
ദീർഘ നേരം ജിമ്മിൽ വർക്കൌണ്ട് ചെയ്ത ക്ഷീണത്തിന് ഒന്ന് വിശ്രമിക്കാൻ കിടന്ന യുവതി മണിക്കൂറുകളോളം ഉറങ്ങിപ്പോയി. മറ്റുള്ളവർ വർക്കൌണ്ട് ചെയ്യുന്നതിനിടെ പിടിവിട്ടുള്ള യുവതിയുടെ ഉറക്കം സമൂഹ മാധ്യമങ്ങളില് വൈറലായി. എന്നാല്‍, ഇത്തരമൊരു ദൃശ്യം സാധാരണഗതിയിൽ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ലഭിക്കുന്നതെങ്കില്‍ ഇവിടെ നേരെ മറിച്ച് അഭിനന്ദനമായിരുന്നു. ജിമ്മിൽ ഉറങ്ങിപ്പോയ യുവതിക്കല്ല, മറിച്ച് അവരെ സഹായിച്ച മറ്റ് രണ്ട് പേർക്കായിരുന്നു അഭിനന്ദനം.
ഏത് ജിമ്മിൽ വച്ച് എപ്പോൾ ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളില് വൈറലായി. ഏതാണ്ട് രണ്ട് മണിക്കൂറോളം യുവതി ജിമ്മിൽ കിടന്നുറങ്ങി. യുവതി ഉറങ്ങിക്കിടക്കുമ്പോഴും സമീപത്ത് മറ്റ് ചിലര്‍ വ്യായാമം ചെയ്യുന്നത് കാണാം. ഇതിനിടെ അതുവഴി പോയ ഒരാൾ ഒരു യാഗാ മാറ്റ് കൊണ്ട് വന്ന് യുവതിയെ പുതപ്പിക്കുന്നു. അല്പനേരം കഴിഞ്ഞ് മറ്റൊരാൾ വന്ന് യുവതിക്ക് തലയിണയായി ഒരു ബാഗ് വച്ച് കൊടുക്കുന്നതും കാണാം. ഈ സമയമെല്ലാം യുവതി ഗാഢനിദ്രയിലായിരുന്നു. ഏറെ നേരെ കഴിഞ്ഞ് യുവതി ഞെട്ടിയുണരുമ്പോൾ തന്നെ പുതപ്പിച്ച യോഗ മാറ്റും തലയിണയായി വച്ച ബാഗും കണ്ട് അമ്പരന്ന് ചുറ്റും നോക്കുന്നതും വീഡിയോയില്‍ കാണാം.
യുവാക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേര്‍ യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം, ജിമ്മിൽ അമിതമായി വർക്കൌണ്ട് ചെയ്യുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ശരീരത്തിന് പരിശീലനം പോലെ വിശ്രമവും ആവശ്യമാണെന്നും നിരവധി പേരാണ് എഴുതിയത്. ആധുനിക ജീവിതം മനുഷ്യന് എന്തുമാത്രം ക്ഷീണം സമ്മാനിക്കുന്നുണ്ടെന്നും അത്തരമൊരു അവസ്ഥയിൽ ജിമ്മല്ല, എവിടെയായാലും മനുഷ്യന്‍ ഉറങ്ങിപ്പോകുമെന്നും മറ്റ് ചിലരെഴുതി.