35 ദിവസത്തിനുള്ളില്‍ 14 കിലോ കുറഞ്ഞെന്ന് യുവതി, കഴിഞ്ഞത് കാട്ടിൽ, വറുത്ത് തിന്നത് 50 എലികളെ

Published : Nov 18, 2025, 08:40 AM IST
rat

Synopsis

കാട്ടിൽ നിന്ന് കണ്ടെത്തിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് തന്റെ ഭാരം കുറയാൻ കാരണമെന്ന് ഷാവോ പറയുന്നു. ഞണ്ടുകൾ, കടൽച്ചേന, അബലോൺ എന്നിവയായിരുന്നു അവളുടെ പ്രധാന ഭക്ഷണം. ഒപ്പം 50 എലികളെ വേട്ടയാടി, വൃത്തിയാക്കി, വറുത്ത് തിന്നുവത്രെ.

ഒരു കാട്ടിൽ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കഴിയേണ്ടി വരിക എന്നാൽ നല്ല പ്രയാസമാണ്. എന്നാൽ, എവിടേയും അതിജീവിക്കാനുള്ള കഴിവ് കൂടി അത് നമുക്ക് നൽകും. എന്തായാലും, ചൈനയിൽ അങ്ങനെ ഒരു മത്സരം നടന്നു. മത്സരത്തിൽ വെങ്കല മെഡൽ നേടിയ യുവതി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്. ഷാവോ തീജു എന്ന 25 -കാരി പറയുന്നത് അത് തനിക്ക് മെഡൽ നേടിത്തരികയോ, ആത്മവിശ്വാസവും കരുത്തും വർധിപ്പിക്കുകയോ മാത്രമല്ല ചെയ്തത്, പകരം താൻ 14 കിലോ കുറയുക കൂടി ചെയ്തു എന്നാണ്.

കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു ദ്വീപിൽ ഒക്ടോബർ 1 -നാണ് 'വൈൽഡർനെസ് സർവൈവൽ കോംപറ്റീഷൻ' ആരംഭിച്ചത്. നവംബർ 5 വരെ അതായത് 35 ദിവസം ഷാവോ അലിടെ പിടിച്ചുനിന്നു. ഇത്രയും കാലം അവിടെ നിന്നതിന്, അവൾക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 7,500 യുവാൻ (88,608 രൂപ) ആയിരുന്നു സമ്മാനം. ഇതിൽ 30 ദിവസം പൂർത്തിയാക്കുന്നവർക്കുള്ള 6,000 യുവാൻ (74,430 രൂപ) യും അവൾക്ക് അധികമായി ലഭിച്ചിട്ടുണ്ട്. ഒപ്പം ഓരോ ദിവസത്തിനും 300 യുവാൻ (3,544 രൂപ) യും കിട്ടി.

നിരവധി പ്രതിസന്ധികളാണ് ദ്വീപിലായിരിക്കുമ്പോൾ ഷാവോയ്ക്ക് അതിജീവിക്കേണ്ടി വന്നത്. 40 ഡിഗ്രി ചൂടായിരുന്നു അവിടെ. ഇതേത്തുടർന്ന് കയ്യൊക്കെ വരണ്ടു, കാലുകളിൽ നിരവധി പ്രാണികളുടെ കടിയേൽക്കേണ്ടി വന്നു. ഇതെല്ലാം അവളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, ഈ വെല്ലുവിളികൾക്കെല്ലാം ഇടയിൽ, 85 കിലോഗ്രാമിൽ നിന്ന് 71 കിലോഗ്രാമായി ഭാരം കുറഞ്ഞത് ഒരു വലിയ നേട്ടമാണെന്നാണ് അവൾ പറയുന്നത്.

കാട്ടിൽ നിന്ന് കണ്ടെത്തിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് തന്റെ ഭാരം കുറയാൻ കാരണമെന്ന് ഷാവോ പറയുന്നു. ഞണ്ടുകൾ, കടൽച്ചേന, അബലോൺ എന്നിവയായിരുന്നു അവളുടെ പ്രധാന ഭക്ഷണം. ഒപ്പം, 35 ദിവസത്തിനുള്ളിൽ, അവൾ 50 എലികളെ വേട്ടയാടി, വൃത്തിയാക്കി, വറുത്ത് തിന്നുവത്രെ. മത്സരത്തിൽ നിന്ന് പുറത്തുപോയശേഷവും കഴിക്കാൻ ഉദ്ദേശിച്ചിരുന്ന എലികളുടെ മാംസം അവൾ കൊണ്ടുവന്നു. ഷാവോ പറയുന്നത് എലികൾ വളരെ രുചികരമായ ഭക്ഷണമാണ് എന്നാണ്.

നവംബർ 4 -ന് ദ്വീപിൽ ഒരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്നാണ് ഷാവോ മത്സരത്തിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചത്. തന്റെ ലക്ഷ്യം നേടിയെന്നും ഇപ്പോൾ വീട്ടിൽ തന്റെ കിടക്കയിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവൾ പറഞ്ഞു. അതേസമയം, ഇപ്പോഴും രണ്ട് പുരുഷന്മാർ മത്സരത്തിന്റെ ഭാ​ഗമായി ദ്വീപിലുണ്ട് എന്ന് സംഘാടകർ പറയുന്നു. ഏകദേശം 7 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനം കിട്ടുക.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും