രാജഗോപാലിന്റെ ജീവിതത്തിൽ ജ്യോത്സ്യം നടത്തിയ നാല് ഇടപെടലുകൾ

By Babu RamachandranFirst Published Jul 18, 2019, 3:59 PM IST
Highlights

അന്ന് ചെന്നുകണ്ട ജ്യോത്സ്യരും പറഞ്ഞു," ധൈര്യമായി ചെയ്തോളൂ, പിന്നെ വെച്ചടിവെച്ചടി കയറ്റമായിരിക്കും.." അത് കണ്ണുമടച്ച് വിശ്വസിച്ച രാജഗോപാൽ പറ്റിയ ഒരു അവസരത്തിനായി കാത്തിരുന്നു. 

രാജഗോപാൽ, ശരവണഭവൻ എന്ന ലോകപ്രസിദ്ധമായ വെജിറ്റേറിയൻ റെസ്റ്റോറന്റിന്റെ ഉടമ, വിശ്വപ്രസിദ്ധനായിരുന്നു. അന്താരാഷ്ട്ര ബിസിനസ്സ് വൃത്തങ്ങളിൽ  'ദോശ കിങ്ങ്' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം, ബ്രാഹ്മണരും ബ്രാഹ്മണ നാമങ്ങളും മാത്രം അരങ്ങുവാണിരുന്ന സസ്യാഹാര വിപണന ശ്രേണിയിലേക്ക് സധൈര്യം കയറിച്ചെന്ന്, കഠിനമായി അധ്വാനിച്ച് തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത ഒരാളാണ്. 

അദ്ധ്വാനം, ഭാഗ്യം : ഏതൊരു വ്യാപാരത്തിന്റെയും ഉയർച്ചയ്ക്കുപിന്നിൽ ഇത് രണ്ടുമുണ്ടാവും. എന്നാൽ ഏതാണ് മുഖ്യമെന്ന് പ്രയത്നിക്കുന്നവർ കൃത്യമായി മനസ്സിലാക്കുന്നിടത്തുമാത്രമേ ആ ഉയർച്ചയും, വിജയവും, യശസ്സുമെല്ലാം നിലനിൽക്കൂ. 

റെസ്റ്റോറന്റ് ബിസിനസിലേക്ക് കടക്കും മുമ്പ്, ചെന്നൈയിലെ കെകെ നഗറിൽ ഒരു ചെറിയ പലചരക്കുകടയാണ് രാജഗോപാലിന് സ്വന്തമായുണ്ടായിരുന്നത്. അന്ന്, അദ്ദേഹത്തിന്റെ കടയിലേക്കു കയറിവന്ന ഒരു സെയിൽസ് മാൻ യാദൃച്ഛികമായി നടത്തിയ ഒരു പരാമർശമാണ് രാജഗോപാലിനെ റെസ്റ്റോറന്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്. "ഇവിടെ അടുത്തൊന്നും ടിഫിൻ ശാപ്പിടാൻ പറ്റിയ ഒരു നല്ല റെസ്റ്റോറന്റുപോലും ഇല്ലല്ലോ അണ്ണാ.. " എന്നായിരുന്നുഅയാളുടെ സങ്കടം നിറഞ്ഞ ആത്മഗതം. ശരിയാണല്ലോ, എന്ന് രാജഗോപാലിനും തോന്നി. 

ജ്യോത്സ്യത്തിന്റെ ഒന്നാം  ഇടപെടൽ : 

അങ്ങനെ 1981-ൽ രാജഗോപാൽ തന്റെ അന്നുവരെയുള്ള സമ്പാദ്യമെല്ലാം സ്വരുക്കൂട്ടി, ഒരു കാപ്പിക്കട തുടങ്ങുന്നു. കടുത്ത ജ്യോതിഷ വിശ്വാസിയായിരുന്നു രാജഗോപാൽ. എന്തും തുടങ്ങും മുമ്പ് തന്റെ കുടുംബ ജ്യോത്സ്യനെ ചെന്നുകണ്ട്, അഭിപ്രായം തിരക്കി, ആശിർവാദവും വാങ്ങി, നല്ലൊരു സമയവും കുറിച്ചില്ലെങ്കിൽ അദ്ദേഹത്തിന് സമാധാനമുണ്ടാവില്ല. അന്ന് ചെന്നുകണ്ട ജ്യോത്സ്യരും പറഞ്ഞു, " ധൈര്യമായി തുടങ്ങിക്കോളൂ, വെച്ചടിവെച്ചടി കയറ്റമായിരിക്കും.." അത് കണ്ണുമടച്ച് വിശ്വസിച്ച രാജഗോപാൽ പറ്റിയ ഒരു അവസരത്തിനായി കാത്തിരുന്നു. 

രാജഗോപാലിന് ഒരു സ്നേഹിതനുണ്ടായിരുന്നു. ഗണപതി അയ്യർ. അദ്ദേഹത്തിന് കാമാച്ചി ഭവൻ എന്നൊരു റെസ്റ്റോറന്റുണ്ടായിരുന്നു. സംഗതി നഷ്ടത്തിലായിരുന്നു. ആ സംവിധാനം ഒന്നാകെ രാജഗോപാലിന് വിലയ്ക്കുനൽകാൻ ഗണപതി തയ്യാറായി.  രാജഗോപാലിന്റെ രണ്ടാമത്തെ മകന്റെ പേരായിരുന്നു ശരവണൻ എന്നത്. അതിന്റെ കൂടെ ഒരു ഭവൻ ചേർത്ത് പേരുറപ്പിച്ചു.  'ശരവണഭവൻ'. 1981  ഡിസംബർ 14-ന് ഹോട്ടൽ തുറന്നു പ്രവർത്തനമാരംഭിച്ചു. തന്റെ കൂടെ നിന്നവരെയെല്ലാം വേണ്ടപോലെ പരിഗണിച്ചു കൊണ്ടിരുന്ന രാജഗോപാലിനെ അവർ സ്നേഹപൂർവ്വം അണ്ണാച്ചി ( ചേട്ടൻ) എന്നുവിളിച്ചു. 

 

ജ്യോത്സ്യത്തിന്റെ രണ്ടാം  ഇടപെടൽ : 

രാജഗോപാലിന്റെ ആത്മകഥയുടെ പേര്  'വെട്രി മീത് ആസൈ വെപ്പേൻ എന്നാണ്. അതായത്, ഞാൻ വിജയം ആഗ്രഹിക്കുന്നവനാണ് എന്ന്. അതിൽ അദ്ദേഹം പറയുന്നുണ്ട്, എന്ത് ചെയ്യുന്നതിനുമുമ്പും തന്റെ ജ്യോത്സ്യനുമായി ഒരു ചർച്ച പതിവാണ് എന്ന്. അദ്ദേഹത്തിന്റെ ഉപദേശം കൂടാതെ യാതൊന്നും ചെയ്യില്ല എന്ന്. 

1972-ലായിരുന്നു ആദ്യ വിവാഹം. 1994-ൽ രാജഗോപാലിന് തന്റെ ജ്യോത്സ്യരുടെ അടുത്ത ഉപദേശം കിട്ടുന്നു. കച്ചവടം ഇനിയും അഭിവൃദ്ധിപ്പെടാൻ ഒരു വിവാഹം കൂടി കഴിക്കുന്നത് നന്നാവും  രോഗി ഇച്ഛിച്ചതും, വൈദ്യർ കല്പിച്ചതും ഒത്തുവന്നപോലെ ആയി.  അങ്ങനെ രാജഗോപാൽ ഒരു വിവാഹം കൂടി കഴിക്കുന്നു. ജ്യോതിഷി പറഞ്ഞതിൻപ്രകാരം തന്റെ ഒരു ജീവനക്കാരന്റെ തന്നെ മകളെ രണ്ടാം ഭാര്യയാക്കുന്നു രാജഗോപാൽ. ജ്യോത്സ്യന്റെ വാക്കുകളെ ശരിവെച്ചുകൊണ്ട് അതാ കച്ചവടത്തിലുള്ള ലാഭം ഇരട്ടിക്കുന്നു. അദ്ദേഹത്തിന് ജ്യോത്സ്യത്തിലുള്ള വിശ്വാസവും അതോടൊപ്പം ഇരട്ടിയാവുന്നു. രാജ്യത്താകമാനം മുപ്പത് ബ്രാഞ്ചുകൾ. അവയിൽ രണ്ടെണ്ണം ഡൽഹിയിൽ. ഇരുപതെണ്ണം ചെന്നൈയിൽ. വിദേശത്ത് പലേടത്തുമായി 47 എണ്ണം. ഒക്കെയും, തന്റെ ജ്യോതിഷിയുടെ ഉപദേശം പിന്തുടർന്നതിലുണ്ടായ സൗഭാഗ്യസിദ്ധിയായി രാജഗോപാൽ കണ്ടു. 


ജ്യോത്സ്യത്തിന്റെ മൂന്നാം ഇടപെടൽ : 

അഭ്യുദയത്തിന് ജ്യോതിഷി കഴിഞ്ഞവട്ടം നിർദേശിച്ച മാർഗം രാജഗോപാൽ 1999-ൽ അദ്ദേഹത്തിന്റെ തന്നെ നിർദ്ദേശത്തിൽ ഒരുവട്ടം കൂടി സ്വീകരിക്കാൻ തയ്യാറെടുത്തു. സ്ഥാപനത്തിന്റെ ചെന്നൈ ബ്രാഞ്ചിന്റെ മാനേജരുടെ പുത്രി ജീവജ്യോതിയെ വിവാഹം ചെയ്യണം. നേരത്തെ ഉണ്ടായതിന്റെ ഇരട്ടി ഉന്നമനം സാമ്പത്തികമായി ഉണ്ടാവും. 

അന്നവൾ സ്‌കൂളിൽ പഠിക്കുകയാണ്. എന്നാൽ, ആ കുട്ടി തന്റെ സഹോദരന്റെ ട്യൂഷൻ മാസ്റ്ററായ പ്രിൻസ് ശാന്തകുമാറുമായി പ്രണയത്തിലായിരുന്നു. 

ഈ ബന്ധം അറിഞ്ഞിട്ടും രാജഗോപാല്‍ വിവാഹ ആവശ്യത്തില്‍നിന്ന് പിന്മാറിയില്ല. പണവും സ്വര്‍ണവും കാഴ്ചവെച്ച് ജീവജ്യോതിയെയും കുടുംബത്തെയും പ്രലോഭിച്ചെങ്കിലും ജീവജ്യോതിയുടെ മനസ്സ് മാറിയില്ല. നിരന്തര പ്രശ്നത്തെ തുടര്‍ന്ന്  ജീവജ്യോതിയും പ്രിന്‍സും ഒളിച്ചോടി വിവാഹം കഴിച്ചു. അതോടെ അവസാനിക്കേണ്ട കഥയായിരുന്നു രാജഗോപാലിന് ജീവജ്യോതിയോടുള്ള താല്‍പര്യം. എന്നാല്‍, രാജഗോപാല്‍ ഇരുവരെയും വെറുതെവിട്ടില്ല.

പണവും അധികാരവും സ്വാധീനവും അയാളെ അന്ധനാക്കിയിരുന്നു. രാജഗോപാലിന്‍റെ ചാരന്മാര്‍ ജീവജ്യോതിയെയും പ്രിന്‍സിനെയും തേടി നാടുമുഴുവന്‍ പാഞ്ഞു. പകയെ അയാള്‍ വീണ്ടും പ്രലോഭനമാക്കി. ജീവജ്യോതിയെയും ഭര്‍ത്താവിനെയും അനുനയിപ്പിച്ച് കൂടെക്കൂട്ടി. ഇരുവര്‍ക്കും കച്ചവട സ്ഥാപനം തുടങ്ങാന്‍ ഒരുലക്ഷം രൂപ നല്‍കി. എന്നെങ്കിലും ജീവജ്യോതി തന്‍റേതാകുമെന്ന പ്രതീക്ഷയില്‍ രാജഗോപാല്‍ കാത്തിരുന്നു.  

എന്നാല്‍, രാജഗോപാലിന്‍റെ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ജീവജ്യോതി വഴങ്ങില്ലെന്ന് തീര്‍ച്ചയായതോടെ രാജഗോപാല്‍ തനിനിറം പുറത്തെടുത്തു. പ്രിന്‍സ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി. നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലായതോടെ ഇരുവരും നാടുവിട്ടു. രാജഗോപാലിന്‍റെ ഗുണ്ടകള്‍ ഇരുവരെയും വീണ്ടും പിടികൂടി ശരവണ ഭവന്‍ സ്റ്റോര്‍ റൂമില്‍ തടവിലാക്കി. ശാന്തകുമാറിനെ കൊല്ലാന്‍ മാനേജര്‍ ദാനിയേലിന് അഞ്ച് ലക്ഷം രൂപയാണ് രാജഗോപാല്‍ നല്‍കിയത്. ദാനിയേല്‍ അവിടെ ചെറിയൊരു കളി കളിച്ചു. അഞ്ച് ലക്ഷത്തില്‍നിന്ന് 5000 രൂപ പ്രിന്‍സിന് നല്‍കി മുംബൈയിലേക്ക് നാടുവിടാന്‍ പറഞ്ഞു. അങ്ങനെ പ്രിന്‍സിനെ കൊന്നെന്ന് വരുത്തി അയാള്‍ ബാക്കി തുക കൈക്കാലാക്കി. 

ജീവജ്യോതി പ്രിന്‍സിനോട് തിരികെ വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ വീണ്ടുമെത്തി. ഇരുവരും രാജഗോപാലിനെ പോയി കണ്ട് ജീവനായി അപേക്ഷിച്ചു. ചതി വെളിവാക്കിയ രാജഗോപാല്‍ ദാനിയേലിന് അന്ത്യശാസനം നല്‍കി. അങ്ങനെ, ദാനിയേൽ ശാന്തകുമാറിനെ കാറിൽ കയറ്റി കൊണ്ടുപോയി.ഭര്‍ത്താവ് പ്രിന്‍സ് ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയെന്ന് ജീവജ്യോതിയെ രാജഗോപാല്‍ തെറ്റിദ്ധരിപ്പിച്ചു. 

ജ്യോത്സ്യത്തിന്റെ നാലാം  ഇടപെടൽ 

 എല്ലാം മംഗളമാവാനും, ജീവജ്യോതി ഒക്കെ മറന്ന് രാജഗോപാലിനൊത്ത് ജീവിതം തുടങ്ങാനും അവളിൽ ഒരു വിധവാ പൂജ നടത്തണം എന്ന് ജ്യോത്സ്യൻ രാജഗോപാലിനെ ധരിപ്പിച്ചു. എന്നാൽ ജീവജ്യോതിയില്‍ വിധവാ പൂജ നടത്താനുള്ള ശ്രമം അവളില്‍ സംശയമുണര്‍ത്തി. തന്റെ ഭർത്താവിനെപ്പറ്റി അവർ നിരന്തരം അന്വേഷണങ്ങൾ നടത്തി. 

പിന്നീട് പോരാട്ടത്തിന്‍റെ കഥയായിരുന്നു. പൊലീസ് സ്റ്റേഷനിലും കോടതികളിലും ജീവജ്യോതി നടത്തിയ പോരാട്ടം ഒടുവില്‍ അവസാനിച്ചത് രാജഗോപാലിന്‍റെ മരണത്തിലാണ്. സംശയം തോന്നിയ ജീവജ്യോതി പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷണത്തില്‍ കൊടൈക്കനാലില്‍ കണ്ടെത്തിയ അ‍ജ്ഞാത ജഡം പ്രിന്‍സിന്‍റേതാണെന്ന് തെളിഞ്ഞു. മാനേജര്‍ ദാനിയേലും കൂട്ടാളികളും ആദ്യം പൊലീസില്‍ കീഴടങ്ങി. പിന്നീട്, രാജഗോപാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2001 ഒക്ടോബർ മൂന്നിന് കൊടൈക്കനാലില്‍ പ്രിന്‍സ് ശാന്തകുമാറിന്‍റെ മൃതദേഹം കണ്ടെത്തി.  

പ്രതികളെ കോടതി ശിക്ഷിച്ചെങ്കിലും മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങി. കേസ് ഇല്ലാതാക്കാന്‍ ജീവജ്യോതിയുടെ പിറകെ അനുനയവും ഭീഷണിയുമായി രാജഗോപാലും സംഘവും നടന്നെങ്കിലും അവര്‍ വഴങ്ങിയില്ല. ജാമ്യം നല്‍കിയതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് രംഗത്തിറങ്ങി. ഒടുവില്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായി രാജഗോപാൽ ജീവപര്യന്തമനുഭവിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാല്‍, ശിക്ഷ അനുഭവിക്കുന്ന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ പരിഗണിച്ചില്ല.  ഒടുവില്‍ ജൂലായ് ഒമ്പതിന് രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി.  ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മകന്‍റെ പരാതി പരിഗണിച്ച കോടതി രാജഗോപാലിനെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിച്ചു. 

ഒടുവിൽ തടവറയിൽ തേടിയെത്തിയ  മരണം 

വിശ്വാസം ഏതൊരു കഠിനാദ്ധ്വാനിക്കും ചിലപ്പോൾ കുറച്ചധികം ദൂരം സഞ്ചരിക്കാനുള്ള ഉൾക്കരുത്ത് നൽകും. അയാളുടെ ജീവിതത്തിൽ അച്ചടക്കവും, നിഷ്ഠയും, പ്രവൃത്തികളിൽ നിറഞ്ഞ സത്യസന്ധതയും പാലിക്കാൻ അതയാളെ പ്രേരിപ്പിച്ചേക്കും. എന്നാൽ, വിശ്വാസങ്ങളുടെ ഇടത്തേക്ക് അന്ധവിശ്വാസങ്ങൾ കയറിവരുമ്പോൾ, ജ്യോത്സ്യർ പറയുന്നത് അന്ധമായി പിന്തുടരാൻ ശ്രമിക്കുമ്പോൾ, അത് മറ്റുള്ളവരുടെ ജീവിതങ്ങളിൽ കരിനിഴൽ പടർത്തുമ്പോൾ, ചിലപ്പോൾ പ്രവചിച്ചപോലുള്ള ശുഭാന്ത്യമോ, അഭ്യുദയമോ ഒന്നുമായിരിക്കില്ല ജീവിതത്തിലേക്ക് കേറിവരിക എന്നതിന്റെ ഉത്തമമായ ഉദാഹരണമാണ് രാജഗോപാല്‍ ഒരു പെണ്‍കുട്ടിയുടെ ഒറ്റയാൾപോരാട്ടത്തിന് മുന്നിൽ കീഴടങ്ങി, ഒടുവിൽ  മരണത്തിന് കീഴടങ്ങിയിരിക്കുന്ന ശരവണ ഭവൻ രാജഗോപാൽ എന്ന ബിസിനസ്സ് ടൈക്കൂണിന്റെ ജീവിതം. 

click me!