
നായയെ ജീവനുതുല്യം സ്നേഹിക്കുന്ന നേതാക്കളിൽ മുൻപന്തിയിലാണ് തുർക്ക്മെനിസ്ഥാൻ രാഷ്ട്രത്തലവൻ ഗുർബാംഗുലി ബെർദിമുഹമദോവ്. മധ്യേഷ്യയിൽ കാണുന്ന 'അലബായ്' എന്ന അപൂർവയിനം നായയെ അദ്ദേഹം വളരെ അധികം ഇഷ്ടപ്പെടുന്നു. അത് കൊണ്ട് തന്നെ ഈ ഇനത്തിലെ നായ്ക്കളുടെ സ്മരണയ്ക്കായി ദേശീയ തലസ്ഥാനമായ അഷ്ഗാബാത്തിന്റെ പ്രധാന സ്ക്വയറിൽ അദ്ദേഹം നായയുടെ ഒരു സ്വർണ്ണ പ്രതിമ തന്നെ അങ്ങ് സ്ഥാപിച്ചു. എന്നാൽ, പക്ഷേ അതുകൊണ്ടും അദ്ദേഹം തൃപ്തനായില്ല എന്ന് വേണം കരുതാൻ. ഇപ്പോൾ ഒരു പടി കൂടി കടന്ന് ഏപ്രിലിലെ അവസാന ഞായറാഴ്ച ഈ നായ്ക്കളുടെ ബഹുമാനാർത്ഥം ദേശീയ അവധിദിനമായി പ്രഖ്യാപിച്ചിരിക്കയാണ് അദ്ദേഹം. കാവൽ നായകളുടെ ഇനത്തിൽ ഏറെ പ്രശസ്തമാണ് അലബായ് നായ.
കഴിഞ്ഞ വർഷം നവംബർ 11 -നാണ് നായയുടെ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്തത്. 19 അടി ഉയരമുള്ള ഒരു പൂർണകായ പ്രതിമയായിരുന്നു അത്. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം പ്രതിമയെ ഒരു പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പ്രതിമയുടെ താഴെ ഒരു എൽഇഡി ഡിസ്പ്ലേ സ്ക്രീനും ഉണ്ട്. തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഈ ഇനത്തെ ബഹുമാനിക്കുന്നത് ഇതാദ്യമല്ല. അദ്ദേഹം ഈയിനം നായ്ക്കളെക്കുറിച്ച് ഒരു ഗാനം എഴുതുകയും, ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2017 -ലും ഗുർബാംഗുലി റഷ്യൻ പ്രസിഡന്റ് പുടിന് അലബായ് നായയെ സമ്മാനിക്കുകയുണ്ടായി. കൂടാതെ 2019 -ൽ അന്നത്തെ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിനും അദ്ദേഹം സമ്മാനമായി കൊടുത്തത് ഒരു അലബായ് നായ്ക്കുട്ടിയെ തന്നെയായിരുന്നു. അതേസമയം പ്രാദേശിക കുതിരകളുടെ ദിനം കൂടിയാണ് ഏപ്രിലിലെ അവസാന ഞായറാഴ്ച. തുർക്ക്മെനിസ്ഥാനിലെ ജനങ്ങൾ കന്നുകാലികളെ വളരെയധികം സ്നേഹിക്കുന്ന കൂട്ടത്തിലാണ്. അവിടെ മാത്രമല്ല അയൽരാജ്യങ്ങളിലും നായ്ക്കളെയും കുതിരകളെയും ബഹുമാനിക്കുന്ന ഒരു പാരമ്പര്യമുണ്ട്.
തുർക്ക്മെനിസ്താൻ നേതാവ് നവംബറിൽ തന്റെ രാജ്യത്ത് കൊറോണ വൈറസ് കേസുകൾ ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. രോഗത്തെ തടുക്കാൻ കൊറോണ എന്ന വാക്ക് തന്നെ രാജ്യത്ത് നിരോധിച്ച വ്യക്തിയാണ് അദ്ദേഹം. സാർസ്-കോവി -2 അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് രാജ്യം പറഞ്ഞു. എന്നിരുന്നാലും, കൊവിഡ് മരണവുമായി ബന്ധപ്പെട്ട ഫൂട്ടേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്തോടെ സ്വേച്ഛാധിപത്യ സർക്കാറിന്റെ വാദങ്ങൾ ലോകം സംശയത്തോടെ കണ്ടു തുടങ്ങി. അപ്പോഴും രാജ്യത്ത് കൊവിഡ്-19 കേസുകൾ സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളോട് തുർക്ക്മെനിസ്ഥാനിലെ ശക്തനായ നേതാവ് പറഞ്ഞത്.