അഫ്ഗാന്റെ ചോരക്കളിയില്‍ പെട്ടുപോയ  മറ്റൊരു ഇന്ത്യക്കാരി, ഹാത്തി എന്ന ആന!

By Web TeamFirst Published Aug 17, 2021, 4:09 PM IST
Highlights

അങ്ങനെ അഫ്ഗാനിന്റെ മണ്ണിൽ ഇന്ത്യയുടെ ഓർമ്മക്കായി ഒരു ആനക്കുട്ടിയെ സമ്മാനിക്കാൻ തീരുമാനമായി. അതിന്റെ പേര് ഹാത്തി എന്നായിരുന്നു. 1973 ജൂൺ 18 -ന് ഹാത്തി വിമാനമാർ​ഗം എത്തി. വെറും മൂന്ന് വയസുള്ള ഒരു പിടിയാനയായിരുന്നു അവൾ. 

അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍. നയതന്ത്ര പ്രതിനിധികളെ കാബൂളില്‍നിന്നും രക്ഷപ്പെടുത്തിയത് പോലെ, വിമാനമാര്‍ഗം ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ശ്രമങ്ങള്‍. ഇതാദ്യമായല്ല അഫ്ഗാനിസ്താന്‍ കലങ്ങി മറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശ സമയത്തും വര്‍ഷങ്ങളോളം രാജ്യം പ്രക്ഷുബ്ധമായിരുന്നു. അന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് ദുരന്തങ്ങളിലൂടെ കടന്നുപോയത്. അക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ആനക്കുട്ടിയുമുണ്ടായിരുന്നു. പേര് ഹാത്തി. 

ഹാത്തി ഇന്ത്യയിലെത്തിയ കഥ രസകരമായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് വിവി ഗിരി ഒരിക്കല്‍ കാബൂളിലെ മേയറെ കാണാന്‍ പഗ്മാനിലെ മനോഹരമായ മലയോര പട്ടണത്തില്‍ പോയി. ഊഷ്മള വരവേല്‍പ്പില്‍ സന്തുഷ്ടനായ അദ്ദേഹം കാബൂള്‍ മൃഗശാലയിലേക്ക് ഒരു ആനക്കുട്ടിയെ സമ്മാനമായി നല്‍കുന്ന വിവരം അറിയിച്ചു. കാബൂളിലെ പൗരന്മാര്‍ക്കും അവിടെ വരുന്ന സന്ദര്‍ശകര്‍ക്കും ഇത് കൂടുതല്‍ സന്തോഷം നല്‍കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. കൊളോണിയല്‍ കാലഘട്ടത്തിന് മുന്‍പ് തന്നെ ഭരണാധികാരികള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മൃഗങ്ങളെ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു.  അങ്ങനെ 1960 -കളിലും 1970 -കളിലും ആനകള്‍ ഇന്ത്യയുടെ അനൗദ്യോഗിക സാംസ്‌കാരിക ദൂതന്മാരായി മാറി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്തും ഇതുപോലെ ഇന്ദിര എന്ന് പേരുള്ള ആനയെ ജപ്പാന് നല്‍കുകയുണ്ടായി. ഇത് ഇന്ത്യയ്ക്ക് ഒരു മികച്ച പരസ്യമായി തീര്‍ന്നു. 

അങ്ങനെ, വിവി ഗിരിയുടെ തീരുമാനം നടപ്പായി.  1973 ജൂണ്‍ 18 -ന് ഹാത്തി വിമാനമാര്‍ഗം കാബൂളില്‍ എത്തി. വെറും മൂന്ന് വയസുള്ള ആ പിടിയാനയെ കാബൂള്‍ മൃഗശാലയിലേയ്ക്ക് കൊണ്ടുപോയി. അഫ്ഗാനില്‍ അപ്പോള്‍ ശൈത്യകാലമായിരുന്നു. തണുപ്പ് ശീലമില്ലാത്ത ആനയ്ക്ക് ആ കാലാവസ്ഥ അനുയോജ്യമായിരുന്നില്ല. അവള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ ശൈത്യകാലത്തെ അതിജീവിക്കാനായി ഹീറ്റര്‍ സ്ഥാപിച്ചു.

അഫ്ഗാനില്‍ പണ്ട് കാലങ്ങളില്‍ രാജാക്കന്മാര്‍ ആനകളെ പൊതുപരേഡുകള്‍ക്കും ഉത്സവങ്ങള്‍ക്കും വേട്ടക്കും ഉപയോഗിച്ചിരുന്നുവെങ്കിലും, 1930 -കള്‍ ആയപ്പോഴേക്കും കാബൂളിലെ തെരുവുകളില്‍ നിന്ന് ആനകള്‍ ഇല്ലാതാകാന്‍ തുടങ്ങി. നഗരത്തിലെ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം, ആനയെ കാണുന്നത് പുതുമയും അത്ഭുതം നിറഞ്ഞതുമായിരുന്നു. അവളുടെ വരവ് രാജ്യമാകെ ഒരു ആഘോഷമാക്കി. വന്ന് രണ്ട് ദിവസത്തിനുള്ളില്‍, ദി കാബൂള്‍ ടൈംസില്‍ അവള്‍ വാര്‍ത്തയായി. അവളുടെ ദൈനംദിന ഭക്ഷണത്തിന്റെ വിശദാംശങ്ങള്‍ക്കൊപ്പം മൂന്നാം പേജില്‍ അവളുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഛായാചിത്രം പ്രത്യക്ഷപ്പെട്ടു. അതില്‍ അവള്‍ ഒരു ദിവസം 50 കിലോ വൈക്കോലും 14 ബക്കറ്റ് വെള്ളവും കഴിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അവള്‍ മാത്രമായിരുന്നില്ല കാബൂള്‍ മൃഗശാലയിലെ വിദേശി മൃഗം. ചൈന, ഇറ്റലി, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പലതരം മൃഗങ്ങള്‍ അവള്‍ക്കൊപ്പം മൃഗശാലയില്‍ ഉണ്ടായിരുന്നു. എന്നാലും അവര്‍ക്കിടയില്‍ അവളായിരുന്നു താരം. നയതന്ത്ര സൗഹൃദങ്ങളുടെ മഹത്തായ പ്രകാശനം. നാടാകെ അവള്‍ സംസാരവിഷയമായി. അവളെ കാണാനായി ആളുകള്‍ മൃഗശാലയില്‍ തിക്കിതിരക്കി. അഫ്ഗാനിലെ പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ കണ്ടുമുട്ടലായിരുന്നു. 'പ്രസിഡന്റ് ഗിരിയുടെ ആ സമ്മാനം കാബൂളില്‍ വളരെ പ്രസിദ്ധമായിരുന്നു'- കാബൂള്‍ മൃഗശാലയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ അസീസ്ഗുല്‍ സാഖിബ് പറഞ്ഞു. ഹാത്തിയും അവളുടെ പാപ്പാനും സോക്കര്‍ ഗെയിം കളിച്ചും, ചിത്രങ്ങള്‍ എടുക്കാന്‍ നിന്ന് കൊടുത്തും ആളുകളുടെ മനം കവര്‍ന്നു. 

അങ്ങനെ എല്ലാ രാജകീയ പ്രൗഢിയോടും കൂടി ജീവിച്ച് വരുമ്പോഴാണ്, രാജ്യം വലിയ ഒരു മാറ്റത്തിന് വിധേയമാകുന്നത്. 1979 -ല്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മാര്‍ച്ച് നടത്തി. ഒരു ദശാബ്ദക്കാലത്തെ യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടു. സോവിയറ്റ് അധിനിവേശകാലത്ത് ഗ്രാമങ്ങള്‍ മുജാഹിദീന്‍ ഗറില്ലകള്‍ നിയന്ത്രണത്തിലാക്കി. കാബൂള്‍ ഉള്‍പ്പെടെ നഗരങ്ങള്‍ സോവിയറ്റ്, അഫ്ഗാന്‍ സേനകളുടെ നിയന്ത്രണത്തിലും.  മുജാഹിദീന്റെ സുരക്ഷിത താവളങ്ങള്‍ എന്നു പറഞ്ഞ് സോവിയറ്റ് സൈന്യം  ഗ്രാമങ്ങള്‍ ചാമ്പലാക്കി. സോവിയറ്റ് അധിനിവേശകാലത്ത് ഒരു ദശലക്ഷം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 

 

 

ഇന്ത്യ-സോവിയറ്റ് സൗഹൃദ ഉടമ്പടിയില്‍ ഒപ്പിട്ട ഇന്ത്യയ്ക്ക് അധിനിവേശത്തെ പരസ്യമായി അപലപിക്കാനുള്ള ശേഷി ഇല്ലായിരുന്നു. 1989 ഫെബ്രുവരിയില്‍ സോവിയറ്റ് സൈന്യം പിന്‍വലിഞ്ഞിട്ടും, മുജാഹിദുകളും സോവിയറ്റ് പിന്തുണയുള്ള ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. അതിന്റെ തൊട്ടടുത്ത വര്‍ഷം ഒക്ടോബറില്‍ അംബാസഡര്‍ സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയ വിജയ് കെ.നമ്പ്യാര്‍ നഗരത്തിന് സംഭവിച്ച മാറ്റം കണ്ട് ഞെട്ടിപ്പോയതായി പറഞ്ഞിട്ടുണ്ട്. അംബാസഡറുടെ വസതിയിലെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞിരുന്ന റോസാച്ചെടികളുടെ സ്ഥാനത്ത് റോക്കറ്റ് ആക്രമണം മൂലമുണ്ടായ എട്ടടി താഴ്ചയുള്ള ഗര്‍ത്തമായിരുന്നു ബാക്കി.

നഗരത്തെ ആഭ്യന്തരയുദ്ധം വിഴുങ്ങി. ഈ സമയത്ത് മിസൈല്‍ ആക്രമണങ്ങള്‍ പതിവായിരുന്നു. നഗരത്തിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന വാഹനവ്യൂഹത്തെയും മിസൈലുകള്‍ ലക്ഷ്യം വച്ചു. ഈ സമയത്ത് മൃഗശാലയും മ്യൂസിയവും ദുരിതത്തിലായി. അതിലും ഗുരുതരമായ പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടിരിക്കയായിരുന്ന സര്‍ക്കാര്‍ അതിനെ കുറിച്ച് ആലോചിച്ചില്ല. മുജാഹിദുകള്‍ തലസ്ഥാനം പിടിക്കുന്നതിനു മുമ്പു വരെ ആ സമ്മര്‍ദ്ദത്തിനിടയിലും ഹാത്തി ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നു. അനിശ്ചിതമായ ഭാവി അഭിമുഖീകരിക്കുന്ന കാബൂളികളെ, ഹാത്തി കഴിയുന്ന വിധത്തില്‍ വിനോദിപ്പിച്ചു. 

1992 ഏപ്രിലില്‍, സോവിയറ്റ് പിന്തുണയുള്ള മുഹമ്മദ് നജീബുള്ളയുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണു. മുജാഹിദീന്‍ വിഭാഗങ്ങള്‍ രാജ്യം പിടിച്ചു. പെഷവാര്‍ ഉടമ്പടി പ്രകാരം അവര്‍ അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതായി പ്രഖ്യാപിച്ചു. നജീബുള്ളയുടെ സര്‍ക്കാരിനെ എതിര്‍ക്കുന്ന പല നേതാക്കളും ഇത് അംഗീകരിച്ചു. എന്നാല്‍ മുജാഹിദിനീല്‍ പടലപ്പിണക്കങ്ങളും ചേരിപ്പോരുകളും ആരംഭിച്ചു. പ്രമുഖനായ മുജാഹിദ് നേതാവ് ഗുല്‍ബുദ്ദീന്‍ ഹിക്മത്യാര്‍ പുതിയ സര്‍ക്കാരില്‍ ലഭിച്ച സ്ഥാനത്തില്‍ അതൃപ്തനായിരുന്നു. കരാര്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചു. താമസിയാതെ മുജാഹിദുകള്‍ തമ്മില്‍ ആഭ്യന്തര യുദ്ധം തുടങ്ങി. 

മുജാഹിദുകളുടെ വിവിധ വിഭാഗങ്ങള്‍ അവരവരുടെ വംശത്തിന്റെയും ഗോത്രത്തിന്റെയും പേരില്‍ പരസ്പരം ഏറ്റുമുട്ടി. , നജീബുള്ള രാജിവച്ചതിന് തൊട്ടുപിന്നാലെ, കാബൂള്‍ മൃഗശാല സംഘര്‍ഷത്തിന്റെ മുന്‍നിരയായി മാറി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വന്ന തോക്കുധാരികള്‍ നഗരം കീഴടക്കി. അവര്‍ ആനയെ ഉപദ്രവിച്ചു. ഒട്ടും അനുകമ്പ ഇല്ലാത്ത അവര്‍ ഹാത്തിയുടെ പിന്‍കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചു. ഹാത്തിയുടെ ചലനശേഷി കര്‍ശനമായി അവര്‍ നിയന്ത്രിച്ചു. കൂട്ടിനുള്ളില്‍ സ്വന്തം മാലിന്യത്തില്‍ ഹാത്തി കഴിഞ്ഞു. തീര്‍ത്തും അവഗണിക്കപ്പെട്ട്, പട്ടിണിയും പരിവട്ടവുമായി ഒന്നനങ്ങാന്‍ കൂടി സാധിക്കാത്ത ജീവിതം. 

അതേ വര്‍ഷം, 1992 ഡിസംബറില്‍, കാബൂളില്‍ പുതിയ റൗണ്ട് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നാഷണല്‍ മ്യൂസിയം കൊള്ളയടിക്കപ്പെട്ടു. മൃഗശാല എന്ന ആശയം ആദ്യമായി മുളപൊട്ടിയ കാബൂള്‍ യൂണിവേഴ്സിറ്റിയിലെ സയന്‍സ് ഫാക്കല്‍റ്റി പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. 1992 ഏപ്രിലിനും 1994 ഡിസംബറിനും ഇടയില്‍ ഏകദേശം 20,000 പേര്‍ കൊല്ലപ്പെട്ടതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ആ മരണങ്ങളില്‍ പകുതിയോളം 1993 -ലാണ് സംഭവിച്ചത്. കാബൂളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്തു. ആഭ്യന്തരയുദ്ധസമയത്ത് മൃഗശാല പൂര്‍ണമായും അവഗണിക്കപ്പെട്ടു. ആക്രമണങ്ങള്‍ക്കിടയില്‍, മൃഗശാല സൂക്ഷിപ്പുകാരനും സഹപ്രവര്‍ത്തകരും ജീവനോടെ ബാക്കിയുണ്ടായിരുന്നു. ആഹാരം കണ്ടെത്താന്‍ സാധിക്കാത്ത ദിവസങ്ങളില്‍ മൃഗശാലയുടെ ജീവനക്കാര്‍ സ്വന്തം ഭക്ഷണം ആ മൃഗങ്ങള്‍ക്ക് നല്‍കി.

നഗരത്തില്‍ മിസൈലുകള്‍ തലങ്ങും വിലഞ്ഞും പാഞ്ഞു. 1993 ഏപ്രിലില്‍ ഹാത്തിയുടെ കൂട്ടില്‍ ഒരു ഷെല്‍ വന്ന് പതിച്ചു. അവളുടെ ശരീരം മുഴുവന്‍ മുറിവുകളുണ്ടായി. എന്നാല്‍ അവള്‍ക്ക് ചികിത്സ ലഭിച്ചില്ല. മൃഗശാലയിലെ വെറ്റിനറി ക്ലിനിക്കുകളും അതിന്റെ മെഡിക്കല്‍ സപ്ലൈകളും ഷെല്ലാക്രമണം കാരണം ഇല്ലാതായിരുന്നു. പത്ത് ദിവസത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം ഹാത്തി ഒരാളും തിരിഞ്ഞുനോക്കാനില്ലാതെ നിസ്സഹായായി മരിച്ചു. അവള്‍ക്ക് അന്ന് 23 വയസ്സായിരുന്നു. 

ആഭ്യന്തരയുദ്ധം അവസാനിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍, അത് ശൂന്യമായി പുല്ല് വളര്‍ന്ന നിലയിലായിരുന്നു. എല്ലാ മൃഗങ്ങളും ചത്തുപോയിരുന്നു. പ്രധാന കെട്ടിടം വെടിയുണ്ടകളേറ്റ് തകര്‍ന്നിരുന്ു. മ്യൂസിയവും ലൈബ്രറിയും ഉണ്ടായിരുന്ന ഒന്നാം നില മുഴുവന്‍ അവശിഷ്ടങ്ങളുടെ കൂമ്പാരമായിരുന്നു.

click me!