
ടില്ലുവിന്റെ കൈകളില്‍ കത്തികൊണ്ട് ആഞ്ഞു കുത്തിയ സംഘം ഗ്രില്‍ തുറന്ന് അകത്തു കയറി. പ്രതിരോധിക്കാന്‍ ടില്ലു ്രശമിച്ചുവെങ്കിലും ഫലിച്ചില്ല. മൂര്‍ച്ചയുള്ള ഇരുമ്പുവാള്‍ കൊണ്ട് സംഘം ടില്ലുവിനെ തലങ്ങും വിലങ്ങും കുത്തി. കണ്ണും മുഖവും മുതല്‍ ശരീരത്തിലെ ഒരിടവും ബാക്കിയാവാത്ത ആക്രമണം. നൂറോളം കുത്തുകളാണ് ടില്ലുവിനേറ്റത്
ടില്ലു താജ്പൂരിയ
ദില്ലി തിഹാര്‍ ജയില്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ആറ് മണി.
അതീവ സുരക്ഷയുള്ള 8-9 വാര്‍ഡിലെ ഒന്നാം നിലയിലെ സെല്ലില്‍നിന്നും നാല് തടവുപുള്ളികള്‍ പതിയെ പുറത്തേക്കിറങ്ങി. സെല്ലിന്റെ ഇരുമ്പ് ഗ്രില്‍ അവര്‍ നേരത്തെ മുറിച്ചു മാറ്റിയിരുന്നു. അവരുടെ കൈകളില്‍ ഇരുമ്പ് കമ്പി കൊണ്ടുണ്ടാക്കിയ മൂര്‍ച്ചയുള്ള ആയുധങ്ങള്‍. പ്രത്യേകം തയ്യാറാക്കിയ മുനകൂര്‍ത്ത നീളന്‍ വാളുകള്‍. ഒരാളുടെ കൈയില്‍ മൂന്ന് ബെഡ് ഷീറ്റുകള്‍. സിനിമാ സ്‌റ്റൈലില്‍ അവ കൂട്ടിക്കെട്ടി അവര്‍ തൊട്ടു താഴെ ഗ്രൗണ്ട് ഫ്‌ളോറിലേക്ക് എറിഞ്ഞു. അതില്‍ പിടിച്ച് ഓരോ ആളായി താഴേക്ക് ഇറങ്ങി.
ദില്ലിയിലെ കുപ്രസിദ്ധരായ കൊലയാളികളായിരുന്നു അവര്‍. യോഗഷ് തുണ്ഠ, ദീപക് തീതാര്‍, റിയാസ് ഖാന്‍, രാജേഷ് ഭവാനിയ. 2021-ല്‍ ദില്ലിയിലെ രോഹിണി കോടതി മുറിയില്‍ വെച്ച് രണ്ട് വാടക കൊലയാളികള്‍ വെടിവെച്ചു കൊന്ന ക്രിമിനല്‍ ഗ്യാങ് തലവന്‍ ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗങ്ങള്‍. ആ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് പൊലീസ് പറയുന്ന എതിര്‍ ഗ്യാംഗിന്റെ തലവനായ ടില്ലു താജ്പൂരിയയുടെ തിഹാറിലെ ജയിലറക്കുള്ളിലേക്കാണ്, ആ നാലു കൊലയാളികള്‍ പാതിരാവില്‍ ആയുധങ്ങളുമായി ചെന്നിറങ്ങിയത്.
ചാടിയിറങ്ങിയ അവര്‍ പൊടുന്നനെ ടില്ലുവിനെ വളഞ്ഞു. അപകടം മണത്ത ടില്ലുവും സഹതടവുകാരനായ രോഹിതും തല്‍ക്ഷണം ഓടി സെല്ലിനുള്ളിലെ ചെറിയ ഇരുമ്പു ഗ്രില്ലിനകത്തുള്ള കുഞ്ഞു മുറിയില്‍ ചെന്നു കയറി. ജീവന്‍ രക്ഷിക്കാനായി അവര്‍ ഗ്രില്ലിന്റെ വാതില്‍ അമര്‍ത്തിപിടിച്ചു. എന്നാല്‍, ടില്ലുവിന്റെ കൈകളില്‍ കത്തികൊണ്ട് ആഞ്ഞു കുത്തിയ സംഘം ഗ്രില്‍ തുറന്ന് അകത്തു കയറി. പ്രതിരോധിക്കാന്‍ ടില്ലു ്രശമിച്ചുവെങ്കിലും ഫലിച്ചില്ല. മൂര്‍ച്ചയുള്ള ഇരുമ്പുവാള്‍ കൊണ്ട് സംഘം ടില്ലുവിനെ തലങ്ങും വിലങ്ങും കുത്തി. കണ്ണും മുഖവും മുതല്‍ ശരീരത്തിലെ ഒരിടവും ബാക്കിയാവാത്ത ആക്രമണം. നൂറോളം കുത്തുകളാണ്് ടില്ലുവിനേറ്റത് എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തെ ചെറുക്കാന്‍ ടില്ലുവിനൊപ്പമുണ്ടായിരുന്ന രോഹിത് ശ്രമിച്ചുവെങ്കിലും അയാളെയും സംഘം കുത്തിനിലത്തിട്ടു.
ബഹളം കേട്ട് ആദ്യമെത്തിയ ജയില്‍ സുരക്ഷാ ജീവനക്കാരെ സംഘത്തിലാരാള്‍ കത്തികാണിച്ച് അകറ്റിനിര്‍ത്തിയിരുന്നു. വിവരമറിഞ്ഞ് പൊടുന്നനെ പാഞ്ഞെത്തിയ, പ്രത്യേക പൊലീസ് സംഘം സെല്ലിലേക്ക് ഇരച്ചു കയറി. ചോരയില്‍ കുളിച്ച് കിടന്ന ടില്ലുവിന്റെ മൃതദേഹത്തില്‍ വെളുത്ത ബെഡ് ഷീറ്റ് ഇടാന്‍ പൊലീസ് നോക്കിയെങ്കിലും മരണം ഉറപ്പാവാത്തതിനാല്‍ സംഘം വീണ്ടും കത്തിക്കുത്ത് തുടര്‍ന്നു. പൊലീസ് പിന്നീട് സംഘത്തെ ബലം പ്രയോഗിച്ച് പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ്, ടില്ലുവിന്റെ തറഞ്ഞുമുറിഞ്ഞ ശരീരം ദീന്‍ ദയാല്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനും എത്രയോ മുമ്പേ ടില്ലു മരിച്ചിരുന്നു.
ജയില്‍ ഉദ്യോഗസ്ഥരുും പൊലീസ് വൃത്തങ്ങളുും നല്‍കിയ വിവരങ്ങള്‍ പ്രകാരം, വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടുകളിലാണ് തിഹാര്‍ ജയിലിലെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ വിശദാംങ്ങള്‍ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണ് ജയിലിന്കത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം പുറത്തുവന്നത്.
പതിറ്റാണ്ടുകളായി ദില്ലിയില്‍ നടക്കുന്ന ഗുണ്ടാപ്പകയുടെ തുടര്‍ച്ചയായിരുന്നു തിഹാര്‍ ജയിലില്‍ ഈ ചൊവ്വാഴ്ച അതിരാവിലെ നടന്ന അരുംകൊല. ദില്ലിയിലെ ക്രിമിനല്‍ ഗ്യാങുകളുടെ തീരാപ്പകയുടെ തുടര്‍ച്ച. രാജ്യതലസ്ഥാനമായ ദില്ലിയെ വിറപ്പിക്കുന്നത് പ്രധാനമായും രണ്ട് ക്രിമിനല്‍ സംഘങ്ങളാണ്. നീരജ് ഭവാന-നവീന്‍ ബാലി ഗ്യാങും ജിതേന്ദര്‍ ഗോഗി-കല്ലു ഖേര ഗ്യാങും. ഇതില്‍ നീരജ് ഭവാന ഗ്യാങിലുള്‍പ്പെട്ട 10 ഗ്യാങുകളിലൊന്നാണ് ടില്ലു താജ്പൂരിയയുടേത്. 11 സംഘങ്ങളുള്ള പ്രധാന ഗ്യാങിന്റെ നേതാവാണ് ജിതേന്ദര്‍ ഗോഗി. ഇരു ഗ്യാങുകളും തമ്മില്‍ പതിറ്റാണ്ടിലേറെയായി ശീതസമരം തുടരുകയാണ്. ടില്ലുവിന്റെയും ഗോഗിയുടെയും ഗ്യാങുകള്‍ തമ്മിലുള്ള ചേരിപ്പോരില്‍ ഇതിനകം 12 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ടില്ലുവിന്റെ കൊലപാതകത്തോടെ ഈ ചോരക്കളി അവസാനിക്കുമെന്ന് പൊലീസ് കരുതുന്നില്ല. കഥ ഇനിയും തുടരും. കോടതി മുറികളും ജയിലറകളും അതിന് സാക്ഷിയാവാനാണ് സാധ്യത.
ജിതേന്ദര്‍ ഗോഗി
കോടതി മുറിയിലെ കൊല, പകരമായി ജയിലറക്കുള്ളിലെ കൊല!
33 -കാരനായ ടില്ലു താജ്പൂരിക്കെതിരെ 16 കൊലപാതക, കൊലപാതക ശ്രമ കേസുകളാണ് നിലവിലുള്ളത്. അതില്‍ രണ്ടു കേസുകളില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഒരു കേസില്‍ വിചാരണ നടക്കുകയാണ്. 2016-ലാണ് കൊലപാതകക്കേസുകളില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ടില്ലു ജയിലിലാവുന്നത്. എന്നാല്‍, ജയിലില്‍ വെച്ചും ടില്ലു ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായാണ് പൊലീസ് പറയുന്നത്. ടില്ലു ജയിലിലായി അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബദ്ധവൈരിയായ ഗോഗി കൊല്ലപ്പെട്ടത്.
2011-സെപ്തംബറിലാണ് ദില്ലിയിലെ കനത്ത സുരക്ഷയുള്ള രോഹിണി കോടതിക്കകത്തു വെച്ച് ക്രിമിനല്‍ ഗ്യാങ് തലവന്‍ ജിതേന്ദര്‍ ഗോഗി കൊല്ലപ്പെട്ടത്. ഒരു കേസിന്റെ വിചാരണയ്ക്കായി 207 -ാം നമ്പര്‍ കോടതി മുറിയില്‍ എത്തിയ ഗോഗിയെ രാഹുല്‍, മോറിസ് എന്നീ വാടകക്കൊലയാളികള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അഭിഭാഷക വേഷത്തിലാണ്, രാഹുലും മോറിസും തോക്കുമായി കോടതി മുറിക്കുള്ളില്‍ കയറിയത്. പൊലീസിന്റെ അകമ്പടിയോടെ കോടതിയില്‍ എത്തിയപ്പോഴായിരുന്നു ഗോഗി പോയിന്റ് ബ്ലാങ്കില്‍ കൊല ചെയ്യപ്പെട്ടത്. തല്‍ക്ഷണം തന്നെ പൊലീസ് തിരിച്ചടിക്കുകയും കൊലയാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്, അപ്പോള്‍ ജയിലില്‍ കഴിയുകയായിരുന്ന ടില്ലുവാണെന്ന് പിന്നീട് പൊലീസ് വെളിപ്പെടുത്തി. ടില്ലുവിന്റെ സംഘാംഗങ്ങളായിരുന്നു രാഹുലും മോറിസും. ജയിലില്‍ വെച്ച് ഇവരുമായി ടില്ലു ബന്ധപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ്, ഗോഗിയുടെ സംഘം ടില്ലുവിനു നേരെ തിരിയുന്നത്. മണ്ടോലി ജയിലിലായിരുന്ന ടില്ലു രണ്ടാഴ്ച മുമ്പാണ് തിഹാര്‍ ജയിലിലെ അതീവസുരക്ഷാ വാര്‍ഡില്‍ എത്തിയത്. അതിനു പിന്നാലെ കൊലയാളി സംഘം ടില്ലുവിനെ തേടിയെത്തി. തിഹാറില്‍ എത്താന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ സംഘമെന്നാണ് കരുതുന്നത്.
എന്നാല്‍, മറ്റൊരു കഥ കൂടി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു മാസം മുമ്പ് മെക്‌സിക്കോയില്‍നിന്ന് പിടിയിലായി ഇന്ത്യയിലേക്ക് കൊണ്ടു വന്ന കൊടും കുറ്റവാളി ദീപക് ബോക്‌സറുമായി ബന്ധപ്പെട്ട കഥയാണത്. ടില്ലുവിന്റെ എതിര്‍ ഗ്യാങിലായിരുന്ന ദീപക് തിഹാര്‍ ജയിലിലേക്ക് വരാനിരിക്കയായിരുന്നു. ടില്ലു തിഹാറില്‍ എത്തുന്നത് ദീപക്ക് ബോക്‌സറെ കൊല ചെയ്യാനാണെന്നാണ് എതിര്‍ ഗ്യാങ് കരുതിയിരുന്നതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ഈ ശ്രമം തടയുന്നതിനാണ് ടില്ലുവിന്റെ ബദ്ധവൈരിയായ ഗോഗിയുടെ അനുയായികളെ ഇതിനായി തിഹാറില്‍ എത്തിച്ചതെന്നാണ് പൊലീസിന്റെ സംശയം. 2021-ല്‍ കൊല്ലപ്പെട്ട ഗോഗിയുടെ ചോരയ്ക്ക് പകവീട്ടാന്‍ ഇത്രയും കാലം എടുത്തത് എന്താണെന്ന സംശയമാണ് ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഒന്നുമുണ്ടായിട്ടില്ല.
ടില്ലു താജ്പൂരിയ
കൊലയാളികളും ആയുധങ്ങളും എങ്ങനെ ജയിലിലെത്തി?
സംഭവത്തില്‍ തിഹാര്‍ ജയില്‍ അധികൃതരുടെ പങ്കിനെക്കുറിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടില്ലു താമസിക്കുന്ന അതേ വാര്‍ഡില്‍, തൊട്ടു മുകളിലെ സെല്ലിലാണ് കൊലയാളി സംഘത്തിന് അധികൃതര്‍ താമസമൊരുക്കിയത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല എന്നാണ് വിമര്‍ശനം. സദാ സമയം അതിശക്തമായ സിസിടിവി ക്യാമറകളുടെ സമ്പൂര്‍ണ്ണ നിരീക്ഷണത്തിലാണ് ഈ ജയില്‍ വാര്‍ഡ്. അവിടെ വെച്ചാണ് ആസൂത്രിതമായ കൊല നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ തല്‍സമയം മോണിറ്റര്‍ ചെയ്യപ്പെട്ടുവെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടില്ല എന്നും ആരോപണമുണ്ട്. ഒപ്പം, സെല്ലിലെ ഇരുമ്പ് ഗ്രില്ലിലെ കമ്പികള്‍ കൊലയാളി സംഘം അറുത്തു മാറ്റിയ സംഭവവും സംശയങ്ങള്‍ക്കിട നല്‍കുന്നു. നിരവധി പൊലീസുകാര്‍ സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന, സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡിലെ ഇരുമ്പു കമ്പികള്‍ മുറിച്ചു മാറ്റിയത് എങ്ങനെയാണ് ആരും അറിയാതെ പോയത് എന്നാണ് ചോദ്യമുയരുന്നത്. അഞ്ച് ഇഞ്ച് കനമുള്ള ഇരുമ്പു കമ്പികള്‍ അറുത്തു മാറ്റാനുള്ള ആയുധം എങ്ങനെ സെല്ലിലെത്തി, കമ്പി മുറിക്കുമ്പോഴുള്ള ശബ്ദം ആരും കേള്‍ക്കാതെ പോയതെങ്ങനെ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൊലയാളികള്‍ തിങ്കളാഴ്ച ജയിലിനകത്തു വെച്ച് സംഘമായി മദ്യപിച്ചതായും സൂചനകള്‍ ഉണ്ട്.
സംഭവത്തില്‍ പതിവുപോലെ, പൊലീസും ജയില്‍ അധികൃതരും കൈമലര്‍ത്തുകയാണ്. ജയിലറക്കുള്ളിലെ കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിന് തിഹാര്‍ ജയില്‍ ഡയരക്ടര്‍ ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ച അന്വേഷിക്കപ്പെടാതെ, സാധാരണ നടക്കാറുള്ളതു പോലെ ഈ കേസും തേഞ്ഞുമാഞ്ഞുപോവാനാണ് സാധ്യതയെന്ന് കൊല്ലപ്പെട്ട ടില്ലുവിന്റെ ബന്ധുക്കള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ജിതേന്ദര്‍ ഗോഗി
അടുത്ത ഗ്രാമക്കാര്‍, കോളജ് കാലത്ത് തുടങ്ങിയ പക,
കോളജ് പഠനകാലത്തു തുടങ്ങിയ വാശിയും വൈരാഗ്യവുമാണ് ഗോഗിയുടെയും ടില്ലുവിന്റെയും ഗ്യാങുകള്‍ തമ്മിലുള്ള ചേരിപ്പോരിലേക്കും ഏറ്റുമുട്ടലുകളിലേക്കും വഴിമാറിയതെന്നാണ് പൊലീസ് പറയുന്നത്. തൊട്ടടുത്തുള്ള ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന, സാധാരണ കുടുംബത്തില്‍ പിറന്ന രണ്ടു ചെറുപ്പക്കാര്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ട കഥ സിനിമയെ വെല്ലുന്നതാണ്.
വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ താജ്പൂര്‍ കലനില്‍ 1990 ജുലൈ 11-നാണ് സുനില്‍ മന്‍ താജ്പുരിയ എന്ന ടില്ലു ജനിച്ചത്. പിതാവ് ദില്ലി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജീവനക്കാരനായിരുന്ന ജഗ്‌ദേവ് സിംഗ്. നരേലയിലെ മാഹാരാജ അഗര്‍സെയിന്‍ പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഗുസ്തി മല്‍സരങ്ങളില്‍ സജീവമായിരുന്നു. സ്‌കൂള്‍ കാലം കഴിഞ്ഞ് ദില്ലി സര്‍വകലാശാലയിലെ സ്വാമി ശ്രദ്ധാനന്ദ് കോളജില്‍ പഠനം. അവിടെ വെച്ചാണ്, പില്‍ക്കാലത്ത് ജീവിതത്തെ മാറ്റിമറിച്ച ആ ശത്രുവിനെ ടില്ലു കണ്ടത്തിയത്- ജിതേന്ദര്‍ സിംഗ് മന്‍ എന്ന ഗോഗി!
ടില്ലുവിന്റെ ജന്‍മനാട്ടില്‍നിന്നും 12 കിലോ മീറ്റര്‍ അകലെ ആലിപ്പൂരിലെ ചോട്ടാ ശിവ് മന്ദിര്‍ നേവല്‍ പാര്‍ക്കിലാണ് 1991-ല്‍ ഗോഗി ജനിച്ചത്. സ്വകാര്യ കോണ്‍്രടാക്ടറായിരുന്ന പിതാവ് കാന്‍സര്‍ ബാധിച്ച് 2010-ല്‍ മരിച്ചു. അമ്മയും സഹോദരങ്ങളുമുണ്ട്. ആലിപ്പൂരിലെ സ്‌കൂള്‍ പഠനത്തിനു ശേഷം ഗോഗി ദില്ലി സര്‍വകലാശാലയിലെ സ്വാമി ശ്രദ്ധാനന്ദ് കോളജില്‍ പഠിക്കാനെത്തി. അവിടെ വെച്ചാണ് ടില്ലുവിനെ പരിചയപ്പെടുന്നത്. സ്‌കൂള്‍ കാലം മുതല്‍ കായിക മല്‍സരങ്ങളില്‍ സജീവമായിരുന്നു. മികച്ച വോളിബോള്‍ കളിക്കാരനായിരുന്ന ഗോഗി 17 വയസ്സില്‍ തോളെല്ലിനു പരിക്കു പറ്റിയതോടെ കളി നിര്‍ത്തി.
തുടക്കത്തില്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാലക്രമേണ അകന്നു. ഇരുവരും രണ്ട് വ്യത്യസ്ത പാര്‍ട്ടികളിലായി. 2010-ലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് വന്നതോടെ ഇരുവരും േനര്‍ക്കുനേര്‍ പോരടിച്ചു. ബിരുദ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. പ്രാദേശിക ഗുണ്ടാ സംഘങ്ങളെ ഇരുവരും ഉപയോഗപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഗോഗിയുടെ സ്ഥാനാര്‍ത്ഥി തോറ്റു. തൊട്ടു പിന്നാലെ, തന്റെ ബന്ധുവായ യുവതിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് ഗോഗിയും കൂട്ടുകാരും ടില്ലുവിന്റെ ഉറ്റ ബന്ധുവും വലംകൈയുമായിരുന്ന ദീപക്കിനെ കൊല ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം, ഗോഗിയുടെ വലം കൈയായിരുന്ന അരുണ്‍ കമാന്‍ഡോയെ കൊല ചെയ്ത് ടില്ലുവിന്റെ ഗ്യാങ് പകരംവീട്ടി.
കോളജ് പഠനം കഴിഞ്ഞ പാടെ, ഇരുവരും വ്യത്യസ്ത ക്രിമിനല്‍ ഗ്യാങുകളില്‍ എത്തിപ്പെട്ടിരുന്നു. അവിടെ വെച്ചും ഇരുവരും തമ്മിലുള്ള പക തുടര്‍ന്നു. 2015-ല്‍ ഗോഗിയുടെ സംഘത്തിലെ അരുണ്‍ കമാന്‍ഡോയെ ടില്ലു ഗ്യാങ് കൊല ചെയ്തതോടെയാണ് പക ചോരക്കളിയിലേക്ക് വഴി മാറിയത്. പിന്നീട് ഇരു ഗ്യാങുകളും തമ്മിലുള്ള തെരുവു യുദ്ധമായിരുന്നു. 12 പേര്‍ ഇതിനകം ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കു പറ്റി. ഏറെപ്പേര്‍ ജയിലിലായി. അതിനിടെ, ഈ കളിയിലൊന്നും പങ്കാളി അല്ലാത്ത ഒരു നാടോടി ഗായികയും കൊല ചെയ്യപ്പെട്ടു. വളര്‍ന്നു വരുന്ന ഗായികയായ ഹര്‍ഷിത ദഹിയ. 2017-ല്‍ ഗോഗിയുടെ സംഘം ഒരാളെ കൊല ചെയ്യുന്നതിന് ദൃക്‌സാക്ഷിയായിരുന്നു ഹര്‍ഷിത. ഇതാണ് ഗോഗിയുടെ സംഘം ഹര്‍ഷിതയെ കൊല ചെയ്യാന കാരണമായത്.
ഹര്‍ഷിത ദഹിയ
കുറ്റകൃത്യങ്ങളുടെ ലോകത്ത് സജീവമായതോടെ ഇരുവരും നാടും വീടുമായും അകന്നിരുന്നു. 2017 മുതല്‍ മകന്‍ വീട്ടില്‍ വന്നിട്ടില്ലെന്ന് ടില്ലുവിന്റെ മരണശേഷം പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗോഗിയുടെ അമ്മയും ഇതേപോലെ തന്നെയാണ് പറയുന്നത്. 2012-നു ശേഷം ഗോഗി വീടുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചതായാണ് അവര്‍ പറഞ്ഞത്.
ഇക്കാലയളവിനുള്ളില്‍ കറകളഞ്ഞ ക്രിമിനലുകളായി ഇരുവരും മാറിയിരുന്നു. കൂട്ടിന് എന്തിനും പോന്ന സംഘങ്ങള്‍. വന്‍കിട ബിസിനസുകാര്‍. ഉന്നത ബന്ധങ്ങള്‍. കൊലപാതകം, കൊലപാതക ശ്രമം, ക്വട്ടേഷന്‍ ആക്രമണങ്ങള്‍, പണം തട്ടാനുള്ള തട്ടിക്കൊണ്ടുപോവലുകള്‍, ബലാല്‍സംഗം, കള്ളത്തോക്ക് ബിസിനസ്, പണമിടപാടുകള്‍ എന്നിങ്ങനെ പല തരം പ്രവര്‍ത്തനങ്ങള്‍. അതിനിടയിലും ഇരുവരും തമ്മിലുള്ള പക വളര്‍ന്നു. അതാണിപ്പോള്‍, തിഹാര്‍ ജയിലിലെ കൊലപാതകത്തില്‍ എത്തിയത്. ഇതിവിടെ തീരാനിടയില്ല എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ടില്ലുവിന്റെയും ഗോഗിയുടെയും അവശേഷിക്കുന്ന ഗ്യാങുകള്‍ ഈ പോരാട്ടം തുടരുമെന്നാണ് ഇരുവരുടെയും വീട്ടുകാര്‍ ആശങ്കപ്പെടുന്നത്.