പുസ്തകം വാങ്ങാനും ക്യൂ, പുസ്തകശാലയ്ക്ക് മുന്നിലെ നീണ്ട നിര, ന​ഗരത്തിന്റെ വായനാശീലത്തെ പ്രശംസിച്ച് സോഷ്യൽമീഡിയ

By Web TeamFirst Published Aug 18, 2021, 9:56 AM IST
Highlights

ഇൻറർനെറ്റിലെ ആളുകളെല്ലാം കൊൽക്കത്തയിലെ ജനങ്ങളെക്കുറിച്ച് പ്രശംസിച്ചു. വായനയുടെ സംസ്കാരമാണ് ഇപ്പോഴും നഗരത്തിൽ നിലനിൽക്കുന്നത്. എന്നിരുന്നാലും, ഓൺലൈനിൽ ഒരു പുസ്തകം വാങ്ങുന്നതിനുപകരം എന്തുകൊണ്ടാണ് അവർ ഇങ്ങനെ ക്യൂ നിന്ന് പുസ്തകം വാങ്ങുന്നത് എന്ന് പലരും ചോദിച്ചു. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം തുറന്ന മദ്യഷോപ്പുകളില്‍ നീണ്ട ക്യൂ നമ്മള്‍ കണ്ടതാണ്. അതുപോലെ തന്നെ മറ്റ് ചില കടകളുടെ മുന്നിലും തിരക്കുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, പ്രിയപ്പെട്ട ഒരു പുസ്തകം വാങ്ങാന്‍ ആളുകളുടെ നീണ്ട നിര കണ്ടിട്ടുണ്ടോ. അങ്ങനെ ഒരു ചിത്രമാണിത്. ഏതെങ്കിലും ഒരു താരം പുസ്തകം പ്രകാശനം ചെയ്യുന്നതോ ഒപ്പിട്ടു നല്‍കുന്നതോ അല്ല, തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ വാങ്ങാന്‍ വേണ്ടി മാത്രം നിരയില്‍ ക്ഷമയോടെ ആളുകള്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

ഇത് യഥാർത്ഥത്തിൽ സംഭവിച്ചത് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ്, അത് രവീന്ദ്രനാഥ ടാഗോറിനെപ്പോലുള്ള ബുദ്ധിജീവികളെ വാർത്തെടുത്ത ഇടം കൂടിയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. വെറുതെ ഒരു കാഴ്ചയ്ക്ക് പോയിനില്‍ക്കുന്നതാണ് ഇവരെന്ന് കരുതരുത്. ശരിക്കും കല്‍ക്കത്തയില്‍ ആളുകള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരും അത് ആസ്വദിക്കുന്നവരുമാണ് എന്നാണ് പറയുന്നത്. 

വൈറലായ ഈ ചിത്രത്തില്‍ കാണുന്നത് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വാങ്ങുന്നതിനായി ദേയ്സ് പബ്ലിഷിങ് എന്ന പുസ്തകശാലയ്ക്ക് മുന്നില്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന ആളുകളെയാണ്. ദിപ്തകീർത്തി ചൗധരി എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്, 'കൊൽക്കത്തയിലെ ഒരു പ്രസാധക സ്റ്റോറിന് മുന്നിൽ നിന്നുള്ള ക്യൂവിന്റെ ഫോട്ടോ. ഓരോ നഗരവും മദ്യത്തിനായി കാത്ത് വരി നില്‍ക്കുന്നു. കൊൽക്കത്ത മാത്രമാണ് പുസ്തകങ്ങൾക്കായി ഇങ്ങനെ അണിനിരക്കുന്നത്' എന്നും ക്യാപ്ഷനായി എഴുതിയിരിക്കുന്നു.

Photo of the queue in front of a publisher's store in Kolkata.

Every city lines up for booze. Only Kolkata lines up for books. pic.twitter.com/aSqJgMASCa

— Diptakirti Chaudhuri (@diptakirti)

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 11 മുതൽ 15 വരെ ദേയ്സ് പബ്ലിഷിംഗ് അവരുടെ ഇൻ-സ്റ്റോർ കാറ്റലോഗിൽ 50% കിഴിവ് വാഗ്ദാനം ചെയ്തതിനാലാണ് സ്റ്റോറിന് പുറത്തുള്ള നീണ്ട ക്യൂ എന്ന് അദ്ദേഹം പരാമർശിച്ചു. ഇൻറർനെറ്റിലെ ആളുകളെല്ലാം കൊൽക്കത്തയിലെ ജനങ്ങളെക്കുറിച്ച് പ്രശംസിച്ചു. വായനയുടെ സംസ്കാരമാണ് ഇപ്പോഴും നഗരത്തിൽ നിലനിൽക്കുന്നത്. എന്നിരുന്നാലും, ഓൺലൈനിൽ ഒരു പുസ്തകം വാങ്ങുന്നതിനുപകരം എന്തുകൊണ്ടാണ് അവർ ഇങ്ങനെ ക്യൂ നിന്ന് പുസ്തകം വാങ്ങുന്നത് എന്ന് പലരും ചോദിച്ചു. വലിയ ആരാധകരുള്ള കല്‍ക്കത്തയിലെ പഴയ പുസ്തകശാലയാണ് ദേയ്സ് പബ്ലിക്കേഷന്‍. 

കൊവിഡ് 19 വ്യാപനവും ലോക്ക്ഡൗണുമെല്ലാം ലോകത്തെമ്പാടുമുള്ള ആളുകളിൽ വായനാശീലം വർധിപ്പിച്ചിട്ടുണ്ട് എന്നാണ് വിവിധ വാർത്തകൾ തെളിയിക്കുന്നത്. 

click me!