
മാസം കൃത്യമായ ഒരു വരുമാനം കിട്ടുന്ന ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിൽ റിസ്കുണ്ട് അല്ലേ? എന്നാൽ, റിസ്കെടുക്കുന്നവരാണ് പലപ്പോഴും ജീവിതത്തിൽ വിജയിക്കുന്നവർ. അതുപോലെ, ബെംഗളൂരുവിലെ 11 ലക്ഷം രൂപ വർഷം ശമ്പളം കിട്ടുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച്, സ്വന്തം നാട്ടിൽ കുടിവെള്ള ബിസിനസ്സ് ആരംഭിച്ച ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അങ്കിത് പാണ്ഡെയാണ് എക്സിൽ (ട്വിറ്റർ) തന്റെ സുഹൃത്തിന്റെ ഈ വിജയം പങ്കുവെച്ചത്.
പ്രൊമോഷനുകൾക്ക് പുറകെ പോകുന്നതിന് പകരം സംരംഭം തുടങ്ങാനാണ് സുഹൃത്ത് തീരുമാനിച്ചതെന്ന് അങ്കിത് പറയുന്നു. സ്വന്തം സ്ഥലത്ത് ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാണ് ഇയാൾ വീടുകളിലേക്കും കടകളിലേക്കും കുടിവെള്ള വിതരണം ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം വീടുകളിലും കടകളിലുമാണ് വെള്ളം എത്തിക്കുന്നത്. പ്രതിദിനം 300 വാട്ടർ കാനുകൾ വിതരണം ചെയ്യുന്നുണ്ട്. ഒരു കാനിന് 30 രൂപ നിരക്കിൽ ദിവസം 9,000 രൂപയും, മാസം ഏകദേശം 2.7 ലക്ഷം രൂപയുമാണ് വരുമാനം.
വൈദ്യുതിക്കും ജലശുദ്ധീകരണത്തിനുമായി മാസം 15,000 രൂപയും വിതരണത്തിനായി 20,000 രൂപയുമാണ് ചെലവാകുന്നത്. സ്വന്തം സ്ഥലത്തായതിനാൽ വാടകച്ചെലവില്ല. ഇതെല്ലാം കഴിച്ച് പ്രതിമാസം 2.35 ലക്ഷം രൂപയും വർഷത്തിൽ 28.5 ലക്ഷം രൂപയും ലാഭമായി ലഭിക്കുന്നുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. ദിവസേനയുള്ള ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതാണ് ഏറ്റവും മികച്ച ബിസിനസ്സ് എന്നാണ് അങ്കിതിന്റെ അഭിപ്രായം. 11 ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് ഇത്തരം ബിസിനസ്സ് ആരംഭിക്കാൻ തയ്യാറാണോ എന്ന ചോദ്യവും അങ്കിത് ചോദിക്കുന്നുണ്ട്.
My friend quit his ₹11 LPA 9-to-5 job in Bengaluru.
Now he earns nearly ₹28 lakh a year from his home.
Instead of chasing promotions, he went back home and started a simple water purification business.
He installed a water purification plant on his own property and connected… pic.twitter.com/uY3mfTd0d3— Ankit Pandey (@iamankitpande) August 3, 2026
പോസ്റ്റ് പങ്കുവെച്ചതോടെ നിരവധിയാളുകളാണ് പിന്തുണച്ച് കമന്റുകൾ നൽകിയത്. കോർപ്പറേറ്റ് ജോലിയെക്കാൾ ഇത്തരം പ്രായോഗികമായ ബിസിനസ്സുകളാണ് മികച്ചതെന്നും നിശ്ചിത വരുമാനം ഉറപ്പുനൽകുമെന്നും പലരും അഭിപ്രായപ്പെട്ടു.