12 മണിക്കൂര്‍ ജോലി, 4 പാർട്ട് ടൈം ജോലികൾ വേറെ, ഉറക്കം വെറും 5 മണിക്കൂർ; ഡോക്ടറാവാനായി 24-കാരിയുടെ കഠിനാധ്വാനം

Published : Aug 03, 2026, 04:33 PM IST
woman

Synopsis

നിലവിൽ ക്ലിനിക്കൽ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന ഇവർ ആഴ്ചയിൽ 10 മണിക്കൂർ വീതമുള്ള നാല് ഷിഫ്റ്റുകളാണ് ചെയ്യുന്നത്. അധിക സമയം ജോലി ചെയ്യുന്നതോടെ ഓരോ ദിവസവും ജോലി സമയം 12 മണിക്കൂർ വരെയാകും.

ഈ ലോകത്ത് എല്ലാ മനുഷ്യർക്കും എല്ലാ കാര്യങ്ങളും എളുപ്പമല്ല. തങ്ങളുടെ സ്വപ്നങ്ങൾക്കായി കഠിനാധ്വാനം ചെയ്യേണ്ടി വരുന്ന അനേകം ആളുകളുള്ള ലോകമാണിത്. അതിലൊരാളാണ് ഈ യുവതിയും. ഡോക്ടറാവുക എന്ന തന്റെ സ്വപ്നം പൂർത്തീകരിക്കാൻ ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്നുള്ള 24 -കാരിയായ ഈമാൻ ഫാറൂഖി കഠിനാധ്വാനം ചെയ്യുകയാണ്. ഫുൾടൈം ജോലിക്കൊപ്പം നാല് പാർട്ട് ടൈം ജോലികൾ ചെയ്യുകയും മെഡിക്കൽ സ്കൂൾ പ്രവേശനത്തിനായി തയ്യാറെടുക്കുകയും ചെയ്യുന്ന ഈമാൻ പറയുന്നത് താൻ വെറും അഞ്ച് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത് എന്നാണ്.

ന്യൂറോ സയൻസും സൈക്കോളജിയും പഠിച്ച ഈമാൻ ഗവേഷണ മേഖലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, അമേരിക്ക സന്ദർശനത്തിനിടെ മുത്തശ്ശി സ്ട്രോക്ക് വന്ന് മരിച്ചതോടെ, രോഗികളെ നേരിട്ട് പരിചരിക്കുന്ന ഡോക്ടറാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

നിലവിൽ ക്ലിനിക്കൽ കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന ഇവർ ആഴ്ചയിൽ 10 മണിക്കൂർ വീതമുള്ള നാല് ഷിഫ്റ്റുകളാണ് ചെയ്യുന്നത്. അധിക സമയം ജോലി ചെയ്യുന്നതോടെ ഓരോ ദിവസവും ജോലി സമയം 12 മണിക്കൂർ വരെയാകും. മാസം 4,500 മുതൽ 5,000 ഡോളർ വരെ സമ്പാദിക്കുന്നുണ്ടെങ്കിലും മെഡിക്കൽ സ്കൂൾ ഫീസിനും മറ്റും ഇത് തികയാതെ വന്നതോടെയാണ് നാല് പാർട്ട് ടൈം ജോലികൾ കൂടി ഏറ്റെടുത്തത്. കുട്ടികളെ നോക്കൽ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കൽ, മെഡിക്കൽ അസിസ്റ്റന്റ് ജോലി, ഭർത്താവിനൊപ്പം ഡോർഡാഷ് വഴി ഭക്ഷണം ഡെലിവറി ചെയ്യൽ എന്നിവയാണ് ഇവർ ചെയ്യുന്ന മറ്റ് സൈഡ് ജോലികൾ.

മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടുന്നതിനുള്ള കോഴ്സുകളിൽ കൂടി ചേർന്നതോടെ ഇവരുടെ സമയക്രമം കൂടുതൽ തിരക്കുള്ളതായി. രാത്രി അഞ്ച് മണിക്കൂർ മാത്രമാണ് ഉറങ്ങാൻ സാധിക്കുന്നത്. കൂട്ടുകാരെ കാണാനോ തൊട്ടടുത്ത് താമസിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കാനോ സമയം ലഭിക്കാറില്ല. നിലവിലത്തെ രീതി ദീർഘകാലം മുൻപോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയാമെങ്കിലും, ഡോക്ടറാവുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഈ ത്യാഗം സഹിക്കാൻ തയ്യാറാണെന്നാണ് ഈമാൻ പറയുന്നത്. വിജയത്തിലേക്ക് കുറുക്കുവഴികളില്ല എന്നല്ലേ പറയാറ്. കഠിനാധ്വാനം വിജയത്തിലേക്കുള്ള വഴി തെളിക്കും അല്ലേ?

PREV
Read more Articles on
click me!

Recommended Stories

ഓഫീസ് സമയം കഴിഞ്ഞാലും അനുവാദം ചോദിക്കാതെ ഇറങ്ങാനാവില്ല, ജീവനക്കാരന് താക്കീത്; പോസ്റ്റ്
മുൻ ജീവനക്കാരനിൽ നിന്ന് 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് കമ്പനി; എന്ത് ചെയ്യാനാകുമെന്ന് പോസ്റ്റ്