല്‍ മാത്രം മതി അദ്ദേഹത്തിന്റെ ജനാധിപത്യ ബോധത്തിന് തെളിവ്. ഇനി കാത്തിരിക്കാം. അദ്ദേഹം തന്നെ പറഞ്ഞതു പോലെ പ്രവൃത്തികള്‍ തെളിയിക്കട്ടെ. വിധിന്യായങ്ങള്‍ സംസാരിക്കട്ടെ. 
 


 


 

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം