ഒരു വിദ്യാർത്ഥിനിക്ക് വേണ്ടി മാത്രം പ്രവർത്തിച്ചിരുന്ന റെയിൽവേ സ്റ്റേഷൻ...

By Web TeamFirst Published Jul 5, 2021, 12:59 PM IST
Highlights

അങ്ങനെ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് ക്ലാസിലേക്കും വീട്ടിലേക്കും പോകാനായി ക്യൂ-ഷിരാതകി സ്റ്റേഷനിൽ ഒരു ട്രെയിൻ, ദിവസത്തിൽ രണ്ടുതവണ നിർത്താൻ തുടങ്ങി. 

ഇന്ത്യയെ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത്, ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ട്രെയിനുകളിൽ യാത്രചെയ്യുന്നത്. ഒരു യാത്രക്കാരന് വേണ്ടി മാത്രം ഒരു ട്രെയിൻ ഓടുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. എന്നാൽ, ജപ്പാനിൽ ക്യൂ-ഷിരാതകി ട്രെയിൻ സ്റ്റേഷൻ അത്തരത്തിൽ ഒരു പെൺകുട്ടിക്ക് യാത്ര ചെയ്യാൻ മാത്രം തുറന്നു കൊടുക്കുകയുണ്ടായി. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ക്യൂ-ഷിരാതകി ട്രെയിൻ സ്റ്റേഷനിൽ വർഷങ്ങളോളം സ്ഥിരമായി ഒരൊറ്റ യാത്രക്കാരി മാത്രമേയുണ്ടായിരുന്നുള്ളൂ. ഖാനാ എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയായിരുന്നു അത്.

പെൺകുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനുമായി മാത്രം ഉപയോഗമില്ലാതെ കിടന്നിരുന്ന ആ സ്റ്റേഷനിൽ ട്രെയിനുകൾ ദിവസത്തിൽ രണ്ട് തവണ നിർത്തുമായിരുന്നു. തീർത്തും വിദൂരമായ ക്യൂ-ഷിരാതകി സ്റ്റേഷനും, സമീപ സ്റ്റേഷനുകളും യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പ്രവർത്തനം നിർത്താൻ റെയിൽവേ വകുപ്പ് തീരുമാനിച്ചു. 

എന്നാൽ, വിദ്യാർത്ഥികൾ പലപ്പോഴും യാത്ര ചെയ്യാനായി ട്രെയിനിനെയാണ് ആശ്രയിച്ചിരുന്നത്. അങ്ങനെ അന്വേഷിച്ചപ്പോഴാണ്, എല്ലാ ദിവസവും ഒരു പെൺകുട്ടി ഈ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ കയറുന്നതെന്ന് അധികൃതർ കണ്ടെത്തിയത്. ഹൈസ്‌കൂളിൽ പഠിക്കുന്ന അവളുടെ പഠനം പൂർത്തിയാകുന്നതു വരെ ഇത് തുടരാൻ റെയിൽവേ തീരുമാനിച്ചു.

അങ്ങനെ ഒരു സ്കൂൾ വിദ്യാർത്ഥിക്ക് ക്ലാസിലേക്കും വീട്ടിലേക്കും പോകാനായി ക്യൂ-ഷിരാതകി സ്റ്റേഷനിൽ ഒരു ട്രെയിൻ, ദിവസത്തിൽ രണ്ടുതവണ നിർത്താൻ തുടങ്ങി. അവൾക്ക് വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ 7.04 -നും, വൈകുന്നേരം 5.08 -നും സ്റ്റേഷനിൽ ട്രെയിൻ നിർത്തുമായിരുന്നു. സ്‌കൂളിലെ വിദ്യാർത്ഥിയുടെ ടൈംടേബിളിനെ അടിസ്ഥാനമാക്കിയായിരുന്നു ട്രെയിന്റെ സമയം ക്രമീകരിച്ചിരുന്നത്. 

അവധിക്കാലമാകുമ്പോൾ ട്രെയിൻ നിർത്താതെ കടന്നുപോവുകയും ചെയ്യുമായിരുന്നു. മൂന്ന് വർഷക്കാലം ട്രെയിൻ ഈ വിധം ആ വിദ്യാത്ഥിനിയ്ക്ക് യാത്രാ സൗകര്യം ചെയ്തുകൊടുത്തു. ഒടുവിൽ അവൾ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ 2016 മാർച്ച് 26 -ന് അത് എന്നെന്നേക്കുമായി അടച്ചു.

അന്ന് ഇത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. വിദ്യാഭ്യാസത്തിന് മുൻ‌ഗണന നൽകുന്ന ജാപ്പനീസ് സർക്കാരിനെ ആളുകൾ പ്രശംസിച്ചു. എന്നാൽ, രാജ്യത്തെ ജനനനിരക്ക് കുത്തനെ ഇടിയുന്നത് ജപ്പാനിലെ റെയിൽ‌വേ സംവിധാനത്തെ ഗുരുതരമായി ബാധിക്കുകയാണ് ഇന്ന്. പലയിടത്തും യാത്രചെയ്യാൻ ആവശ്യത്തിന് ആളുകൾ ഇല്ലാത്തതിന്റെ പേരിൽ അടച്ചിടേണ്ട അവസ്ഥയാണുള്ളത്.  

click me!